argentina-win

ആരാധകരുടെ നെഞ്ചിടിപ്പേറ്റിയ ശേഷം ത്രില്ലർ പോരാട്ടത്തിൽ ഫുട്ബോള്‍ ലോകകപ്പിന്‍റെ ഫൈനൽ ബെ‌ർത്ത് ഉറപ്പിച്ച് അർജന്റീന. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് അര്‍ജന്‍റീനയുടെ ജയം. 85-ാം മിനിറ്റില്‍ എൻസോ ഫെർണാണ്ടസും ഇഞ്ചുറി ടൈമില്‍ ലൊതാരോ മാർട്ടിനസും അര്‍ജന്‍റീനയ്ക്കായി ഗോള്‍ നേടി. 55–ാം മിനിറ്റിൽ ആന്തണി ഗോർഡനാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. 20 ന് പുലർച്ചെ 12.30 ന് നടക്കുന്ന ഫൈനലില്‍ അര്‍ജന്‍റീന മുൻ ലോകചാംപ്യന്മാരായ സ്പെയിനിനെ നേരിടും.

ഇംഗ്ലണ്ട് ലീഡെ‌‌ടുത്തതിന് പിന്നാലെ അര്‍ജന്‍റീന തുടര്‍ച്ചയായ അറ്റാക്കിങ് നടത്തി.  69–ാം മിനിറ്റിൽ പകരക്കാരനായെത്തിയ നിക്കോ ഗോൺസാലസ് ഹെഡറിലൂടെ അർജന്റീന ഗോളിനരികിലെത്തിയെങ്കിലും ഇംഗ്ലണ്ടിന്‍റെ ഗോളി ജോർദാൻ പിക്ഫോ‍ഡ് മികച്ച സേവിലൂടെ പന്ത് കയ്യിലാക്കി. 85-ാം മിനിറ്റില്‍ വന്ന ലോങ് ബോളില്‍ നിക്കോ ഗോൺസാലസ് ഹെഡ് ഗോളിന് ശ്രമിച്ചെങ്കിലും പന്ത് നേരിയ വ്യത്യാസത്തിൽ പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തേക്ക് പോയി. 

ഇംഗ്ലണ്ട് പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ അര്‍ജന്‍റീനയുടെ ഭാഗത്ത് നിന്നും കൂടുതല്‍ അറ്റാക്കുകള്‍ വന്നു. ഗോളിടിയില്‍ നിന്നും മാറി ഗോളവസരമുണ്ടാക്കാനാണ് സെമയില്‍ മെസി ശ്രമിച്ചത്. 85–ാം മിനിറ്റില്‍ മെസിയുടെ അസിസ്റ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. മെസി നൽകിയ പന്തിൽ ബോക്സിനു മുന്നിൽ മധ്യഭാഗത്തുനിന്ന് എൻസോ ഫെർണാണ്ടസിന്റെ നെടുനീളൻ ഷോട്ട് വലകുലുക്കി. ഇന്‍ജറി ടൈമില്‍ ലൊതാരോ മാർട്ടിനസാണ് അര്‍ജന്‍റീനയുടെ വിജയ ഗോള്‍ നേടിയത്. ഇൻജറി ടൈമിന്റെ രണ്ടാം മിനിറ്റിൽ മെസി നൽകിയ ക്രോസിൽ നിന്നാണ് ഗോള്‍ പിറന്നത്. 

മുന്നേറ്റത്തിനൊപ്പം ഫൗളുകളും നിറഞ്ഞതായിരുന്നു ആദ്യ പകുതി. ഇരു ടീമുകള്‍ക്കും ഓരോ മഞ്ഞ കാര്‍ഡ് ആദ്യ പകുതിയില്‍ തന്നെ ലഭിച്ചു.  രണ്ടാം മിനിറ്റിൽ തന്നെ ഫൗള്‍ തുടങ്ങി. ലിയാൻഡ്രോ പെരെഡസ് ജൂഡ് ബെല്ലിങ്ങാമിനെ ഫൗള്‍ ചെയ്തതിന് ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. പിന്നാലെ എൻസോ ഫെർണാണ്ടസ് ആൻഡേഴ്സനെയും ഫൗൾ ചെയ്തു. 20-ാം മിനിറ്റില്‍ റീസ് ജെയിംസിലൂടെ നടത്തിയ മുന്നേറ്റം പോസ്റ്റുവരെ എത്തിയെങ്കിലും എമിലിയാനോ മാർട്ടിനെസ് രക്ഷപ്പെടുത്തി. പിന്നാലെ  മെസ്സിക്ക് ബോക്സിൽ വച്ച് പന്തു ലഭിച്ചെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. ഹൈഡ്രേഷന്‍ ബ്രേക്കിന് തൊട്ടുമുന്‍പ് അർജന്റീനയ്ക്ക് അനുകൂലമായി കോർണർ ലഭിച്ചെങ്കിലും സിമിയോണിയുടെ ഫൗളില്‍ അവസരം നഷ്ടമായി.

60 വര്‍ഷത്തിനു ശേഷം കിരീടമെന്ന ഇംഗ്ലണ്ട‌് മോഹമാണ് സെമിയില്‍ അവസാനിച്ചത്. മത്സരത്തിന്‍റെ ഭൂരിഭാഗം സമയവും മികച്ച കളിയാണ് പുറത്തെടുത്തതെന്നും ലീഡ് നിലനിർത്താൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ലെന്നും മത്സരശേഷം ഹാരി കെയ്ൻ പറഞ്ഞു. ഖത്തര്‍ ലോകകപ്പ് ചാംപ്യന്മാരായ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ലോകകപ്പ് ഫൈനലാണിത്. യൂറോ ചാംപ്യന്മാരായ സ്പെയിനാണ് ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളി. ഒരു ടീമിനെ രണ്ട് ഫിഫ ലോകകപ്പ് ഫൈനലുകളിലേക്ക് നയിക്കുന്ന ഏഴാമത്തെ കോച്ചായി ലയണൽ സ്കലോണി മാറി. 2022-ൽ ടീം കിരീടം നേടുമ്പോഴും  സ്കലോണിയായിരുന്നു കോച്ച്. 

ENGLISH SUMMARY:

Argentina has secured a dramatic 2-1 comeback victory over England to book their place in the World Cup final. Despite trailing early in the second half to an Anthony Gordon strike, the defending champions showcased their resilience to overturn the deficit. Two crucial goals completed the stunning turnaround, shattering England's dream of ending their 60-year trophy drought. With this thrilling win, Argentina stands just one step away from retaining their coveted World Cup crown.