ഫുട്ബോൾ ലോകത്തെ അവിശ്വസനീയവും അതേസമയം കൗതുകമുണര്‍ത്തുന്ന ഒന്നുമാണ് ബ്രസീല്‍– നോർവേ പോരാട്ടങ്ങള്‍. അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീലിന് ചരിത്രത്തിൽ ഒരിക്കൽ പോലും തോൽപ്പിക്കാൻ കഴിയാത്ത ഏക ടീമാണ് നോർവേ. 2026 ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടർ പോരാട്ടത്തിലും ഈ 'നോർവേ ശാപം' ആവർത്തിക്കുകയായിരുന്നു. ഒടുവില്‍, ബ്രസീലിനെ 2-1ന് അട്ടിമറിച്ച് നോർവേ ക്വാർട്ടർ ഫൈനലില്‍.

1997 ലെ സൗഹൃദ മല്‍സരത്തില്‍ തുടങ്ങിയതാണ് ഈ ‘നോര്‍വേ ശാപം’. അന്ന് 4-2 നാണ് നോർവേ ബ്രസീലിനെ മുട്ടുകുത്തിച്ചത്. പിന്നീട് 1998-ലെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിനെ 2-1ന് തോൽപ്പിച്ച് നോർവേ വീണ്ടും ലോകത്തെ ഞെട്ടിച്ചു. 2000ലും 2006 ലും നോർവ – ബ്രസീല്‍ സൗഹൃദ മല്‍സരങ്ങളാകട്ടെ സമനിലയില്‍ (1-1) കലാശിച്ചു. ഒടുവില്‍ 2026 ഫിഫ ലോകകപ്പില്‍ വീണ്ടും നോര്‍വേയ്ക്ക് മുന്‍പില്‍ ബ്രസീലിന്‍റെ തോല്‍വി. അതും 1998-ലെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അതേ സ്കോർലൈനിൽ!

ബ്രസീലിന് നോർവേയെ തോൽപ്പിക്കാൻ കഴിയാത്തതിന് പല കാരണങ്ങള്‍ ഫുട്ബോൾ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. അതില്‍ പ്രധാനം നോർവീജിയൻ ശൈലി പലപ്പോഴും ബ്രസീലിയൻ ശൈലിക്ക് വിരുദ്ധമാണ് എന്നുള്ളതാണ്. ഉയരമുള്ളതും കരുത്തുറ്റതുമായ കളിക്കാരെയാണ് നോർവേ സാധാരണയായി അണിനിരത്താറുള്ളത്. അതുകൊണ്ടു തന്നെ ബ്രസീലിന്റെ വേഗതയെയും സ്കില്ലിനെയും തടയാൻ നോർവേയുടെ കൃത്യമായ പ്രതിരോധ തന്ത്രങ്ങൾക്കും ഫിസിക്കൽ ഗെയിമിനും സാധിക്കാറുണ്ട്.

മാനസികമായ ആധിപത്യമാണ് മറ്റൊന്ന്. തുടക്കത്തിൽ ലഭിച്ച ഒന്നോ രണ്ടോ വിജയങ്ങൾ തന്നെ നോർവേയുടെ കളിക്കാർക്ക് ബ്രസീലിനെ നേരിടാനുള്ള വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അതേസമയം, ബ്രസീലിയൻ താരങ്ങളിൽ ഇത് വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. ബ്രസീലിനെ തോൽപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കും എന്ന ചിന്ത നോർവീജിയൻ ടീമിൽ നിലനിൽക്കുമ്പോള്‍ ബ്രസീലിന് എതിരാളികളെക്കാൾ ഉപരി തങ്ങളുടെ കേട്ടുപഴകിയ 'നോര്‍വേ ശാപത്തെ'യാണ് മറികടക്കേണ്ടി വരുന്നത്. ഓരോ തവണ കളിക്കാൻ ഇറങ്ങുമ്പോഴും ഈ ചരിത്രപരമായ കണക്കുകൾ ബ്രസീലിന്‍റെ ആത്മവിശ്വാസത്തെ ബാധിക്കുന്നു. കൂടാതെ അഞ്ച് തവണ ലോക ചാംപ്യന്മാരായ ടീമെന്ന നിലയില്‍ കപ്പുയര്‍ത്തുക എന്ന പ്രതീക്ഷയും ആഗ്രഹവും സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുണ്ട്.

മിക്കപ്പോഴും ബ്രസീൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും നോർവേ അവരുടെ അവസരങ്ങൾ വളരെ കൃത്യമായി മുതലെടുക്കുന്നുണ്ട്. 1998 ലോകകപ്പിലും ഇപ്പോഴത്തെ 2026 ലോകകപ്പിലും കണ്ടത് അത് തന്നെയാണ്. ബ്രസീൽ കൂടുതൽ സമയം പന്ത് കൈവശം വെക്കുമ്പോഴും, വല കുലുക്കുന്നത് പലപ്പോഴും നോര്‍വേ ആയിരിക്കും. അങ്ങിനെ ബ്രസീലിന് തോൽപ്പിക്കാൻ കഴിയാത്ത ഒരേയൊരു ടീമായി നോർവേ ഇന്നും തുടരുന്നു.

ENGLISH SUMMARY:

Brazil's historic struggles against Norway continue after their 2026 World Cup exit. Explore the tactical and psychological reasons behind this unique football rivalry.