Argentina's players hold a banner reading "The Malvinas (Falkland Islands) belong to Argentina," after winning the 2026 World Cup football tournament semi-final match between England and Argentina at the Atlanta Stadium in Atlanta on July 15, 2026. (Photo by Paul ELLIS / AFP)

അതിവൈകാരികമായ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന് പിന്നാലെ 'ഫോക്​ലന്‍ഡ്' ബാനര്‍ ഉയര്‍ത്തി അര്‍ജന്‍റീന ടീമിന്‍റെ ആഘോഷം. ഗ്രൗണ്ടിലിറങ്ങിയുള്ള രാഷ്ട്രീയം കലര്‍ത്തിയ ആഘോഷം വലിയ വിവാദത്തിനാണ് വഴിവച്ചിരിക്കുന്നത്. മാല്‍വിനാ അര്‍ജന്റീനയുടേതാണ് എന്ന് എഴുതിയ ബാനറാണ് താരങ്ങള്‍ ഗ്രൗണ്ടില്‍ ഉയര്‍ത്തിയത്. ഫോക്‌ലാന്‍ഡ് ദ്വീപുകള്‍ക്ക് മേല്‍ അര്‍ജന്‍റീനയുടെ അവകാശം പറയുന്നതായിരുന്നു ബാനര്‍. ലൊ സെല്‍സോ, നിക്കൊളാ ഒട്ടൊമന്‍ഡി എന്നിവരാണ് ആരാധകരില്‍ നിന്നും ബാനര്‍ വാങ്ങി ഗ്രൗണ്ടിലെത്തിയത്. 

ഫിഫയുടെ ചട്ടങ്ങള്‍ക്കെതിരാണ് അര്‍ജന്‍റീനയുടെ പെരുമാറ്റമെന്നും നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. രാഷ്ട്രീയ പതാകകള്‍, മുദ്രാവാക്യങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിന് കര്‍ശന വിലക്കാണ് ഫിഫ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ' ഗ്രൗണ്ടില്‍ ഉയര്‍ത്തുന്ന ബാനറുകളും ചിഹ്നങ്ങളും ഏതെങ്കിലും രാഷ്ട്രീയ, മത ചായ്​വുള്ളതോ, വ്യക്തിപരമായ മുദ്രാവാക്യങ്ങളോ,പ്രസ്താവനകളോ, ചിത്രങ്ങളോ, ലോഗോയല്ലാത്ത പരസ്യങ്ങളോ പാടില്ല. അങ്ങനെയുണ്ടായാല്‍, കളിക്കാരനെ/ ടീമിനെ  സംഘാടകര്‍, ദേശീയ ഫുട്ബോള്‍ അസോസിയേഷന്‍, ഫിഫ എന്നിവ വിലക്കുന്നതാണ്'- എന്നാണ് നിയമാവലിയില്‍ പറയുന്നത്. 

വിവാദ ആഘോഷം സമൂഹമാധ്യമമായ എക്സില്‍ അര്‍ജന്‍റീനയുടെ വൈസ് പ്രസിഡന്‍റ് വിക്ടോറിയ വില്ലാറുലും പങ്കുവച്ചു. 'ഫോക്​ലന്‍ഡ് അര്‍ജന്‍റീനയുടേതാണ്. സ്റ്റേഡിയത്തില്‍ അത് കൊണ്ടുവരരുതെന്ന് അവര്‍ പറഞ്ഞു. പക്ഷേ അത് ഞങ്ങളുടെ രക്തത്തിലും ഹൃദയത്തിലുമാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അവര്‍ മറന്നുപോയി' എന്നായിരുന്നു വിക്ടോറിയയുടെ പോസ്റ്റ്. 

എന്താണ് ഫോക്​ലന്‍ഡ് വിവാദം?

ലാസ് മാല്‍വനാസ് എന്നാണ് ഫോക്​ലന്‍ഡ് ദ്വീപുകളെ അര്‍ജന്‍റീന വിളിക്കുന്നത്. ബ്രിട്ടീഷ് അധീന ദ്വീപായ ഫോക്​ലന്‍ഡ് അര്‍ജന്‍റീനയ്ക്ക് 480 കിലോമീറ്റര്‍ കിഴക്കായാണ് കിടക്കുന്നത്. ദ്വീപിന്‍റെ പരമാധികാരത്തെ ചുറ്റിപ്പറ്റി നൂറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുണ്ട്. 1774 ല്‍ ദ്വീപ് തങ്ങളുടേതാണെന്ന് ബ്രിട്ടന്‍ അവകാശപ്പെടുകയും 1832 ല്‍ പ്രദേശത്ത് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. 1982 ല്‍ അര്‍ജന്‍റീനയുടെ സൈന്യം ദ്വീപ് പിടിച്ചടക്കിയതോടെ ഫോക്​ലന്‍ഡ് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഏപ്രില്‍ രണ്ട് മുതല്‍ ജൂണ്‍ 14 വരെ യുദ്ധം നീണ്ടു. 649 അര്‍ജന്‍റൈന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. 255 ബ്രിട്ടീഷ് പട്ടാളക്കാരും മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടു. യുദ്ധത്തിന് നാല് വര്‍ഷം കഴിഞ്ഞ് 1986 ല്‍ ഇംഗ്ലണ്ടുമായി നടന്ന ഫുട്ബോള്‍ മല്‍സരത്തില്‍ ജയിച്ച ശേഷം ഇത് അര്‍ജന്‍റീനയുടെ പ്രതികാരമെന്നായിരുന്നു മറഡോണ പ്രതികരിച്ചത്. ഇതോടെ മല്‍സരത്തിന് രാഷ്ട്രീയ മാനവും വന്നു. 

ENGLISH SUMMARY:

Argentina’s historic 2-1 victory over England in the World Cup 2026 semi-final has been marred by controversy after players displayed a "Malvinas are Argentina" banner on the pitch. Players Lo Celso and Nicolás Otamendi brought the banner, which asserts Argentine sovereignty over the British-held Falkland Islands, into the stadium during celebrations. The display has sparked intense debate, with critics and observers calling for FIFA to intervene, as the governing body strictly prohibits political slogans, symbols, or statements during matches. Under FIFA’s disciplinary code, such actions can lead to severe sanctions against individual players or the national football association. The act has drawn international attention, further fueled by Argentine Vice President Victoria Villarruel’s public support for the banner on social media. This incident revives deep-seated historical tensions rooted in the 1982 Falklands War, once again blurring the lines between football rivalry and geopolitical conflict. As the tournament moves toward the final, the focus has shifted from the pitch to the disciplinary proceedings currently being weighed by football authorities.