Image Credit: Reuters

'2020 ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ തോറ്റത് നന്നായി. അതുകൊണ്ട് ഈ ലോകകപ്പിലെയും 2028ലെ ഒളിംപിക്സിന്‍റെയും ലാഭം പിടിക്കാമല്ലോ...' പറഞ്ഞത് മറ്റാരുമല്ല, ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്‍റ് സാക്ഷാല്‍ ഡോണള്‍ഡ് ട്രംപ് തന്നെ. അത് തമാശയായി പറഞ്ഞതല്ല. ഫിഫ ലോകകപ്പില്‍ നിന്ന് ലഭിക്കുന്ന വരുമാനം എത്രയെന്നും അതിലെത്ര വൈറ്റ് ഹൗസില്‍ എത്തുമെന്നും കണക്കുകൂട്ടി ട്രംപ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി. തുടങ്ങിവച്ച യുദ്ധത്തിന്‍റെ നഷ്ടക്കണക്കുകളില്‍ സമ്പദ് വ്യവസ്ഥ നട്ടം തിരിയുമ്പോഴാണ് ട്രംപിന് ലോകകപ്പ് 'ആശ്വാസം' എത്തുന്നത്. ഫിഫയുടെ സമാധാന പുരസ്കാരം ട്രംപ് 'വാങ്ങിയെടുത്തത്' ഇറാനുമായുള്ള യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ്. ഇറാനും യുഎസും നോക്കൗട്ടില്‍ പരസ്പരം ഏറ്റുമുട്ടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എങ്ങനെയൊക്കെ പണമുണ്ടാക്കാമോ അതിനുള്ള എല്ലാ വഴികളും ട്രംപ് സര്‍ക്കാര്‍ ലോകകപ്പിന്‍റെ നടത്തിപ്പിലും പയറ്റുന്നുണ്ട്. ഫിഫയുമായുള്ള ട്രംപിന്‍റെ ബന്ധവും അതിനുവേണ്ടി പ്രയോജനപ്പെടുത്തുന്നുണ്ട്.

മുന്‍പൊരു ലോകകപ്പിലും ഇല്ലാത്തവിധം ആരാധകരെ പിഴിഞ്ഞാണ് ഈ ലോകകപ്പിന്‍റെ നടത്തിപ്പ്. ന്യൂജഴ്സിയില്‍ ട്രെയിന്‍ ടിക്കറ്റിന് സാധാരണ 12.90 ഡോളറാണെങ്കില്‍ ലോകകപ്പ് സമയത്ത് അത് 100 ഡോളറാക്കി. ടിക്കറ്റ് വരുമാനം നേരിട്ട് കീശയിലെത്തില്ലെങ്കിലും കളി കാണാന്‍ വരുന്ന ആരാധകര്‍ക്ക് താമസം, ടൂറിസം, ഗതാഗത സൗകര്യങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവ സജ്ജമാക്കുന്നതിലൂടെ വലിയ സാമ്പത്തിക നേട്ടം നഗരങ്ങള്‍ക്കുണ്ടാകും. സുരക്ഷയ്ക്കും സൗകര്യത്തിനുമായി വന്‍തുക ചെലവഴിക്കേണ്ടി വരുമെങ്കിലും അന്തിമഫലം ലാഭം തന്നെയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിപണിയിലും ഇതിന്‍റെ മാറ്റം ദൃശ്യമാകും. 

