അര്‍ജന്‍റീന ദേശീയ ടീമില്‍ ഇടംനേടി ആഫ്രിക്കന്‍ വംശജന്‍. ഹെയ്റ്റിയില്‍ ജനിച്ച് അർജന്‍റൈന്‍ ദമ്പതികള്‍ ദത്തെടുത്ത കികി റാമോസാണ് അണ്ടര്‍ സെവന്‍റീന്‍ ദേശീയ ടീമില്‍ ഇടംനേടിയത് . ഫുട്ബോള്‍ ടീം തിരഞ്ഞെടുപ്പില്‍ വര്‍ണവിവേചനം കാട്ടുന്നവെന്ന ആരോപണം നേരിട്ടിട്ടുണ്ട് .അര്‍ജന്‍റീന ഇക്വഡോറിനെതിരെ അണ്ടര്‍ 17  സൗഹൃദമല്‍സരത്തില്‍ അര്‍ജന്‍റീനയ്ക്കായി ബൂട്ടണിഞ്ഞപ്പോള്‍ കികി റാമോസ് പുതിയ ചരിത്രം എഴുതുകയായിരുന്നു. ഹെറ്റിയില്‍ ജയിച്ചൊരാള്‍ ആദ്യമായി അര്‍ജന്‍റീനയുടെ ദേശീയ ടീമില്‍ ഇടം നേടിയെന്ന ചരിത്രം. ഖത്തറില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായിട്ടായിരുന്നു ഈ മത്സരം. ഗോള്‍ നേടിയില്ലെങ്കിലും കികിയുടെ കളി ശ്രദ്ധനേടി.

ഹെയറ്റിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസില്‍  2009-ലാണ്  സ്റ്റീഫൻ  കികി റാമോസിന്റെ ജനനം. 2010 ല്‍ ഹെയ്റ്റിലുണ്ടായ ഭൂകമ്പം എട്ടോ ഒന്‍പതോ മാസം പ്രായമുള്ള കികി അതിജീവിച്ചു. അവന്‍റെ മാതാപിതാക്കളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭ്യമല്ല.  അനാഥാലയത്തില്‍ നിന്നാണ് കികിയെ അർജന്‍റൈന്‍ ദമ്പതികൾ ദത്തെടുത്തത്. അവന്‍ പിന്നീട് വളർന്നതും സ്വപ്നങ്ങൾ നെയ്തതും മെസിയുടെ മണ്ണില്‍. ആറാം വയസ്സിൽ വെലെസ് സാർസ്ഫീൽഡിന്‍റെ അക്കാദമിയിലെത്തിയ കികി, വർഷങ്ങൾക്കുള്ളിൽ ക്ലബ്ബിന്‍റെ ഏറ്റവും പ്രതീക്ഷയുള്ള യുവതാരങ്ങളിലൊരാളായി മാറി. ഈ സീസണില്‍ വെലെസിന്‍റെ യുവടീമിനായി പത്തിലേറെ ഗോള്‍ നേടിയതോടെയാണ് ശ്രദ്ധേയനായത്. അത് ദേശീയ ടീമിലേക്കുള്ള വാതിലും തുറന്നു. ഇടത് വിങ്ങിലൂടെ അതിവേഗ കുതിപ്പും, എതിരാളികളെ മറികടക്കുന്ന ഡ്രിബ്ലിംഗും, ഗോൾ കണ്ടെത്താനുള്ള സ്വാഭാവിക മികവും പരിശീലകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇക്വഡോറിനെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്‍റീന ടീമിന്‍റെ വാതില്‍ അവനായി തുറന്നു. ചരിത്ര നിമിഷവും പിറന്നു. ഭൂകമ്പം അതിജീവിച്ചവനാണവന്‍. ഫുട്ബോള്‍ മൈതാനങ്ങളെ ഇനി അവന്‍ പ്രകമ്പനം കൊള്ളിക്കട്ടെ.

Kiki Ramos, an African-born player, has made history by being selected for the Argentina U17 national team, breaking barriers and showcasing talent. :