സെമിഫൈനല്‍ മല്‍സരത്തിന് ശേഷം മൈതാനത്ത് ഇംഗ്ലണ്ട്– അര്‍ജന്‍റീന താരങ്ങള്‍ നേര്‍ക്കുനേര്‍. ഫൈനല്‍ വിസിലിന് ശേഷം അർജന്റീനിയൻ ടീമിന്‍റെ വിജയാഘോഷത്തിനിടെ വാലന്റീൻ ബാർകോയെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാം അടിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. പിന്നാലെ അര്‍ജന്‍റീനന്‍ താരങ്ങള്‍ ബെല്ലിങ്ങാമിനെ പിടിച്ചു തള്ളിയെങ്കിലും ഇരുടീമിലെയും താരങ്ങള്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
അർജന്റീനിയൻ ടീമിന്‍റെ ആഘോഷത്തിനിടെ തിരിഞ്ഞു നില്‍ക്കുകയായിരുന്നു ബാർകോയുടെ തലയ്ക്ക് പിന്നിലാണ് ബെല്ലിങ്ങാം അടിച്ചത്. ബെല്ലിങ്ങാമിന് നേരെ തിരിഞ്ഞ ബാര്‍കോ താരത്തെ പിടിച്ചുതള്ളി. ഇതിനിടെ എത്തിയ എക്സെക്വൽ പലാസിയോസും ബെല്ലിങ്ങാമിനെ തള്ളിയതോടെ കൂടുതല്‍ ഇംഗ്ലണ്ട് താരങ്ങളെത്തി രംഗം ശാന്താമാക്കുകയായിരുന്നു. മല്‍സരത്തിന്‍റെ അവസാന സമയത്ത് ലയണൽ മെസിയെ ഫൗൾ ചെയ്തതിനും ബെല്ലിങ്ങാം അര്‍ജന്‍റീനന്‍ താരങ്ങളുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. മെസിയെ ഫൗൾ ചെയ്ത ശേഷം അദ്ദേഹം അഭിനയിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ബെല്ലിങ്ങാമിന്‍റെ തര്‍ക്കം.
മല്‍സരത്തിന്‍റെ തുടക്കം മുതല്‍ ഫൗളുകളും തുടങ്ങിയിരുന്നു. രണ്ടാം മിനിറ്റിൽ ലിയാൻഡ്രോ പെരെഡസ് ജൂഡ് ബെല്ലിങ്ങാമിനെ ഫൗള്‍ ചെയ്തതിന് ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. പിന്നാലെ എൻസോ ഫെർണാണ്ടസ് ആൻഡേഴ്സനെയും ഫൗൾ ചെയ്തു. ഇരു ടീമുകള്‍ക്കും ഓരോ മഞ്ഞ കാര്‍ഡ് ആദ്യ പകുതിയില്‍ തന്നെ ലഭിച്ചു. 26 ഫൗളുകളാണ് മല്‍സരത്തിലാകെ ഉണ്ടായത്. ഇതില്‍ 15 അര്‍ജന്‍റീനയുടെ വകയും 11 ഇംഗ്ലണ്ടിന്‍റെ ഭാഗത്ത് നിന്നുമായിരുന്നു. മല്‍സരത്തില്‍ അര്‍ജന്‍റീനന്‍ താരങ്ങള്‍ക്ക് മൂന്നും ഇംഗ്ലണ്ടിന് ഒരു മഞ്ഞ കാര്‍ഡും ലഭിച്ചു.