Argentina's Nicolas Otamendi (19) and Nahuel Molina (26) scuffle with a Spain player after the World Cup final soccer match between Spain and Argentina in East Rutherford, N.J., near New York, Sunday, July 19, 2026. (AP Photo/Frank Franklin II)
ലോകകപ്പ് ഫൈനലില്‍ സ്പെയിനോട് തോറ്റതിന് പിന്നാലെ ഗ്രൗണ്ടിലുണ്ടാക്കിയ കയ്യാങ്കളിയില്‍ അര്‍ജന്റീനയ്ക്കെതിരെ അച്ചടക്ക നടപടിക്ക് തുടക്കമിട്ട് ഫിഫ. ലിയനേന്ദ്രോ പരഡേസിനും മൊളിനയ്ക്കും അസിസ്റ്റന്‍റ് കോച്ച് റോബര്‍ട്ടോ അയാലയ്ക്കുമെതിരെയാണ് നടപടി. മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന സംഭവങ്ങള്‍ ഫുട്ബോളിന് തന്നെ കളങ്കമുണ്ടാക്കുന്ന ഒന്നാണെന്നും ടൂര്‍ണമെന്‍റില്‍ പലവട്ടം ഫിഫയുടെ ചട്ടങ്ങള്‍ അര്‍ജന്‍റീന കാറ്റില്‍പ്പറത്തിയെന്നും അന്വേഷണ സമിതി വ്യക്തമാക്കുന്നു.
അര്‍ജന്‍റീനയുടെ തിയാഗോ അല്‍മേഡയ്ക്കും സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഗാവിക്കുമെതിരെയും അച്ചടക്ക നടപടി വന്നേക്കും. ഗാവിയെ പിടിച്ച് നിലത്ത് തള്ളിയിട്ടതിനും റോഡ്രിക്കും ഒല്‍മോയ്ക്കും നേരെ കയ്യേറ്റമുണ്ടായതിലും പരഡേസിനും അയാലയ്ക്കും വലിയ വില നല്‍കേണ്ടി വരുമെന്നാണ് സൂചന. കുറ്റം ചെയ്തതായി അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയാല്‍ ഇരുവര്‍ക്കും ദൈര്‍ഘ്യമേറിയ സസ്പെന്‍ഷന്‍ ലഭിക്കാനാണ് സാധ്യത. അനുവദനീയമല്ലാത്ത വാക്കുകള്‍ ഉപയോഗിച്ചു, രാഷ്ട്രീയ പ്രസ്താവനകള്‍ കളിക്കളത്തില്‍ കൊണ്ടുവന്നു, വംശീയ അധിക്ഷേപം നടത്തി എന്നീ കുറ്റങ്ങളും അര്‍ജന്‍റീനയ്ക്ക് മേലുണ്ട്.
സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന് പിന്നാലെയാണ് ഫോക്‌ലന്‍ഡ്സ് ഐലന്‍ഡ് അര്‍ജന്‍റീനയുടേതാണ് എന്നെഴുതിയ ബാനര്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ ബ്രിട്ടന്‍ ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു. ' ആര്‍ട്ടിക്കിള്‍ 13 (കായിക മല്‍സരത്തിന്‍റെ ശോഭ കെടുത്തുമാറ് പെരുമാറി), ആര്‍ട്ടിക്കിള്‍ 14 (5) മോശം പെരുമാറ്റം, ആര്‍ട്ടിക്കിള്‍ 15 (വംശീയ അധിക്ഷേപം), ആര്‍ട്ടിക്കിള്‍ 17 (ക്രമസമാധാനം തകിടംമറിക്കുക) എന്നിവയില്‍ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനെതിരെ അന്വേഷണം നടക്കുന്നു' എന്നാണ് ഫിഫയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിന്‍ അര്‍ജന്‍റീനയെ തോല്‍പ്പിച്ചത്. എക്സ്ട്രാ ടൈമില്‍ ഫെറാന്‍ ടോറസാണ് സ്പെയിനായി വിജയഗോള്‍ നേടിയത്. ടൂര്‍ണമെന്‍റിലെ മിക്ക പുരസ്കാരങ്ങളും സ്വന്തമാക്കിയാണ് സ്പെയിന്‍ മടങ്ങിയത്. ടൂര്‍ണമെന്‍റിലുടനീളം അര്‍ജന്‍റീനയ്ക്ക് അനുകൂല തീരുമാനങ്ങള്‍ ഫിഫ കൈക്കൊണ്ടതായി ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ആരും ഒന്നും സൗജന്യമായി തന്നിട്ടില്ലെന്നും കളിയുടെ മികവ് കൊണ്ടാണ് ഫൈനല്‍ വരെ എത്തിയതെന്നുമായിരുന്നു വിവാദങ്ങളോട് ലയണല്‍ മെസിയുടെ പ്രതികരണം.