നിലവിലെ ലോകകപ്പ് ചാംപ്യന്‍മാരായ അർജന്റീന നാളെ രാവിലെ ഡാലസ് സ്റ്റേഡിയത്തിൽ ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തിൽ ജോർദാനെ നേരിടുമ്പോൾ സൂപ്പർ താരം ലയണൽ മെസി ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്ന് കോച്ച് ലയണൽ സ്കലോനി സ്ഥിരീകരിച്ചു. അൾജീരിയ, ഓസ്ട്രിയ എന്നിവർക്കെതിരായ വിജയങ്ങളിലൂടെ ഒരു മത്സരം ബാക്കിനിൽക്കെ അർജന്റീന നോക്കൗട്ട് റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. ഈ മത്സരങ്ങളിൽ ടീം നേടിയ അഞ്ചു ഗോളുകളും മെസിയുടെ ബൂട്ടിൽ നിന്നായിരുന്നു.

"ലിയോ ബെഞ്ചിലായിരിക്കും തുടങ്ങുക" പതിനെട്ടാം ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ 91 വയസ്സുകാരനായ അർജന്റീനിയൻ റേഡിയോ ജേണലിസ്റ്റ് എൻറിക് മക്കായ മാർക്കസിന്റെ ചോദ്യത്തിന് മറുപടിയായി സ്കലോനി പറഞ്ഞു. ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഇതിനകം ഉറപ്പിച്ചതിനാൽ, നോക്കൗട്ട് റൗണ്ടിലെ മത്സരങ്ങൾ മുന്നിൽക്കണ്ട് ദുർബലമായ ടീമിനെയാണ് കളത്തിലിറക്കുന്നതെന്ന വാദങ്ങൾ സ്കലോനി തള്ളിക്കളഞ്ഞു. എല്ലാവർക്കും അവസരം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എല്ലാവരും ടീമിന്റെ ഭാഗമാണെന്നും അവര്‍ ആദ്യ ഇലവനില്‍ കളിക്കാന്‍ അര്‍ഹരാണെന്നുമായിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള സ്കലോനിയുടെ മറുപടി. 

ലോകകപ്പിലെ കന്നി അങ്കത്തിൽ തുടർച്ചയായ രണ്ട് തോൽവികളോടെ ഇതിനകം പുറത്തായ ടീമാണ് ജോർദാൻ. ടൂർണമെന്റിലെ തങ്ങളുടെ അവസാന മത്സരത്തിൽ അവർ പ്രതിരോധത്തിലൂന്നി കളിക്കാനാണ് സാധ്യതയെന്ന് സ്കലോനി കരുതുന്നു. "ജോർദാൻ സാധാരണയായി അഞ്ച് പ്രതിരോധനിര താരങ്ങളെ വച്ചാണ് കളിക്കാറ്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടാൽ ഞങ്ങൾക്ക് അൽപം വ്യത്യസ്തമായി നീങ്ങേണ്ടി വന്നേക്കാം. എതിരാളികൾ കളിക്കുന്ന രീതി അനുസരിച്ച്, കാര്യങ്ങൾ വെല്ലുവിളി നിറഞ്ഞതാണെങ്കിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ തയാറായേക്കും," സ്കലോനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ENGLISH SUMMARY:

Lionel Messi will not start in the upcoming World Cup match between Argentina and Jordan, as confirmed by coach Lionel Scaloni. Argentina has already secured a spot in the knockout rounds.