റൊണാള്‍ഡോയോ യമാലോ? ഫുട്ബോള്‍ ആരാധകർ കാത്തിരുന്ന, അയൽക്കാരായ പോർച്ചുഗലും സ്പെയിനും തമ്മിലുള്ള 'ഐബീരിയൻ ഡെർബി’യാണ് ഇന്ന്.  പ്രീക്വാര്‍ട്ടറിലെ ഗ്ലാമര്‍ പോരാട്ടം കഴിയുമ്പോള്‍ സൂപ്പര്‍ താരനിരയില്‍ ഒരു പേര് കുറയും. അയൽക്കാര്‍ തമ്മിലുള്ള പോരാട്ടം മാത്രമല്ല, തലമുറകളുടെ പോരാട്ടം കൂടിയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്‍റെ ആദ്യ രാജ്യാന്തര ഗോള്‍ നേടുമ്പോള്‍ ലമീന്‍ യമാല്‍ ജനിച്ചിട്ടുപോലുമില്ല!

അവസാന എട്ടിലെത്തണമെങ്കില്‍ പറങ്കിപ്പടയ്ക്ക് സ്പാനിഷ് കടമ്പ കടന്നേ തീരൂ. അതേസമയം, ഇനിയൊരവസരമില്ലെന്നിരിക്കേ സ്പെയിനിനും അടങ്ങിയിരിക്കാനാവില്ല. നാലു മല്‍സരങ്ങളില്‍ ഒറ്റ ഗോള്‍ പോലും വഴങ്ങാതെയാണ് സ്പാനിഷ് കുതിപ്പ്. സുന്ദരമായ നീക്കങ്ങളും കളി കൈപ്പിടിയിലാക്കാനുള്ള ചാതുര്യവും പ്രതിരോധത്തിലെ പിശുക്കും കൊണ്ട് കളത്തില്‍ അഴക് വിരിയിക്കും സ്പെയിന്‍. പന്തടക്കം കൊണ്ട് എതിരാളികളെ മടുപ്പിക്കും. രാത്രി പന്ത്രണ്ടരയ്ക്കാണ് സ്പെയിന്‍– പോര്‍ച്ചുഗല്‍ മല്‍സരം.

കഠിനമായി പൊരുതിയാണ് ഇരുടീമുകളും അവസാന പതിനാറിൽ ഇടംപിടിച്ചത്. ഗ്രൂപ്പ് എച്ച് ജേതാക്കളായ സ്പെയിൻ, കാബോ വെര്‍ദേയോട് സമനില (0-0) വഴങ്ങിയാണ് തുടങ്ങിയത്. പിന്നാലെ സൗദിക്കെതിരെ നാല് ഗോള്‍ ജയം. യുറഗ്വായെ 1–0ന് തോല്‍പിച്ചു. ഒടുവില്‍ റൗണ്ട് ഓഫ് 32 വില്‍ ഓസ്ട്രിയയെ മൂന്ന് ഗോളിന് തകര്‍ത്തു. പതിഞ്ഞ താളത്തില്‍ പോര് തുടങ്ങിയ സ്പെയിനിന് കളം നിറഞ്ഞ് കളി തുടങ്ങിയ ലമീന്‍ യമാല്‍ തന്നെയാണ് തുറുപ്പ് ചീട്ട്. എന്നാല്‍ യമാലില്‍ ഒതുങ്ങുന്നതല്ല സ്പാനിഷ് പടയുടെ ആവനാഴി. പെഡ്രിയും റോഡ്രിയും നീക്കോ വില്യംസും ഫെറാന്‍ ടോറസും ഗോളടിയന്ത്രം പോലെ ഒയര്‍സബാനും അടക്കം തേച്ചുമിനുക്കിയ അസ്ത്രങ്ങള്‍ ഒട്ടേറെ. ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തതോടെ അത്യുജ്ജ്വല ഫോമിലാണ് ടീം.

