അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്കലോനിയുടെ ചൂതാട്ടമാണ് സെമിഫൈനലില്‍ കണ്ടത്. സ്കലോനി ഇറക്കിയ പകരക്കാരൻ വിജയഗോൾ നേടിയപ്പോൾ, ഇംഗ്ലണ്ട് പരിശീലകന്‍ തോമസ് ടുഹേലിന്റെ പ്രതിരോധത്തിലൂന്നിയ മാറ്റം തിരിച്ചടിച്ചു.

അര്‍ജന്റീനയുടെ ലയണൽ സ്കലോനിയും ഇംഗ്ലണ്ടിന്റെ തോമസ് ടുഹേലും കളത്തിലിറക്കിയ പകരക്കാരായിരുന്നു മല്‍സരത്തിന്റെ ഗതി നിര്‍ണയിച്ചത്. 55-ാം മിനിറ്റിൽ ആന്തണി ഗോർഡനിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തിയപ്പോൾ, ആ ലീഡ് സംരക്ഷിക്കാനായിരുന്നു ടുഹേലിന്റെ ആദ്യ ശ്രമം. എസ്രി കോൻസയെ കളത്തിലിറക്കി പ്രതിരോധം അഞ്ചു പേരുടേതാക്കി മാറ്റി. 

ഗോർഡന്റെ ഗോളിനും ലൗട്ടാരോ മാർട്ടിനസിന്റെ വിജയഗോളിനും ഇടയിലുള്ള 37 മിനിറ്റിൽ വെറും 12% മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ ബോൾ പൊസഷൻ. കളിയുടെ അവസാന നിമിഷങ്ങളിൽ സ്വന്തം പെനാൽറ്റി ബോക്സില്‍ പ്രതിരോധിച്ചുനിൽക്കാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. എന്നാൽ, ഗോള്‍ വഴങ്ങിയ സാഹചര്യത്തെ സ്കലോനി കണ്ടത് മറ്റൊരു രീതിയിലായിരുന്നു. അർജന്റീനയെ കൂടുതല്‍ ആക്രമണകാരികളാക്കി ഇംഗ്ലണ്ടിന്റെ അതിജാഗ്രതയ്ക്ക് മറുപടി നല്‍കി. വിങ് ബാക്ക് നിക്കോളാസ് ടാഗ്ലിയാഫിക്കോയെ പിൻവലിച്ച് സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനസിനെ കളത്തിലിറക്കി. സ്കലോനിയുടെ നീക്കത്തിന് മുറതന്ത്രമൊരുക്കാന്‍ ടുഹേല്‍ ശ്രമിച്ചില്ല. അല്‍വാരസും മാര്‍ട്ടീനസും ബോക്സിനുള്ള സ്കലോനിയുടെ ഇരുതലവാളായപ്പോള്‍ ഇംഗ്ലണ്ടിന് ചെക്കുവച്ച് അര്‍ജന്റീന ഫൈനലിലേക്ക്.