neymar-retires

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം നെയ്മാർ ജൂനിയർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് പ്രീക്വാർട്ടറിൽ നോർവെയ്ക്കെതിരായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെയാണ് താരം തന്റെ കരിയർ അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയത്. റൗണ്ട് ഓഫ് 16 മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ നോർവെയോട് പരാജയപ്പെട്ടത്.

മത്സരത്തിന് ശേഷം വികാരാധീനനായി സംസാരിച്ച 34-കാരനായ നെയ്മാർ, ദേശീയ ടീമിനൊപ്പമുള്ള തന്റെ യാത്ര അവസാനിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാൻ പരമാവധി ശ്രമിച്ചു, ഒരുപാട് ശ്രമിച്ചു. എന്നാൽ ഇപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നു. എവിടെയാണോ ഞാൻ തുടങ്ങിയത്, അവിടെത്തന്നെ ഇത് അവസാനിപ്പിക്കുന്നു’– നെയ്മാര്‍ പറഞ്ഞു.

2010ൽ ഇതേ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ അമേരിക്കയ്‌ക്കെതിരെ കളിച്ചുകൊണ്ടാണ് നെയ്മാർ ബ്രസീലിനായി അരങ്ങേറ്റം കുറിച്ചത്. 16 വർഷങ്ങൾക്ക് ശേഷം അതേ മൈതാനത്ത് വെച്ച് തന്നെ തന്റെ മഞ്ഞക്കുപ്പായത്തിലെ കരിയർ താരം അവസാനിപ്പിക്കുകയാണ്.

ബ്രസീൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് നെയ്മാർ കരിയർ അവസാനിപ്പിക്കുന്നത്. പെലെയുടെ റെക്കോർഡ് മറികടന്ന് ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന പുരുഷ താരമെന്ന ഖ്യാതി നെയ്മാർക്ക് സ്വന്തം. ആകെ 129 മല്‍സരങ്ങള്‍, 80 ഗോളുകൾ, 4 ലോകകപ്പ് മല്‍സരങ്ങള്‍ (2014, 2018, 2022, 2026).

പരിക്കുകൾ തളർത്തിയ കരിയറിനൊടുവിൽ, ഇത്തവണത്തെ ലോകകപ്പിൽ പകരക്കാരനായാണ് മല്‍സരങ്ങളില്‍ നെയ്മാർ കളത്തിലിറങ്ങിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റാൻ നെയ്മാർക്ക് സാധിച്ചെങ്കിലും ടീമിനെ തോൽവിയിൽ നിന്ന് രക്ഷിക്കാൻ അത് മതിയാകുമായിരുന്നില്ല. രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും താരം ക്ലബ്ബ് ഫുട്ബോളിൽ സാന്റോസിനായി കളി തുടരുമെന്നാണ് റിപ്പോർട്ടുകൾ.

ENGLISH SUMMARY:

Neymar Jr has officially retired from international football following Brazil's exit from the 2026 World Cup. Explore his record-breaking career and legacy with the Seleção.