ആതിഥേയരായ മെക്സിക്കോയുടെ വെല്ലുവിളി അതിജീവിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ക്വാർട്ടറില്‍. മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലീഷ് പട വിജയം പിടിച്ചെടുത്തത്. ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിംഗ്ഹാം ഇരട്ട ഗോളുകൾ നേടിയപ്പോൾ നായകൻ ഹാരി കെയ്ൻ പെനാൽറ്റിയിലൂടെ വിജയഗോൾ കണ്ടെത്തി.
ആദ്യപകുതിയില്‍ മെക്സിക്കോ ആധിപത്യം പുലർത്തുന്നതിനിടെ 36ാം മിനിറ്റില്‍ ജൂഡ് ബെല്ലിംഗ്ഹാമിന്റെ തകർപ്പൻ ഫിനിഷിംഗിലൂടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത് (0-1). ഈ ഞെട്ടല്‍ മാറും മുന്‍പേ, വെറും രണ്ട് മിനിറ്റിനുള്ളിൽ (38ാം മിനിറ്റ്) മെക്സിക്കൻ പ്രതിരോധത്തെ തകർത്ത് ബെല്ലിംഗ്ഹാം വീണ്ടും ലക്ഷ്യം കണ്ടു (0-2). എന്നാല്‍ വീണ്ടും മിനിറ്റുകള്‍ക്കുള്ളില്‍, ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ (42ാം മിനിറ്റ്) ഹൂലിയൻ കിന്യോനസിലൂടെ മെക്സിക്കോ ഒരു ഗോൾ മടക്കി (1-2).
രണ്ടാം പകുതിയില്‍, 54ാം മിനിറ്റില്‍ ഇംഗ്ലീഷ് താരം ക്വാൻസ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ ഇംഗ്ലണ്ട് 10 പേരായി ചുരുങ്ങി. എങ്കിലും 60ാം മിനിറ്റില്‍ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ ലീഡ് ഉയർത്തി (1-3). ഇതിനിടെ പെനാല്‍റ്റിക്ക് മറുപടി പെനാല്‍റ്റിയെന്നോണം 69ാം മിനിറ്റില്‍ മെക്സിക്കോയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് റൗൾ ഹിമെനെസ് കളി വീണ്ടും ആവേശത്തിലാക്കി (2-3).
അവസാന മിനിറ്റുകളിൽ സമനിലയ്ക്കായി മെക്സിക്കോ സർവ്വശക്തിയുമെടുത്ത് പോരാടി. എന്നാല്‍ ജോർദാൻ പിക്ക്ഫോർഡിന്റെ മികച്ച സേവുകളും ശക്തമായ പ്രതിരോധവും ഇംഗ്ലണ്ടിന് അവർക്ക് തുണയായി. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇംഗ്ലണ്ട്-3, മെക്സിക്കോ-2. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന എർലിങ് ഹാളണ്ടിന്റെ നോർവേയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.