മെക്സിക്കോയുടെ നോക്കൗട്ട് വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ജീവന്‍ നഷ്ടമായത് നാലുപേര്‍ക്ക്. പടക്കം പൊട്ടിച്ചത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കിയതാണ് തിക്കിനും തിരക്കിനും കാരണമായതെന്നാണ് കരുതുന്നത്. തലസ്ഥാനമായ് മെക്സിക്കോ സിറ്റിയില്‍ മല്‍സരം കാണാന്‍ ഏകദേശം പത്തുലക്ഷം ആളുകളാണ് ഒത്തുകൂടിയത്.
40 വർഷത്തിനിടെ ആദ്യമായി മെക്സിക്കോ ഒരു ലോകകപ്പ് നോക്കൗട്ട് മത്സരം ജയിച്ചതിന്‍റെ ആഘോഷമാണ് ദുരന്തത്തില്‍ കലാശിച്ചത്. ഇക്വഡോറിനെ തോൽപ്പിച്ചതിന് പിന്നാലെ തലസ്ഥാനത്തെ പ്രധാന വീഥിയിൽ ലക്ഷക്കണക്കിന് ആരാധകരാണ് ആഘോഷങ്ങൾക്കായി ഒത്തുകൂടിയത്. പാസിയോ ഡി ലാ റിഫോർമയിലെ ഏഞ്ചൽ സ്മാരകത്തിന് സമീപം തിക്കിലും തിരക്കിലും പെട്ടാണ് നാലു പേർ മരിച്ചത്. ശ്വാസംമുട്ടിയാണ് മൂന്നുപേരുടെ മരണം. കടുത്ത അപസ്മാരത്തെയും ആന്തരിക രക്തസ്രാവത്തെയും തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നിരവധിപ്പേര്‍ ചികില്‍സയിലാണ്.
സുരക്ഷ ഉറപ്പാക്കാനായി മെക്സിക്കോയുടെ മത്സരദിവസങ്ങളിൽ നഗരത്തിൽ മദ്യവിൽപന നിരോധിക്കുകയും, സ്ക്രീനുകളുടെ എണ്ണവും അവ തമ്മിലുള്ള അകലവും വർധിപ്പിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച, പാസിയോ ഡി ലാ റിഫോർമ പാതയിൽ രണ്ടു കിലോമീറ്ററിലധികം ദൂരം ഗതാഗതം നിർത്തിവച്ച് കൂറ്റൻ സ്ക്രീനുകൾ സ്ഥാപിച്ചിരുന്നു. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങളില്‍ വീണ്ടും മാറ്റം വരുത്തിയേക്കും.