നിയമസഭയിലെ ക്രമവിരുദ്ധ കരാറുകള്‍ റദ്ദാക്കിയ കൂട്ടത്തില്‍ എൽഇഡി വാള്‍ നന്നാക്കാൻ നിയമസഭ 10 ലക്ഷം ചെലവാക്കാമെന്ന മുൻ സ്പീക്കറുടെ ഉത്തരവും റദ്ദാക്കി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഊരാളുങ്കല്‍ ‌സൊസൈറ്റിക്ക് തുക അനുവദിച്ച് ഇറക്കിയ ഉത്തരവുകള്‍ അടക്കം റദ്ദാക്കിയതിനൊപ്പമാണ് ഇതും റദ്ദാക്കിയത്. 

 

നിയമസഭയ്ക്കുള്ളില്‍ നടത്തിയ പ്രവൃത്തികളില്‍ ഗുരുതരവീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. . വാർഷിക പരിപാലന കരാർ പ്രകാരം അറ്റകുറ്റപ്പണിയുടെ പൂർണ്ണ ചെലവ് വഹിക്കേണ്ടത് കരാർ ലഭിച്ച സൊസൈറ്റിയാണെന്ന് പരിശോധനയിൽ കണ്ടെത്തി. 

 

ഇതേത്തുടർന്ന് പൊതുപണം ചെലവഴിക്കുന്നത് ഒഴിവാക്കാൻ സ്പീക്കർ നിർദ്ദേശിക്കുകയായിരുന്നു. ഡൈനിങ് ഹാൾ നവീകരണത്തിനായി സൊസൈറ്റിക്ക് നൽകിയ ഏഴരക്കോടി രൂപയുടെ കരാറും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്.

 

മുൻ സർക്കാരിന്റെ കാലത്ത് നിയമസഭയ്ക്കകത്ത് ഊരാളുങ്കലിനു ലഭിച്ച ആനുകൂല്യങ്ങളും കരാറുകളും വൻ അഴിമതിയിലേക്കു വിരൽചൂണ്ടുന്നവയാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് സ്പീക്കറുടെ കർശന ഇടപെടൽ.  നിയമസഭയിലെ നടപടിക്രമങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിയിൽ (ഇ നിയമസഭ) നേരത്തേ വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു.

 

കോടികൾ ചെലവഴിച്ചു നിയമസഭാ പരിസരം നവീകരിക്കുന്നതിനു വിവിധ കരാറുകാർക്കായി അനുവദിച്ച പദ്ധതി നിർത്തിവയ്ക്കാൻ നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. അതിവേഗം ഭരണാനുമതി നൽകി എൽഡിഎഫ് സർക്കാർ ആദ്യഘട്ട തുക അനുവദിച്ച പദ്ധതിയാണിത്. മണ്ണ് പരിശോധനയ്ക്കായി മാത്രം 6 ലക്ഷം രൂപയാണു അനുവദിച്ചത്.

ENGLISH SUMMARY:

Kerala Assembly Speaker Thiruvanchoor Radhakrishnan has cancelled several allegedly irregular contracts, including a ₹10 lakh order for LED wall repairs and a ₹7.5 crore dining hall renovation contract awarded to the Uralungal Labour Contract Co-operative Society. The move follows findings of serious procedural and financial irregularities in Assembly projects.