Soccer Football - FIFA World Cup 2026 - Semi Final - England v Argentina - Atlanta Stadium, Atlanta, Georgia, U.S. - July 15, 2026 England's Elliot Anderson reacts after being shown a yellow card by referee Ismail Elfath as England and Argentina players clash REUTERS/Carlos Barria
2–1ന് ഇംഗ്ലണ്ടിന്‍റെ ഹൃദയം തകര്‍ത്ത് ഫൈനലില്‍ കടന്ന അര്‍ജന്‍റീനയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. കളിയുടെ പലഘട്ടങ്ങളിലും അര്‍ജന്‍റീനയ്ക്ക് അനുകൂലമായി റഫറി തീരുമാനമെടുത്തുവെന്ന് എന്‍സോ ഫെര്‍ണാണ്ടസിന്‍റെ ടാക്കിള്‍ വിഡിയോ സഹിതം ഇംഗ്ലണ്ട് ആരാധകര്‍ ആരോപിക്കുന്നു. ഇംഗ്ലണ്ടിനെ അപേക്ഷിച്ച് അര്‍ജന്‍റീനയ്ക്കാണ് യെലോ കാര്‍ഡുകള്‍ കൂടുതല്‍ ലഭിച്ചതെങ്കിലും അര്‍ജന്‍റീന വരുത്തിയ പല പിഴവുകളും റഫറി കണ്ടില്ലെന്ന് നടിച്ചുവെന്നാണ് ആക്ഷേപം. എലിയട്ട് ആന്‍ഡേഴ്സണെ എന്‍സോ ഫെര്‍ണാണ്ടസ് ടാക്കിള്‍ ചെയ്തത് കണ്ടിട്ടും റഫറി കാര്‍ഡ് നല്‍കാത്തതാണ് ആദ്യ വിവാദം. അര്‍ജന്‍റീനയുടെ സമനില ഗോളിലാണ് രണ്ടാം വിവാദം.
എന്‍സോ ഫെര്‍ണാണ്ടസിന് ഗോളടിക്കാന്‍ അവസരമൊരുക്കുമ്പോള്‍ മെസി ഓഫ് സൈഡ് ആയിരുന്നുവെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ജെഡിനെ ഇന്‍ജറി ടൈമില്‍ മെസി ഫൗള്‍ ചെയ്തതും ശരിയായില്ലെന്നും ചിലര്‍ ആരോപിച്ചു. ലൗട്ടാരോ മാര്‍ട്ടിനസിന്‍റെ ഗോളിനുള്ള ബില്‍ഡപ്പിലാണ് സ്പെന്‍സറെ മെസി ഫൗള്‍ ചെയ്തത്.
ചിരവൈരികള്‍ അറ്റ്ലാന്‍റയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇതുവരെ ലോകകപ്പില്‍ നടന്നതില്‍ ഏറ്റവും റിസ്കേറിയ മല്‍സരമെന്നാണ് എഫ്ബിഐ പോലും റിപ്പോര്‍ട്ട് നല്‍കിയത്. കളിയില്‍ ആദ്യം ഇംഗ്ലണ്ട് ആധിപത്യം പുലര്‍ത്തിയപ്പോള്‍ ലോകചാംപ്യന്‍മാര്‍ സെമിയില്‍ തോറ്റ് പുറത്താകുമെന്ന് കരുതിയവര്‍ ഏറെയാണ്. ആദ്യ പകുതിയില്‍ പറയത്തക്ക അവസരങ്ങളുമുണ്ടായില്ല. 55–ാം മിനിറ്റിലാണ് ഇംഗ്ലണ്ട് ഗോളടിച്ചത്. ബില്‍ഡപില്‍ ഹാരി കെയ്ന്‍റെ സാന്നിധ്യം, പന്ത് വലത് വശത്ത് കൂടെ മോര്‍ഗന്‍ റോജേഴ്സിലേക്ക് അവിടെ നിന്നും പോസ്റ്റിലേക്ക് ആന്തണി ഗോര്‍ഡന്‍റെ ലോ ക്രോസ്...ഇംഗ്ലീഷ് ആരാധകര്‍ ആര്‍ത്തു വിളിച്ചു.
പക്ഷേ ഈജിപ്തിനെതിരെ ഇതേ സ്റ്റേഡിയത്തില്‍ 2–0ത്തിന് പിന്നില്‍ നിന്ന ശേഷം തിരിച്ചു വന്ന അര്‍ജന്‍റീന പിന്‍മാറാന്‍ ഒരുക്കമല്ലായിരുന്നു. സമനില പിടിച്ചതിന് പിന്നാലെ ഇന്‍ജറി ടൈമില്‍ ലൗട്ടാരോ മാര്‍ട്ടിനസ് കൂടി ഗോള്‍ നേടിയതോടെ ഇംഗ്ലണ്ടിന്‍റെ പതനം പൂര്‍ണം. ഫൈനലില്‍ സ്പെയിന്‍ – അര്‍ജന്‍റീന പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.