ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ 2-0ന് തോൽപ്പിച്ച് ഫ്രാൻസ് സെമിഫൈനലിലേക്ക് കടന്നെങ്കിലും ഫ്രഞ്ച് താരം കിലിയന്‍ എംബപെയുടെ പരിക്കില്‍ ആശങ്ക. മൊറോക്കോയുമായുള്ള മല്‍സരത്തില്‍ എംബപെയുടെ മികവിലാണ് ഫ്രഞ്ച് പട വിജയം പിടിച്ചെടുത്തത്. എന്നാല്‍ കളിയില്‍ എംബപെയുടെ വലത് കണങ്കാലിന് പരിക്കേറ്റിരുന്നു.

മത്സരത്തിന്റെ 77-ാം മിനിറ്റിലാണ് എംബപെയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത് ജീൻ-ഫിലിപ്പ് മാറ്റെറ്റയെ മൈതാനത്തിറക്കിയത്. കളിയിൽ ഉടനീളം മൊറോക്കോ താരങ്ങളുടെ കനത്ത ടാക്കിളുകൾക്ക് ഇരയായ എംബപെയുടെ വലത് കണങ്കാലിന് പരിക്കേറ്റിരുന്നു. എംബപെ വലതു കാലിൽ ഐസ് കെട്ടി ബെഞ്ചിൽ ഇരിക്കുന്നത് മല്‍സരത്തിന്‍റെ ദൃശ്യങ്ങളിലുണ്ട്.

അതേസമയം, പരിക്ക് ഗുരുതരമല്ലെന്നും മുൻകരുതൽ എന്ന നിലയിലാണ് തന്നെ പിൻവലിച്ചതെന്നും താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്‍റെ കണങ്കാലിന് ചെറിയൊരു പരിക്കേറ്റിട്ടുണ്ടെങ്കിലും സുഖമായിരിക്കുന്നുവെന്നും അവസാന 15 മിനിറ്റ് കളിക്കാൻ തന്നേക്കാൾ ശാരീരികക്ഷമത ഉള്ളത് ജെ.പി (മാറ്റെറ്റ)ക്കാണ് എന്ന് തോന്നിയതുകൊണ്ടാണ് പിന്‍വലിച്ചതെന്നും എംബപെ പറഞ്ഞു.

എംബപെയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് പരിശീലകൻ ദിദിയർ ദെഷാംപ്‌സും വ്യക്തമാക്കിയിട്ടുണ്ട്. മത്സരശേഷം എംബപെ വിജയാഘോഷങ്ങളില്‍ പങ്കെടുത്തതും ആരാധകരിലെ ആശങ്കയ്ക്ക് തെല്ലൊരു ആശ്വാസം നല്‍കിയിട്ടുണ്ടെന്ന് വേണം പറയാന്‍. എങ്കിലും ലോകകപ്പ് അതിന്‍റെ അവസാന മല്‍സരങ്ങളിലേക്ക് കുതിക്കവേ എംബപെയുടെ പരിക്ക് ഫ്രാന്‍സിനെ ബാധിക്കുമോ എന്ന ചര്‍ച്ചകള്‍ സജീവമാണ്.

മൊറോക്കോയുമായുള്ള മല്‍സരത്തിന്‍റെ ആദ്യ പകുതിയിൽ എംബപെയുടെ ഒരു പെനാൽറ്റി മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോനു തടഞ്ഞിരുന്നു. എന്നാല്‍ മത്സരത്തിന്റെ 60-ാം മിനിറ്റിൽ മനോഹരമായൊരു ഷോട്ടിലൂടെ എംബപെ തന്നെയാണ് ഫ്രാൻസിനായി ഗോൾ വേട്ട തുടങ്ങിയത്. ആറ് മിനിറ്റിനുള്ളിൽ എംബപെയുടെ അസിസ്റ്റിൽ ഉസ്മാൻ ഡെംബെലെ ഫ്രാൻസിന്റെ ലീഡ് ഉയർത്തി വിജയത്തിലേക്ക് കുതിക്കുകയും ചെയ്തു.

ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിഫൈനലിൽ കടക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന സ്പെയിൻ- ബെൽജിയം മത്സരത്തിലെ വിജയികളെയായിരിക്കും ഫ്രാൻസ് സെമിയിൽ നേരിടുക.

ENGLISH SUMMARY:

France has successfully navigated its way to the World Cup semi-finals after a 2-0 quarter-final triumph over Morocco, though the victory was shadowed by concerns surrounding Kylian Mbappé’s health. The star forward played a pivotal role in the match, netting the opening goal in the 60th minute and assisting Ousmane Dembélé just six minutes later, but he was substituted in the 77th minute after sustaining a knock to his right ankle. Viral footage of Mbappé icing his ankle on the bench initially sparked significant alarm among French supporters during the tense knockout stage. However, both the player and head coach Didier Deschamps have moved quickly to alleviate fears, confirming that the substitution was purely precautionary. Mbappé assured fans that he feels fine and explained that his early departure was a tactical decision to allow a fresher player to manage the final minutes of the game. With the semi-final against either Spain or Belgium fast approaching, the team remains optimistic that their talisman will be fully prepared to lead their quest for another World Cup title.