Takefusa Kubo of Japan is challenged by Frenkie de Jong of Netherlands (Photo by Charlotte Wilson / GETTY IMAGES NORTH AMERICA / Getty Images via AFP)

ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് എഫിലെ ആവേശപ്പോരാട്ടത്തിൽ യൂറോപ്യൻ കരുത്തരായ നെതർലൻഡ്സിനെ സമനിലയിൽ തളച്ച് ജപ്പാൻ. ടെക്സസിലെ ഡാളസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ആദ്യ പകുതി വിരസമായിരുന്നെങ്കിലും, നാല് ഗോളുകൾ പിറന്ന രണ്ടാം പകുതി ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായി മാറി.

മത്സരത്തിന്റെ ആദ്യ 45 മിനിറ്റിൽ ഇരുടീമുകൾക്കും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നെതർലൻഡ്സ് കളി കൈക്കലാക്കി. 51-ാം മിനിറ്റിൽ ക്യാപ്റ്റൻ വിർജിൽ വാൻ ഡിക് ഹെഡ്ഡറിലൂടെ ഡച്ചുകാരെ മുന്നിലെത്തിച്ചു. വാൻ ഡൈകിന്റെ ആദ്യ ലോകകപ്പ് ഗോൾ കൂടിയായിരുന്നു ഇത്. എന്നാൽ ഡച്ച് പടയുടെ ആഹ്ലാദത്തിന് ആറ് മിനിറ്റ് മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. 57-ാം മിനിറ്റിൽ താക്കോഫുസ കുബോയുടെ അസിസ്റ്റിൽ നിന്ന് കെയ്റ്റോ നകാമുറ ജപ്പാനായി സമനില ഗോൾ നേടി. സ്കോർ (1-1).

സമനില വഴങ്ങിയതോടെ നെതർലൻഡ്സ് ആക്രമണം ശക്തമാക്കി. പിന്നാലെ 64-ാം മിനിറ്റിൽ നെതർലൻഡ്സ് വീണ്ടും ലീഡ് എടുത്തു. റയൻ ഗ്രാവൻബർച്ചിന്‍റെ അസിസ്റ്റില്‍ ക്രൈസൻസിയോ സമ്മർവില്‍ തൊടുത്ത മനോഹരമായ കർവിങ് ഷോട്ട് ജപ്പാൻ കീപ്പർ സിയോൺ സുസുക്കിയെ മറികടന്ന് വലയുടെ കോർണറിൽ പതിച്ചു. ക്രൈസൻസിയോ സമ്മർവില്ലയുടെ രാജ്യാന്തര കരിയറിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.

ഈ ഗോളോടെ നെതർലൻഡ്സ് വിജയം ഉറപ്പിച്ചെന്ന് കരുതിയ നിമിഷത്തിലാണ് യഥാർഥ നാടകം അരങ്ങേറിയത്. മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കിനിൽക്കെ (89-ാം മിനിറ്റ്) ജപ്പാന് അനുകൂലമായി ലഭിച്ച കോർണർ കിക്ക് കോകി ഒഗാവ ഹെഡ്ഡ് ചെയ്തു. ഈ പന്ത് മധ്യനിര താരം ഡൈചി കമദ വലയിലെത്തിക്കുകയായിരുന്നു. 

ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയതോടെ ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഗ്രൂപ്പിലെ മറ്റ് ടീമുകളായ സ്വീഡനും ടുണീഷ്യയും തമ്മിലുള്ള മത്സരത്തിന് ശേഷമേ ഗ്രൂപ്പിലെ കൃത്യമായ സ്ഥാനങ്ങൾ വ്യക്തമാകൂ. ഗ്രൂപ്പിലെ അടുത്ത പോരാട്ടത്തിൽ ജൂൺ 20 ശനിയാഴ്ച നെതർലൻഡ്സ് സ്വീഡനെയും, ജപ്പാൻ ടുണീഷ്യയെയും നേരിടും.

ENGLISH SUMMARY:

Japan staged a remarkable late comeback to hold football heavyweights the Netherlands to a 2-2 draw in their 2026 FIFA World Cup Group F opener at the Dallas stadium. After a quiet opening half, the match ignited when Dutch captain Virgil van Dijk headed home his first-ever World Cup goal in the 51st minute. Japan responded quickly through Keito Nakamura, but the Netherlands reclaimed the lead shortly after with a stunning curling strike from Crysencio Summerville. As the match approached its conclusion, Japan refused to yield and secured a dramatic equalizer in the 89th minute through a precise finish by midfielder Daichi Kamada. The draw leaves both teams with a single point as they look ahead to their next crucial group stage fixtures. Netherlands are scheduled to face Sweden, while Japan will take on Tunisia on Saturday, June 20.