Image: AFP & Jorge Messi Instagram
അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പിതാവ് ഹോർഹെ മെസി ആശുപത്രിയില്‍. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികില്‍സയിലാണെന്ന് കുടുംബം ഔദ്യോഗികമായി സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് കുടുംബം ഇക്കാര്യം വ്യക്തമാക്കിയത്. ഹോർഹെ മെസി നിലവിൽ മെഡിക്കൽ നിരീക്ഷണത്തിലാണെന്നും, ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും കുടുംബം അറിയിച്ചു. നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്.
അതേസമയം, മെസിയുെട പിതാവിനെക്കുറിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ അല്‍പം മനുഷ്യത്വം കാണിക്കണമെന്ന് കുടുംബം അഭ്യര്‍ഥിച്ചു. ഹോർഹെ മെസിയുടെ അസുഖത്തെക്കുറിച്ച് വ്യാജ വാർത്തകളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്നും കുടുംബം പറഞ്ഞു. ഹോർഹെ മെസി അന്തരിച്ചുവെന്ന് അര്‍ജന്റീനയിലെ ചില മാധ്യമങ്ങള്‍ വാര്‍ത്തനല്‍കിയിരുന്നു. പിന്നാലെയാണ് കുടുംബം പ്രതികരിച്ചത്. ഇത്തരം സമയങ്ങളിൽ തങ്ങൾ ഉത്തരവാദിത്തവും വിവേകവും മനുഷ്യത്വവും ആവശ്യപ്പെടുന്നു. ഒരാളുടെ ആരോഗ്യവും അവരുടെ പ്രിയപ്പെട്ടവരുടെ മനസമാധാനവും ഊഹാപോഹങ്ങൾക്കോ നിരുത്തരവാദപരമായ മാധ്യമ താൽപ്പര്യങ്ങൾക്കോ വിഷയമാകരുതെന്ന് കുടുംബം അഭ്യർഥിച്ചു.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ അൾജീരിയയ്‌ക്കെതിരെ ഹാട്രിക് കുറിച്ചശേഷം മെസ്സി കണ്ണീരണിഞ്ഞത് ഏറെ ചർച്ചയായിരുന്നു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, താൻ കടന്നുപോകുന്ന വ്യക്തിപരമായ പ്രയാസങ്ങളെക്കുറിച്ച് മെസ്സി സൂചിപ്പിച്ചിരുന്നു. ‘വ്യക്തിപരമായി പ്രയാസകരമായ ദിവസങ്ങളിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. അതിന് ഫുട്ബോളുമായി യാതൊരു ബന്ധവുമില്ല. സഹതാരങ്ങളും ഒപ്പമുള്ളവരും നൽകിയ പിന്തുണയാണ് എനിക്ക് കരുത്താകുന്നത്‘ മെസി പറഞ്ഞു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ മെസി വെളിപ്പെടുത്തിയില്ല. ഇതിനിടെ മെസിയുടെ പിതാവ് ഹോര്‍ഹെ മെസിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചുതുടങ്ങി. പിതാവിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട ആശങ്കകളാണ് മെസിയെ അന്ന് വൈകാരികമായി തളർത്തിയത് എന്ന് പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
തന്റെ മകന്റെ കരിയറിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഹോർഹെ മെസി, ലയണല്‍ മെസിയുടെ ഏജന്റായും ബിസിനസ് മാനേജരായും വർഷങ്ങളായി കൂടെയുണ്ട്. നിലവിൽ ലോകകപ്പ് തിരക്കുകളിലാണെങ്കിലും പിതാവിന്റെ ആരോഗ്യകാര്യത്തിൽ കുടുംബം അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. 68 കാരനായ ഹോർഹെ മെസിയെ ബാധിച്ച അസുഖം എന്താണെന്ന് കുടുംബം വ്യക്തമാക്കിയിട്ടില്ല.