സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ രൂക്ഷമായി വിമര്‍ശിച്ച് ജി. സുധാകരന്‍. എം.വി. ഗോവിന്ദനാണ് വര്‍ഗവഞ്ചകന്‍. തൊഴിലാളി വര്‍ഗത്തെ വഞ്ചിച്ചയാളാണ് എം.വി.ഗോവിന്ദന്‍. പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരെ പ്രവര്‍ത്തിച്ച ഗോവിന്ദന്‍ നാണമുണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയണം. ഗോവിന്ദന് മലയാളത്തില്‍ തെറ്റില്ലാതെ പറയാന്‍ അറിയില്ലെന്നും സുധാകരന്‍ പരിഹസിച്ചു.

 

പാര്‍ട്ടി അംഗത്വം പുതുക്കിയില്ലെങ്കില്‍ എങ്ങനെ വര്‍ഗ വഞ്ചനയാകുമെന്ന് ചോദിച്ച സുധാകരന്‍ താന്‍ പാര്‍ട്ടിയില്‍ നിന്ന് സ്വയം മാറിയതാണെന്നും ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വിമത എംഎല്‍എമാര്‍ വര്‍ഗവഞ്ചകര്‍ ആണെന്ന എം.വി.ഗോവിന്ദന്‍റെ പരാമര്‍ശത്തോടായിരുന്നു രൂക്ഷ ഭാഷയിലുള്ള സുധാകരന്‍റെ  പ്രതികരണം. 

 

അതേസമയം, തെറ്റ് തിരുത്തിയാല്‍ സിപിഎം വിമത എംഎല്‍എമാര്‍ക്ക് തിരിച്ചുവരാമെന്ന നിലപാടില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ജയരാജന്‍ ഇന്നലെ മലക്കംമറിഞ്ഞിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തള്ളിപ്പറഞ്ഞതോടെയാണ് ജയരാജന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പറഞ്ഞത് വിഴുങ്ങിയത്. എന്ത് തെറ്റാണ് ചെയ്തതെന്ന വി. കു‍ഞ്ഞികൃഷ്ണന്‍റെ ചോദ്യത്തിന് വര്‍ഗ വഞ്ചകരാണെന്ന് എംവി ഗോവിന്ദന്‍ മറുപടി നല്‍കി. തെറ്റായി നയിക്കുന്നവരാണ് വര്‍ഗവഞ്ചകരെന്നായിരുന്നു ടി.കെ. ഗോവിന്ദന്‍റെ കുറ്റപ്പെടുത്തല്‍.  

 

തെറ്റു തിരുത്തിയാല്‍ വി. കുഞ്ഞികൃഷ്ണനും ടി.കെ.ഗോവിന്ദനും പാര്‍ട്ടിയില്‍ തിരിച്ചുവരുന്നതില്‍ തടസമില്ലെന്നാണ് എം.വി  ജയരാജന്‍ ആദ്യമെടുത്ത നിലപാട്. വിമത എംഎല്‍എമാര്‍ വിഴിഞ്ഞം തുറമുഖം, പിഎംശ്രീ എന്നീ വിഷയങ്ങളില്‍ യോജിക്കുന്നുണ്ടോ എന്നും എംവി ജയരാജന്‍ ചോദിച്ചു. ഇതിനുള്ള മറുപടിയിലാണ് ജയരാജനെ പൂര്‍ണമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തള്ളിയത്. ഇതോടെ വിശദീകരണവുമായി എംവി ജയരാജന്‍ വീണ്ടുമെത്തി. നിലപാട് തിരുത്താത്തവര്‍ വര്‍ഗ വഞ്ചകര്‍ തന്നെയാണെന്ന എംവി ഗോവിന്ദന്‍റെ നിലപാട് ജയരാജനും ഏറ്റുപിടിച്ചു. 

 

അതിനിടെ താന്‍ ചെയ്ത തെറ്റ് എന്താണെന്ന ചോദ്യവുമായി വി കുഞ്ഞികൃഷ്ണന്‍ രംഗത്തെത്തി.എന്നാല്‍ തെറ്റായ രീതിയില്‍ നയിക്കുന്നവരാണ് വര്‍ഗവഞ്ചകരെന്നായിരുന്നു ടി.കെ. ഗോവിന്ദന്‍റെ മറുപടി. 

ENGLISH SUMMARY:

Senior CPM leader G. Sudhakaran has strongly criticised CPM State Secretary M.V. Govindan, calling him the real "class betrayer" and demanding his resignation. The remarks come amid an escalating war of words over rebel CPM MLAs, with M.V. Jayarajan reversing his earlier stance after Govindan's intervention.