ആ സെമി ഫൈനൽ ഒരു വേട്ടയായിരുന്നു. മൈതാനം വേട്ടക്കളമായിരുന്നു. അർജൻ്റീന വേട്ടയ്ക്കിറങ്ങിയപ്പോൾ മെസി മുന്നിൽ നിന്നു നയിച്ചു. ഇംഗ്ലണ്ട് അവിടെ ശത്രുവല്ലായിരുന്നു, ഇര മാത്രം. "വേട്ട അവസാനിച്ചുവെന്ന് ഇരകളെ വിശ്വസിപ്പിക്കുന്ന വേട്ടക്കാരനാണ് യഥാർത്ഥ ബുദ്ധിമാൻ." കാൽപ്പന്ത് കളിയിലെ ആ യഥാർത്ഥ ബുദ്ധിമാൻ താനാണെന്ന് ഫുട്ബോളിന്‍റെ മിശിഹാ സാക്ഷാൽ ലയണൽ മെസി ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു.
വേട്ടമൃഗം പക്ഷേ അടങ്ങിയിരുന്നില്ല. വേട്ടക്കാരൻ ശക്തനാണെന്നറിയാമായിരുന്നതുകൊണ്ട് പ്രതിരോധത്തിനപ്പുറം പ്രത്യാക്രമണമായിരുന്നു തന്ത്രം. അങ്ങനെ ആദ്യ വെടിയുതിർത്ത് ഇംഗ്ലണ്ട്; അലതല്ലി ആവേശം . ഇന്ത്യൻ സമയം പുലർച്ചെ 1:45. മത്സരത്തിന്റെ 55-ാം മിനിറ്റ് വരെ കാര്യങ്ങൾ ഇംഗ്ലണ്ടിന്‍റെ വരുതിയിലായിരുന്നു. വലതുപാർശ്വത്തിൽ നിന്ന് ഡെക്ലാൻ റൈസ് പാസ് നൽകുന്നു. മോർഗൻ റോജേഴ്സ് അത് ഏറ്റുവാങ്ങി അളന്നുമുറിച്ച ക്രോസ് താലത്തിലെന്നപോലെ നൽകുന്നു. ഇടതുവിങ്ങിലൂടെ പാഞ്ഞെത്തിയ ആന്തണി ഗോർഡൻ അർജന്‍റീന പ്രതിരോധത്തെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇംഗ്ലീഷ് ആരാധകരുടെ ക്യാമ്പുകളിൽ ആവേശം അലതല്ലി. കാലത്തിന്റെ പുൽമൈതാനങ്ങളിൽ 40 വർഷം മുൻപത്തെ ആ വലിയ 'പ്രതികാരത്തിന്റെ' കാവ്യനീതി പ്രതിഫലിക്കുകയാണെന്ന് അവർ വിശ്വസിച്ചു. അതോ അവരുടെ മനസ്സിൽ തെളിഞ്ഞത് 1982-ലെ ഫോക് ലാൻഡ് യുദ്ധമോ.
സ്കലോണിയുടെ മാസ്റ്റർസ്ട്രോക്ക്
ഗോൾ വീണതോടെ കോച്ച് ലയണൽ സ്കലോണിയുടെ തന്ത്രങ്ങൾക്ക് മൂർച്ചയേറി.ഗിയർ മാറ്റി അർജന്‍റീന. തോൽവി സമ്മതിക്കാൻ ഒരിക്കലും തയ്യാറാവാത്ത പോരാളികളുടെ സംഘമായിരുന്നു അത്. .തുടരെ ആക്രമണങ്ങളുടെ തിരമാലകൾ ഇംഗ്ലീഷ് ഗോൾമുഖത്തേക്ക് ആഞ്ഞടിച്ചു. 64-ാം മിനിറ്റിൽ അതൊരു സുനാമിയായി മാറി. മിഡ്ഫീൽഡർ ലിയാൻഡ്രോ പരെഡസിനെ പിൻവലിച്ച് നിക്കോ ഗോൺസാലസിനെ കളത്തിലിറക്കി. തൊട്ടുപിന്നാലെ നിക്കോളാസ് ഓട്ടമെൻഡിയും റോഡ്രിഗോ ഡി പോളും ബൂട്ടുകെട്ടിയിറങ്ങി.അപായം മണത്ത ഇംഗ്ലണ്ട് പൂർണ്ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു
ഗോൾനേടിയ ആന്തണി ഗോർഡനെ പിൻവലിച്ച് പ്രതിരോധ താരം കൊൻസയെ അവർ കളത്തിലിറക്കി.പക്ഷേ കോട്ടകൾ മെസ്സിക്കു മുന്നിൽ ഒരിക്കലും ഉറച്ചുനിന്നിട്ടില്ല. സമനിലയ്ക്കായി അർജന്‍റീന നടത്തിയ നിരന്തര പരിശ്രമങ്ങൾക്ക് 85-ാം മിനിറ്റിൽ ഫലം ലഭിച്ചു. നായകൻ നൽകിയ ആയുധം അനുയായികൾ ഏറ്റുവാങ്ങി മൂർച്ച കൂട്ടി ഉപയോഗിക്കുന്നതുപോലെയായിരുന്നു പിന്നെയുള്ള നീക്കങ്ങൾ. ബോക്സിന് തൊട്ടുപുറത്തുനിന്നും 24-ാം നമ്പറുകാരൻ എൻസോ ഫെർണാണ്ടസ് തന്‍റെ വലംകാലൻ ബുള്ളറ്റ് ഷോട്ടിലൂടെ ഇംഗ്ലീഷ് വലയിലെത്തിച്ചു. സ്കോർ 1-1.
