ട്രംപും ഗിയാനി ഇൻഫാന്റിനോയും (Image Credit:X@mjfree)

ട്രംപും ഗിയാനി ഇൻഫാന്റിനോയും (Image Credit:X@mjfree)

ചുവപ്പ് കാര്‍‍ഡ് ലഭിച്ച യു.എസ് സ്ട്രൈക്കര്‍ ഫോളറിൻ ബലോഗണിന് പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ കളിക്കാന്‍ ഫിഫയുടെ അനുമതി. നോക്കൗട്ട് മല്‍സരത്തില്‍ ബോസ്നിയന്‍ പ്രതിരോധ താരത്തെ ഫൗള്‍ ചെയ്തതിനാണ് ബലോഗണിന് ചുവപ്പു കാര്‍ഡ് ലഭിച്ചത്. ഫിഫയുടെ ഇടപെടലോടെ താരത്തിന് പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന് എതിരെ കളിക്കാം. ഫിഫ അച്ചടക്ക സമതിയാണ് ബാലോഗണിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. അസാധാരണ തീരുമാനത്തിന് പിന്നില്‍ യു.എസ് പ്രസിഡന്‍റ് ഡൊണാള്‍‍ഡ് ട്രംപിന്‍റെ ഇടപെടലുണ്ടെന്നാണ് വിവരം. 

ട്രംപും ഫിഫ പ്രസിഡന്‍റ് ഗിയാനി ഇൻഫാന്റിനോയും തമ്മിലുള്ള അടുത്ത ബന്ധവും ഇടപെടലുകളും ഈ തീരുമാനത്തെ സ്വാധീനിച്ചു. യു.എസ് സ്ട്രൈക്കറുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നു തവണ ട്രംപ് ഫിഫയെ ഫോണില്‍ ബന്ധപ്പെട്ടു എന്നാണ് ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറ്റ് ഹൗസില്‍ നിന്ന് ഫിഫ പ്രസിഡന്‍റിനെ ബന്ധപ്പെട്ടതായി അസോസിയേറ്റഡ് പ്രസും റിപ്പോര്‍ട്ട് ചെയ്തു. തീരുമാനം വന്നതിന് പിന്നാലെ ട്രംപ് ഫിഫയ്ക്ക് നന്ദി അറിയിച്ച് പോസ്റ്റിട്ടു. ശരിയായ തീരുമാനത്തിനും വലിയൊരു അനീതി തിരുത്തുന്നതിനും ഫിഫയ്ക്ക് നന്ദിയെന്നാണ് ട്രംപിന്‍റെ പോസ്റ്റ്. 

ഫിഫയുടെ അച്ചടക്ക ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 27 പ്രകാരമാണ് തീരുമാനം. ഒത്തുകളിയുമായി ബന്ധപ്പെട്ടാല്ലാതെയുള്ള അച്ചടക്കലംഘനമാണെങ്കില്‍ ചുവപ്പ് കാര്‍ഡ് റദ്ദാക്കാന്‍ ഈ ചട്ടം അനുമതി നൽകുന്നുണ്ട്. ഒരു വര്‍ഷം ബലോഗണ്‍ നിരീക്ഷണത്തിലായിരിക്കുമെന്നും ചുവപ്പ് കാര്‍‍ഡ് തുടരുമെന്നും ഫിഫ വ്യക്തമാക്കി. ഈ സമയത്ത് സമാനമായ അച്ചടക്ക ലംഘനം നടത്തിയാല്‍ ഒരു മല്‍സരത്തില്‍ വിലക്ക് വരും. ചുവപ്പ് കാര്‍ഡ് ലഭിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ കളിക്കാന്‍ അനുവദിച്ചതും ഇതേ നിയമം വഴിയാണ്. 

ഫിഫയുടെ തീരുമാനത്തില്‍ റോയല്‍ ബെല്‍ജിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ചുവപ്പ് കാര്‍ഡ് ലഭിച്ചാല്‍ ഓട്ടോമാറ്റിക്കായി ഒരു മത്സരത്തിൽ നിന്ന് വിലക്ക് വരും. ഇതിന് വിരുദ്ധമാണ് സസ്‌പെൻഷൻ താൽക്കാലികമായി റദ്ദാക്കിയ നടപടിയെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. വിഷയത്തില്‍ എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും ‌ടീം മനേജ്മെന്‍റ് വ്യക്തമാക്കി. 

ബെല്‍ജിയത്തിന് എതിരെ ഇറങ്ങുമ്പോള്‍ യു.എസ് നിരയുടെ തുറപ്പുചീട്ടാണ് മുന്‍ ആഴ്സണല്‍ താരമായ ബലോഗണ്‍. മൂന്നു മല്‍സരങ്ങളില്‍ നിന്നും മൂന്നു ഗോളാണ് താരം നേടിയത്. ബെല്‍ജിയത്തിന് എതിരെ ജയിക്കാനായാല്‍ 2002 നു ശേഷം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാന്‍ ടീമിനാകും. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 തിനാണ് യു.എസ്– ബെല്‍ജിയം മല്‍സരം. 

ENGLISH SUMMARY:

US striker Folarin Balogun has been cleared by FIFA to play in the upcoming World Cup round-of-16 match against Belgium, despite receiving a red card in his previous game. Reports suggest that US President Donald Trump intervened directly, contacting FIFA President Gianni Infantino multiple times to push for the suspension to be overturned. While FIFA utilized Article 27 of its disciplinary code to provisionally lift the ban, the decision has sparked significant controversy and outrage from the Royal Belgian Football Association. This rare move, which allows Balogun to rejoin the squad, has raised questions regarding political influence in international football governance.