ടിക്കറ്റ് വില്‍പ്പനയിലൂടെ ശതകോടികളാണ് ഫിഫ വരുമാനം പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ കളി കാണണമെങ്കില്‍ 700 ഡോളര്‍ മുതലാണ് ടിക്കറ്റ് നിരക്ക്. പൊതുജനങ്ങള്‍ക്ക് 120 ഡോളറിന് ടിക്കറ്റ് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഗ്രൂപ്പ് ഘട്ടത്തില്‍ ആതിഥേയ രാജ്യങ്ങളുടെ മല്‍സരങ്ങള്‍ക്ക് ഇത് 1500 ഡോളറിലെത്തും. ഫൈനലിനാകട്ടെ 6730 ഡോളര്‍ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. മല്‍സരങ്ങളുടെ ഡിമാന്‍ഡ്, സ്റ്റേഡിയത്തിന്‍റെ ശേഷി, ആതിഥേയരുടെ സാന്നിധ്യം എന്നിവ കണക്കിലെടുത്തുള്ള ഡൈനമിക് പ്രൈസിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ സംഗീതനിശയ്ക്കുള്ള ടിക്കറ്റുമുണ്ട്. അമേരിക്കയില്‍ വച്ച് നടക്കുന്ന മല്‍സരങ്ങള്‍ക്കാണ് ആരാധകര്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരിക.

ആതിഥേയ നഗരങ്ങള്‍ക്കോ, സ്റ്റേഡിയങ്ങള്‍ക്കോ, രാജ്യങ്ങള്‍ക്കോ ഈ വരുമാനത്തില്‍ നിന്ന് നേരിട്ട് പങ്ക് ലഭിക്കില്ല. അക്കൗണ്ടിലെത്തുന്ന തുക സാമ്പത്തികമായി പിന്നാക്കമുള്ള രാജ്യങ്ങളില്‍ ഫുട്ബോള്‍ പരിപോഷിപ്പിക്കാന്‍ ചിലവഴിക്കുമെന്നാണ് ഫിഫ പറയുന്നത്. ടൂര്‍ണമെന്‍റിന്‍റെ നടത്തിപ്പിനും സ്റ്റേഡിയങ്ങള്‍ വാടകയ്ക്കെടുക്കുന്നതിനും സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഒഫീഷ്യലുകളുടെ ചെലവുകള്‍ക്കും ടീമുകള്‍ക്കുള്ള സമ്മാനത്തുകയുമെല്ലാം ഇതില്‍ നിന്നാണ് കണ്ടെത്തുക. റീസെയില്‍ പ്ലാറ്റ്​ഫോമില്‍ നിന്നുള്ള വരുമാനവും ഫിഫയിലേക്ക് തന്നെയെത്തും.

2022 ലെ ഖത്തര്‍ ലോകകപ്പില്‍ മൂന്ന് ബില്യണ്‍ ഡോളറാണ് ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് ലഭിച്ചത്. ഇക്കുറി അതില്‍ ഏഴുമടങ്ങ് വര്‍ധനയുണ്ടായാല്‍ അതിശയിക്കേണ്ടെന്നാണ് നോത്രദാം സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധനായ റിച്ചാര്‍ഡ് ഷീഹന്‍ പറയുന്നത്.  ഓരോ കളിയിലും നിന്നുള്ള ടിക്കറ്റ് വരുമാനത്തില്‍ അഞ്ചുമടങ്ങ് വര്‍ധനയും അദ്ദേഹം പ്രവചിക്കുന്നു.

ENGLISH SUMMARY:

The ongoing FIFA World Cup 2026 has come under intense scrutiny for heavily squeezing football fans through exorbitant ticketing and local transit costs across the United States. US President Donald Trump has openly hinted at the massive financial windfall his administration expects to secure through tourism and hospitality sectors, viewing the event as a timely boost for the economy. In hosting hubs like New Jersey, public transport fares have seen unprecedented surges, with standard $12.90 train tickets skyrocketing to a staggering $100 for match days. FIFA's aggressive dynamic pricing model has pushed group-stage ticket prices up to $1,500 for high-profile matches, while premium final match entries are starting at an astounding $6,730. Although host cities and stadium venues do not receive a direct cut from these multi-billion dollar ticket receipts, the localized surge in accommodation, dining, and retail spending is generating massive regional profits. Financial experts, including Richard Sheehan from the University of Notre Dame, predict that overall ticket revenues could multiply up to seven times compared to the 2022 Qatar edition due to massive stadium capacities and soaring inflation.