ക്ലൈമാക്സിലെ മെസി മാജിക്
മത്സരം അധികസമയത്തേക്ക് നീളുമെന്ന് പലരും ഉറപ്പിച്ചു. രണ്ടാം പകുതിക്ക് ശേഷം റഫറി അനുവദിച്ചത് ഒൻപത് മിനിറ്റ് ഇൻജുറി ടൈം.. ആ സമയം വിലപ്പെട്ടതായിരുന്നു. രണ്ടാം മിനിറ്റിൽ വീണ്ടും ആ മാന്ത്രിക സ്പർശം. മെസി ബോക്സിലേക്ക് ഉയർത്തി നൽകിയ മനോഹരമായ ക്രോസിലേക്ക് കുതിച്ചുചാടി ലൊതാരോ മാർട്ടിനസിന്‍റെ ബുള്ളറ്റ് ഹെഡർ! ഇംഗ്ലീഷ് മോഹങ്ങൾ ചിതറിവീണു. പിന്നിൽ നിന്ന ശേഷമുള്ള ആവേശകരമായ ഒരു ഇതിഹാസ തിരിച്ചുവരവ്.
The GOAT: കിരീടമില്ലാത്ത രാജാവല്ല, കിരീടങ്ങളുടെ രാജാവ്. ആ മുപ്പത്തൊൻപതുകാരൻ ഇരുകൈകളം ആകാശത്തേയ്ക്ക് ഉയർത്തിനിൽക്കുന്നു. എട്ടു ഗോൾ. നാല് അസിസ്റ്റ്.
ഒരു രാജ്യത്തെ 8 തവണ ഫൈനലുകളിലെത്തിച്ച ചരിത്രത്തിലെ ഒരേയൊരു ക്യാപ്റ്റൻ - ദി വൺ ആൻഡ് ഒൺലി ലയണൽ മെസി. ആരോ അദ്ദേഹത്തെ കിരീടമില്ലാത്ത രാജാവ് എന്ന് വിളിച്ചിരുന്നു. അത് തെറ്റാണെന്ന് മെസി തെളിയിക്കുന്നു. തങ്ങൾ രാജാവിനെ കിരീടമണിയിക്കുന്നു ഒരു രാജ്യം ഒന്നിച്ചു വിളിച്ചുവിളിച്ചു പറഞ്ഞു. ആ രാജാവിൻ്റെ വേട്ട അവസാനിക്കുന്നില്ല.സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സ്വന്തമായി ഗോളടിച്ചില്ലെങ്കിലും, പിറന്ന രണ്ട് ഗോളുകൾക്ക് പിന്നിലും ആ 39-കാരന്‍റെ ഇടതുകാലിന്‍റെ മാന്ത്രിക സ്പർശമുണ്ടായിരുന്നു. ടൂർണമെന്‍റെിലുടനീളം എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി ലോകകപ്പിലെ ഗോൾഡൻ ബോളും മെസി ഉറപ്പിച്ചു കഴിഞ്ഞു. അതെ, യഥാർത്ഥ ഗോട്ട് (GOAT) താൻ തന്നെയാണെന്ന് അദ്ദേഹം വീണ്ടും അടിവരയിടുന്നു