messi-mbappe-haaland

നോര്‍വേ– ബ്രസീല്‍ മല്‍സരത്തില്‍ ഇരട്ട ഗോളുകളോടെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിന് ഇനി ഹാളണ്ടും. ഫുട്ബോൾ ലോകത്തെ മൂന്ന് ഇതിഹാസ താരങ്ങളായ ലയണൽ മെസി, കിലിയൻ എംബപെ, എർലിങ് ഹാളണ്ട് എന്നിവർ ഒപ്പത്തിനൊപ്പം നിൽക്കുന്നതോടെ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഗോൾഡൻ ബൂട്ട് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. നിലവിൽ മൂവരും ഏഴ് ഗോളുകൾ വീതം നേടി ഗോൾഡൻ ബൂട്ട് പട്ടികയിൽ ഒന്നാമതാണ്.

തന്റെ ആറാമത്തെയും അവസാന ലോകകപ്പിൽ കളിക്കുന്ന അർജന്റീനയുടെ മാന്ത്രികൻ മെസി അദ്ഭുതകരമായ പ്രകടനത്തിലൂടെയാണ് ഗോൾഡൻ ബൂട്ട് പോരാട്ടത്തിലേക്ക് മുന്നേറുന്നത്. ആദ്യ മല്‍സരത്തില്‍ അള്‍ജീരിയയ്ക്കെതിരെ ഹാട്രിക് നേടിയ മെസി ഓസ്ട്രിയയ്ക്കെതിരായ മല്‍സരത്തില്‍ ഇരട്ട ഗോളും നേടിയിരുന്നു. ഒടുവില്‍ ജോര്‍ദാനെതിരെയും കാബോ വെര്‍ദെയ്ക്കെതിരെയും ഗോള്‍ നേടിയതോടെ ഈ ലോകകപ്പില്‍ മെസിയുടെ ഗോളുകളുടെ എണ്ണം ഏഴായി. ലോകകപ്പ് മല്‍സരങ്ങളിലെ ഇരുപതാം ഗോളും.

അതേസമയം, ഗോളുകൾക്ക് പുറമെ രണ്ട് അസിസ്റ്റുകളുമായി ഗോൾഡൻ ബൂട്ട് പട്ടികയിൽ നേരിയ മുൻതൂക്കം നിലനിർത്തുന്നത് കിലിയന്‍ എംബപെയാണ്. 2018 ലാണ് എംബപെയുടെ ലോകകപ്പ് അരങ്ങേറ്റം. ഈ ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നായി നാല് ഗോളുകൾ എംബപെ അടിച്ചുകൂട്ടിയിരുന്നു. സ്വീഡനെതിരായ പോരാട്ടത്തില്‍ ഡബിളും. പാരഗ്വായ്ക്കെതിരായ പ്രീ– ക്വാര്‍ട്ടറില്‍ പെനല്‍റ്റിയിലൂടെ ഗോള്‍ നേടിയതോടെ എംബപെ മെസിയുടെ റെക്കോര്‍ഡിനൊപ്പമെത്തി. ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ (20) എന്ന റെക്കോര്‍ഡുമായി മെസി ഒന്നാമതാണെങ്കില്‍ 19 ഗോളുമായി എംബപെ തൊട്ടുപിന്നിലുമുണ്ട്.

തന്റെ ആദ്യ ലോകകപ്പിൽ കളിക്കുന്ന നോർവേയുടെ സൂപ്പർ താരം ഹാളണ്ടാകട്ടെ ബ്രസീലിനെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിലും അവസരങ്ങൾ മുതലെടുക്കാനുള്ള ഹാളണ്ടിന്‍റെ കഴിവാണ് നോർവേയെ ക്വാർട്ടർ ഫൈനലിൽ എത്തിച്ചത്. തുടർച്ചയായി 14 മത്സരങ്ങളിൽ ഗോൾ നേടുന്ന റെക്കോർഡും ഹാളണ്ടിന്റെ പേരിലുണ്ട്.

ക്വാർട്ടർ ഫൈനലുകൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഓരോ ഗോളും ഇനി നിർണായകമാണ്. ഇതോടെ ആര് ഗോൾഡൻ ബൂട്ട് സ്വന്തമാക്കുമെന്നാണ് ഫുട്ബോൾ ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഗോളടിയിൽ ഒപ്പമാണെങ്കിലും, ഓരോ താരത്തിന്റെയും ശൈലിയും മികവും വ്യത്യസ്തമാണ്. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഫലം എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാം.

ENGLISH SUMMARY:

The 2026 World Cup Golden Boot race intensifies as legends Lionel Messi and Kylian Mbappé are joined by newcomer Erling Haaland at the top with 7 goals each.