ലോക ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ, തുടർച്ചയായി ആറ് ലോകകപ്പ് ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം റൊണാൾഡോ സ്വന്തമാക്കി. ഇതോടെ, 41-ാം വയസ്സിലും തന്റെ ഫിറ്റ്‌നസും ഗോൾവേട്ടയും ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു സൂപ്പർ താരം.

എന്നാല്‍ തന്റെ വ്യക്തിപരമായ റെക്കോർഡുകളെക്കാൾ ടീമിന്റെ വിജയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നായിരുന്നു മല്‍സരത്തിന് ശേഷം റൊണാള്‍ഡോ പ്രതികരിച്ചത്. ‘റെക്കോർഡുകൾ തകർക്കുന്നത് എപ്പോഴും നല്ലതാണ്. എന്നാൽ ലക്ഷ്യത്തിലെത്താന്‍ ടീമിനെ സഹായിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഠിനാധ്വാനം ചെയ്യുന്നവർക്ക് ദൈവം തുണയുണ്ടാകും’. റൊണാള്‍ഡോ പറഞ്ഞു. 

ബുദ്ധിമുട്ടേറിയ ഒരു ആഴ്ചയാണ് കടന്നുപോയതെന്നും താന്‍ ഫുട്ബോളിൽനിന്നു വിരമിച്ചതുപോലെയാണ് പലരും വിമര്‍ശിച്ചതെന്നും റൊണാള്‍ഡോ പറഞ്ഞു. എന്നാൽ കഠിനാധ്വാനത്തിലൂടെ താൻ തിരിച്ചുവന്നുവെന്നും റൊണാൾഡോ വ്യക്തമാക്കി. പ്രതികരണങ്ങള്‍ക്കിടെ താരം വികാരാധീനനാകുകയും ചെയ്തു. ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു എന്ന് പ്രതികരിച്ച താരത്തോട് വിമർശിച്ചവർക്കുള്ള മറുപടിയാണോ എന്ന ചോദ്യത്തിന് ആരും മറക്കാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു റൊണാൾഡോയുടെ മറുപടി.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ കോംഗോയോട് 1-1 സമനില വഴങ്ങിയതിന് പിന്നാലെ റൊണാൾഡോ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു ഉസ്ബെക്കിസ്ഥാനെതിരായ റൊണാള്‍ഡോയുടെ പ്രകടനം. എന്നാൽ, റൊണാൾഡോയുടെ ഈ പ്രസ്താവനയോട് പ്രതികരിച്ച സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, ‘അതിന് അവൻ എപ്പോഴാണ് പോയത്? പിന്നെന്തിനാണ് തിരിച്ചെത്തിയെന്ന് പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല’ എന്നാണ് തമാശരൂപേണ പ്രതികരിച്ചത്.

മത്സരത്തിന്റെ ആറാം മിനിറ്റിൽ ജോ കാൻസെലോ നൽകിയ ക്രോസ് മനോഹരമായൊരു വലംകാലൻ ഷോട്ടിലൂടെ വലയിലാക്കിയാണ് റൊണാൾഡോ പോർച്ചുഗലിനെ മുന്നിലെത്തിക്കുന്നത് (1-0). തുടർന്ന് 39-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് വീണ്ടും വലകുലുക്കി താരം ലീഡ് 3-0 ആയി ഉയർത്തി. ഈ ഗോളുകളോടെ, 1994-ൽ 42-ാം വയസ്സിൽ ഗോൾ നേടിയ കാമറൂൺ താരം റോജർ മില്ലയ്ക്ക് ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി റൊണാൾഡോ മാറി.

ആറാം ലോകകപ്പിലും ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോർഡും ഇനി റൊണാള്‍ഡോയ്ക്ക് സ്വന്തമാണ്. അതേസമയം, പോർച്ചുഗലിനായി 230-ാമത്തെ മത്സരമാണ് റൊണാൾഡോ ഇന്നലെ കളിച്ചത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം രാജ്യാന്തര മത്സരങ്ങൾ കളിച്ച റെക്കോർഡും ഇനി റൊണാൾഡോയുടെ പേരിലാണ്.

ENGLISH SUMMARY:

Cristiano Ronaldo has etched his name into football history by becoming the first player to score in six consecutive FIFA World Cup tournaments following his brace against Uzbekistan. Despite facing intense criticism after a draw with Congo, the 41-year-old silenced doubters with a dominant performance, proving his enduring fitness and lethal finishing. Ronaldo expressed deep emotion during his post-match interview, emphasizing that his hard work remains his greatest asset while dismissing those who claimed his career was over. His two goals also made him the second-oldest scorer in World Cup history, trailing only Roger Milla’s 1994 record. With this 230th international appearance, he further extended his record for the most caps in football history, solidifying his legendary status. Even as peers like Zlatan Ibrahimovic poked fun at his "I am back" declaration, Ronaldo remains focused on driving Portugal toward ultimate tournament success.