Argentina's Lionel Messi (10) reacts after their win in the World Cup semifinal soccer match between England and Argentina in Atlanta, Wednesday, July 15, 2026. (AP Photo/Jacob Kupferman)
ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫൈനലില്‍ കടന്നതിന് പിന്നാലെ അര്‍ജന്‍റീനയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് സൂപ്പര്‍താരം ലയണല്‍ മെസി. ആളുകള്‍ സൗകര്യമുള്ളതെല്ലാം പറഞ്ഞോട്ടെ, അതൊന്നും അര്‍ജന്‍റീന ടീം കാര്യമാക്കുന്നില്ലെന്നും കളിച്ച് ജയിച്ചാണ് ഇതുവരെ എത്തിയതെന്നും മെസി അര്‍ജന്‍റൈന്‍ മാധ്യമത്തോട് പറഞ്ഞു. ' ആരും ഒന്നും സൗജന്യമായി തന്നിട്ടല്ല അര്‍ജന്‍റീന ഇവിടം വരെ എത്തിയതെന്ന് ഞങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ആളുകള്‍ സൗകര്യമുള്ളത് പറഞ്ഞോട്ടെ. സംശയത്തിന്‍റെയും ആക്ഷേപങ്ങളുടെ നിഴലിലായിരുന്നു ഞങ്ങള്‍. പക്ഷേ ഈ ടീമിനെ എനിക്കറിയാം. ഞങ്ങളുടെ കഴിവെന്തെന്ന് അറിയാം. അവസാന നാലില്‍ ഞങ്ങള്‍ ഇടം പിടിക്കുമെന്ന് എനിക്ക് തീര്‍ച്ചയായിരുന്നു. ടോപ് ടുവില്‍ എത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്'- മെസി തുറന്നടിച്ചു.
പലവിധത്തിലുള്ള ആരോപണങ്ങള്‍ നേരിട്ടുവെന്നും അസംബന്ധം ആളുകള്‍ പറഞ്ഞു പരത്തിയെന്നും മെസി പറഞ്ഞു. 'ഇംഗ്ലണ്ടിനോട് ഞങ്ങള്‍ തോറ്റിരുന്നുവെങ്കില്‍ ആളുകള്‍ വീണ്ടും പല അസംബന്ധങ്ങളും പറഞ്ഞേനെ. പക്ഷേ അതിന് ഞങ്ങള്‍ അവസരം നല്‍കിയില്ല. ഭാഗ്യം ഞങ്ങള്‍ക്കൊപ്പമായിരുന്നു. ഞങ്ങള്‍ കളിച്ചു, ജയിച്ചു, എല്ലാ അര്‍ഥത്തിലും. ഫുട്ബോള്‍ വച്ച് നോക്കിയാല്‍ ഞങ്ങള്‍ എതിരാളികളെക്കാള്‍ മികച്ചവരാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ചരിത്രപരമായ പ്രാധാന്യം കൂടി ഈ മല്‍സരത്തിനുണ്ട്. എല്ലാ അര്‍ഥത്തിലും സ്പെഷല്‍ ആയ മല്‍സരമാണത്. അത് ജയിച്ചു വരണമെന്ന് ഞങ്ങള്‍ ഉറപ്പിച്ചിരുന്നു'- മെസി കൂട്ടിച്ചേര്‍ത്തു.
ജയം മറഡോണയ്ക്ക് സമര്‍പ്പിക്കുന്നതായും അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് സന്തോഷിക്കുന്നുവെന്നും മെസി പറഞ്ഞു. 40 വര്‍ഷം മുന്‍പ് നടന്ന ഇംഗ്ലണ്ട്–അര്‍ജന്‍റീന മല്‍സരത്തില്‍ മറഡോണയുടെ ഗോളുകളാണ് അര്‍ജന്‍റീനയ്ക്ക് ജയം സമ്മാനിച്ചത്. വിവാദമായി മാറിയ 'ദൈവത്തിന്‍റെ കരസ്പര്‍ശമുള്ള' ഗോളും 'നൂറ്റാണ്ടിന്‍റെ ഗോളും' പിറന്ന ദിവസമായിരുന്നു അന്ന്. അന്യായമായി നേടിയ ജയമെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് അര്‍ജന്‍റീനയ്ക്കായി നേടിയ ജയമാണെന്നും തന്‍റെ പ്രതികാരമാണെന്നുമായിരുന്നു ഫോക്ലന്‍ഡ് യുദ്ധത്തെ പരാമര്‍ശിച്ച മറഡോണയുടെ മറുപടി.
'ഒരു സംശയവുമില്ല, സ്വര്‍ഗത്തിലിരുന്ന് അദ്ദേഹം ഈ ജയം ആസ്വദിക്കുന്നുണ്ടാകും. ഇന്ന് അദ്ദേഹത്തിനും സ്പെഷല്‍ ദിവസമാണ്. ആ സന്തോഷം അദ്ദേഹത്തിന് ഇന്നേ ദിനം നല്‍കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്' - മെസി പറഞ്ഞു. എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമാണ് ഈ ലോകകപ്പില്‍ മെസിയുടെ സമ്പാദ്യം.