ഒരിക്കലും വിട്ടുകൊടുക്കാത്ത പോരാട്ടവീര്യം വീണ്ടും തെളിയിക്കുന്നതായിരുന്നു അർജന്റീനയുടെ ജയം. ലീഡ് നേടിയ ശേഷം ഇംഗ്ലണ്ട് സ്വീകരിച്ച അമിതമായ പ്രതിരോധ തന്ത്രവും അര്‍ജന്റീന മുതലെടുത്തു.
കടുത്ത സമ്മർദഘട്ടങ്ങളിൽ തങ്ങൾ എന്തുകൊണ്ട് മികച്ചവരാകുന്നു എന്ന് ഒരിക്കല്‍കൂടി അര്‍ജന്റീന കാണിച്ചുതന്നു. മല്‍സരത്തിലാദ്യം മുന്നിലെത്തിയ ഇംഗ്ലണ്ട് രണ്ടാം ഗോളിനായി ശ്രമിക്കുന്നതിന് പകരം, പ്രതിരോധത്തിന് ഊന്നൽ നൽകി. ഗോളടിച്ച ഗോർഡനെ പിൻവലിച്ച് പ്രതിരോധതാരം എസ്റി കോൻസയെ കളത്തിലിറക്കി. ഈ മാറ്റം ഇംഗ്ലണ്ടിന്റെ പ്രതിരോധം ശക്തിപ്പെടുത്തിയെങ്കിലും കൗണ്ടർ അറ്റാക്ക് സാധ്യത ഇല്ലാതാക്കി. ഇതോടെ പന്തിനുമേല്‍ ആധിപത്യം നേടാനും ഇംഗ്ലണ്ടിനെ അവരുടെ പകുതിയിലേക്ക് ഒതുക്കാനും അർജന്റീനയ്ക്ക് കഴിഞ്ഞു. ആ നിമിഷം മുതൽ അത് ജോർദൻ പിക്ക്‌ഫോർഡിന്റെ ഒറ്റയാൾ പ്രകടനമായി മാറി.
അർജന്റീന ആക്രമണങ്ങളുടെ തിരമാലകൾ തന്നെ സൃഷ്ടിച്ചപ്പോൾ, ലയണൽ മെസ്സി, ഹൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ് എന്നിവരുടെയെല്ലാം ഗോളെന്നുറച്ച ശ്രമങ്ങൾ തടഞ്ഞ് ഇംഗ്ലീഷ് ഗോൾകീപ്പർ വൻമതിലായി നിന്നു. ഒടുവില്‍ പ്രതീക്ഷിച്ചപോലെ അർജന്റീനയുടെ നിരന്തര സമ്മർദത്തിനു മുന്നിൽ ഇംഗ്ലണ്ടിന്റെ പ്രതിരോധം തകർന്നു. എന്‍സോ ഫെര്‍ണാണ്ടസിന്റെ ലോങ് റേഞ്ചർ ഷോട്ട് കളിയുടെ ഗതി പൂർണമായും അർജന്റീനയ്ക്ക് അനുകൂലമാക്കി. സമനില ഗോളിന്റെ ഞെട്ടലിൽ നിന്ന് ഇംഗ്ലണ്ട് മുക്തരാകും മുൻപേ അർജന്റീന വിജയഗോൾ നേടി.