azteca-stadium

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇംഗ്ലണ്ട്– മെക്സികോ പ്രീക്വാര്‍ട്ടര്‍ മല്‍സരം ഒരു മണിക്കൂര്‍ വൈകും. ഇന്ത്യന്‍ സമയം 6.30 തിനാണ് മല്‍സരം ആരംഭിക്കുക. മല്‍സരം നടക്കേണ്ട മെക്സിക്കോ സിറ്റിയിലെ അസ്റ്റെക്ക സ്റ്റേഡിയത്തിന് സമീപം ശക്തമായ ഇടിമിന്നലിനെ തുടര്‍ന്നാണ് വൈകല്‍. താരങ്ങളുടെയും ആരാധകരുടെയും സുരക്ഷ മുൻനിർത്തിയാണ് കിക്കോഫ് സമയം മാറ്റിയതെന്ന് ഫിഫ അറിയിച്ചു. നേരത്തെ നോക്കൗട്ട് മല്‍സരവും മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിയാണ് ആരംഭിച്ചത്. 

മൂന്നു ചെയ്ഞ്ചുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങുന്നത്. ഡിജെഡ് സ്പെൻസിന് പകരം പ്രതിരോധത്തില്‍ ജാരെൽ ക്വാൻസ റൈറ്റ് ബാക്ക് ആയി കളിക്കും. ബുക്കയോ സാക്കയും ആൻ്റണി ഗോർഡനും മുന്നേറ്റത്തിലും കളിക്കും. അതേസമയം ഇക്വഡോറിനെതിരായ മല്‍സരത്തിലെ അതേടീമാണ് മെക്സികോയ്ക്ക് വേണ്ടി കളിക്കുക. 

അതേസമയം, ഇംഗ്ലണ്ട് ടീം താമസിക്കുന്ന മെക്സിക്കോ സിറ്റിയിലെ ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലിന് പുറത്താണ് നാടകീയ രംഗങ്ങള്‍ അരങ്ങേറി. ഞായറാഴ്ച പുലര്‍ച്ചെ വരെ  മെക്സിക്കൻ ആരാധകർ ഹോട്ടലിന് മുന്നിൽ തടിച്ചുകൂടി പടക്കം പൊട്ടിച്ചും ലൈവ് ബാൻഡ് നടത്തിയും സജീവമായിരുന്നു. ഇംഗ്ലണ്ട് ടീമിന്റെ ഉറക്കം കളയാനാണ് ആരാധകരെത്തിയതെന്നാണ് വിവരം. പൊലീസിന്‍റെ നിയന്ത്രണങ്ങള്‍ മറികടന്നാണ് നിരവധി പേര്‍ ഹോട്ടലിന് മുന്നിലെത്തിയത്. നോക്കൗട്ട് മല്‍സരത്തിന് മുന്‍പ് ഇക്വഡോറിനെതിരെയും ഇതേ തന്ത്രം മെസിക്കന്‍ ആരാധകര്‍ പ്രയോഗിച്ചിരുന്നു. ഈ മല്‍സരത്തില്‍ 2-0ത്തിനാണ് മെക്സികോ വിജയിച്ചത്. 

ENGLISH SUMMARY:

England vs Mexico match has been delayed by an hour due to inclement weather and lightning near the Azteca Stadium in Mexico City. This decision prioritizes the safety of players and fans, with FIFA confirming the adjustment to the kickoff time.