പത്തനംതിട്ടയിലെ വ്യാജ പീഡന പരാതി കേസ് അവസാനിപ്പിക്കുന്നതിന് മുൻപ് വിശദമായി അന്വേഷിച്ചു ദുരൂഹത നീക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം. പൊലീസ് കസ്റ്റഡിയിൽ എടുത്ത് മർദിച്ചെന്ന് ആരോപിച്ചു യുവാവ് ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി. അതിനിടെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് നിയമ വിരുദ്ധമായി കസ്റ്റഡിയിൽ എടുത്തുവെന്ന് ആരോപിച്ചു രക്ഷിതാക്കളും രംഗത്തെത്തി.

കൂടലിലെ 13 കാരിയുടെ വ്യാജ പീഡന പരാതിയിൽ മുഴുവൻ ദുരൂഹതയും നീക്കിയ ശേഷം അന്വേഷണം അവസാനിപ്പിച്ചാൽ മതിയെന്ന നിർദേശമാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നൽകിയത്  പോക്സോ കേസ് ആയതിനാൽ പരാതിയിൽ ഗൂഢാലോചന ഉണ്ടോ എന്നും അന്വേഷിക്കാൻ ആണ് നിർദേശം. പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ കേസ് അവസാനിപ്പിക്കാനുള്ള നീക്കം കൂടൽ പൊലീസ് ആരംഭിച്ചിരുന്നു. പരാതിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത് മർദിച്ചെന്ന് ആരോപണം ഉന്നയിച്ച യുവാവ് ആഭ്യന്തര മന്ത്രി ക്കും ഡിജിപിക്കും ഉൾപ്പടെ പരാതി നൽകി.

അതിനിടെ പ്രായ പൂർത്തിയാകാത്ത കുട്ടികളെ നിയമ വിരുദ്ധമായി പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്ന് ആരോപിച്ചു കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തെത്തി. പോലീസ് മർദിച്ചെന്ന ആരോപണത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച്‌ നടത്തി.

ENGLISH SUMMARY:

The Pathanamthitta District Police Chief has ordered a comprehensive investigation into the alleged fake POCSO complaint filed by a 13-year-old girl before the case is closed. Allegations of police assault, illegal custody of minors, and a possible conspiracy behind the complaint have prompted further scrutiny, while protests have also erupted outside the Koodal Police Station.