അതേസമയം, അത്ര മികച്ച വരവല്ല പോര്‍ച്ചുഗലിന്റേത്. കോംഗോയോട് സമനിലയില്‍ തുടങ്ങി. ശേഷം ഉസ്ബക്കിസ്ഥാനെ അഞ്ച് ഗോളിന് തകര്‍ത്തെങ്കിലും വീണ്ടും കൊളംബിയയോട് സമനില. നോക്കൗട്ടില്‍ ക്രൊയേഷ്യയോട് ഇഞ്ചോടിഞ്ഞ് പൊരുതിയാണ് പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. ഗ്രൂപ്പ് കെ-യിൽ രണ്ടാം സ്ഥാനവും. എങ്കിലും കോംഗോയ്ക്കെതിരെ കണ്ട പോര്‍ച്ചുഗലല്ല പ്രീക്വാര്‍ട്ടറിലത്തുമ്പോള്‍. വയസ് 41 ആയെങ്കിലും ഏത് സമയവും ഗോള്‍പോസ്റ്റിലേക്ക് സംഹാരശേഷിയുള്ള മിന്നല്‍പ്പിണര്‍ പായിക്കാന്‍ ശേഷിയുള്ള സിആര്‍ 7 തന്നെയാണ് പോര്‍ച്ചുഗലിന്‍റെ വജ്രായുധം. ബോക്സിനുള്ളിൽ അയാൾ ഇപ്പോഴും അപകടകാരിയാണ്. കൂടാതെ, യമാലിനെ പൂട്ടാനുള്ള പറങ്കിപ്പടയുടെ ആയുധമായി നൂനോ മെന്‍ഡസും ഉണ്ടായിരിക്കും.

സ്പെയിനിന് ഒരു കണക്ക് തീര്‍ക്കല്‍ കൂടിയാണ് ഈ പോരാട്ടം. കഴിഞ്ഞ വര്‍ഷം നേഷന്‍സ് ലീഗ് ഫൈനലിലേറ്റ തോല്‍വിയുടെ മുറിവുണങ്ങിയിട്ടില്ല.. ഇപ്പോഴും. അതുമാത്രമല്ല, ലോകകപ്പ് വേദിയിൽ ഇത് മൂന്നാം തവണയാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. 2010ല്‍ പ്രീക്വാർട്ടറിൽ സ്പെയിൻ 1-0ത്തിന് ജയിച്ചിരുന്നു. പിന്നീട് ആ ലോകകപ്പിൽ സ്പെയിൻ കിരീടവും ചൂടി. 2018 ല്‍ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരം ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചവയിലൊന്നായിരുന്നു. അന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിലൂടെയായിരുന്നു പോർച്ചുഗൽ സമനില പിടിച്ചത്.

എന്തായാലും ഇന്ന് രാത്രി സ്പെയിനും പോര്‍ച്ചുഗലും ഏറ്റുമുട്ടുമ്പോൾ, ആര് ക്വാർട്ടറിലേക്ക് കടക്കും എന്നത് ഫുട്ബോൾ ലോകം അതീവ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. റൊണാൾഡോയുടെ നേതൃത്വത്തിലുള്ള പോർച്ചുഗൽപ്പടയാണോ അതോ സ്പാനിഷ് ടിക്കി-ടാക്കയുടെ മികവാണോ ഇന്ന് ഡാളസിൽ വിജയിക്കുക? എന്തായാലും ഈ മരണക്കളിയിലുടനീളം തീപ്പൊരി ചിതറുമെന്നുറപ്പ്... ജയിക്കുന്ന ടീം ക്വാർട്ടർ ഫൈനലിൽ യു.എസ്.എ– ബെൽജിയം പോരാട്ടത്തിലെ വിജയികളെ നേരിടും.

ENGLISH SUMMARY:

It's generation vs generation as Cristiano Ronaldo's Portugal faces Lamine Yamal's Spain in a thrilling 2026 World Cup Round of 16 match. Catch all the action from Dallas.