ഫുട്ബോൾ ലോകകപ്പ്  വേദികളില്‍ രാഷ്ട്രങ്ങളുടെ കളിശൈലികള്‍ മാത്രമല്ല, കാലഘട്ടത്തിന്‍റെ രാഷ്ട്രീയവും പ്രതിഫലിക്കുന്നു. ഫുട്ബോള്‍ മല്‍സരം പോലെതന്നെ ചിലപ്പോള്‍ രാഷ്ട്രീയ പോരാട്ടം നിശ്ചിത സമയവും പെനല്‍റ്റി ഷൂട്ടൗട്ടും കടന്ന് സഡന്‍ ഡെത്ത് വരെ നീളാറുണ്ട്. ഇറാന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഫുട്ബോള്‍ മൈതാനങ്ങളില്‍ കളിയോടൊപ്പം മുന്നേറുന്ന രാഷ്ട്രീയവും ഏറെ ശ്രദ്ധേയമാകും. 

ലോകം ശ്രദ്ധിക്കുന്ന പന്തില്‍  പലപ്പോഴും നിറയുന്നത് രാഷ്ട്രീയ നിലപാടുകളുടെ കൊടുങ്കാറ്റുകള്‍ കൂടിയാണ്.  പന്തിന്‍റെ ചലനങ്ങള്‍ക്കനുസരിച്ച് അവ തരംഗങ്ങളും പ്രകമ്പനങ്ങളും സൃഷ്ടിക്കുന്നു. 1930-ൽ യുറഗ്വേ ലോകകപ്പ്  മുതൽ ഇന്നുവരെ, അതത് കാലങ്ങളിലെ  രാഷ്ട്രീയ ധ്രുവീകരണങ്ങളും രാഷ്ട്രങ്ങള്‍ തമ്മിലുള്ള കലഹങ്ങളും പ്രതിഫലിച്ചിട്ടുണ്ട്. 1934 ലെ രണ്ടാം ലോകകപ്പില്‍ ‍ ബെനിറ്റോ മുസ്സോളിനിയുടെ ഫാഷിസം കളിക്കളത്തിലേക്കും പകര്‍ന്നു. അദ്ദേഹം കളിക്കാരോട് നിര്‍ദ്ദേശിച്ചു ജയം അല്ലെങ്കിൽ മരണം. ഇറ്റലി കപ്പ് നേടി. പക്ഷേ കപ്പില്‍ പതിച്ചത് വിജയത്തിന്‍റെ തിളക്കത്തെക്കാള്‍ ഫാഷിസത്തിന്‍റെ നിഴലായിരുന്നു.

1966-ലെ ഇംഗ്ലണ്ട് ലോകകപ്പിൽ ആഫ്രിക്കൻ, ഏഷ്യൻ, ഓഷ്യാനിയ മേഖലകളിലെ രാജ്യങ്ങൾക്ക് നേരിട്ട് യോഗ്യത നൽകാതെ ഒരൊറ്റ സ്ലോട്ട് മാത്രമാണ് ഫിഫ അനുവദിച്ചത്. ഈ വിവേചനത്തില്‍ പ്രതിഷേധിച്ച് 15 ആഫ്രിക്കൻ രാജ്യങ്ങൾ ഈ ലോകകപ്പ്  ബഹിഷ്കരിച്ചു. ഈ കടുത്ത രാഷ്ട്രീയ നിലപാടിനെത്തുടർന്നാണ്1970 ന്  ശേഷം ആഫ്രിക്കയ്ക്ക്  നേരിട്ട് യോഗ്യത കിട്ടിയത്. മധ്യഅമേരിക്കൻ രാജ്യങ്ങളായ എൽ സാൽവദോറും ഹോണ്ടുറസും തമ്മിൽ നിലനിന്നിരുന്ന അതിർത്തി-കുടിയേറ്റ തർക്കങ്ങൾ വഷളായിരിക്കെയാണ് 1970 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയത്. കളിക്കളത്തിന് പുറത്തും പോര് പടര്‍ന്നു. ഈ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സായുധ യുദ്ധത്തിലാണ് അവസാനിച്ചത്. രണ്ടായിരത്തിലേറെ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായി.

1976-ൽ അർജന്‍റീനയില്‍ ഭരണം പിടിച്ചെടുത്ത ജോർജ് റഫായേൽ വിദേലയുടെ  സൈനിക ഭരണകൂടം ക്രൂരതകൾ മറച്ചുവെക്കാൻ ലോകകപ്പ് മല്‍സരങ്ങളെ ഉപയോഗിച്ചു. ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെയും സാധാരണക്കാരെയും കൊന്നൊടുക്കിയ ഭരണകൂടം, അർജന്റീന കിരീടം നേടിയപ്പോൾ അത് ഭരണകൂടത്തിന്റെ വിജയമായി അവർ ആഘോഷിച്ചു. എന്നാൽ ഫൈനലിൽ അർജന്റീനയോട് തോറ്റ ഹോളണ്ട് ടീം ഭരണാധികാരികളെ അഭിവാദ്യം ചെയ്യാൻ വിസമ്മതിച്ചത് വലിയ രാഷ്ട്രീയ പ്രഖ്യാപനമായി

1982-ൽ ഫോക്ക്‌ലൻഡ് ദ്വീപുകളുടെ ഉടമസ്ഥതയെച്ചൊല്ലി ബ്രിട്ടനും അർജന്‍റീനയും തമ്മിലുണ്ടായ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് 1986 ല്‍ മെക്സിക്കോ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയത്. ഫോക്‌ലന്‍ഡ് യുദ്ധത്തില്‍ പരാജയപ്പെട്ട അര്‍ജന്‍റീനയ്ക്ക് കണക്കുതീര്‍ക്കാനുണ്ടായിരുന്നു. ആ മത്സരത്തിലാണ് ഡീഗോ മറഡോണ ചരിത്രപ്രസിദ്ധമായ ദൈവത്തിന്‍റെ കൈതൊട്ട ഗോളും  നിന്ന് കുതിച്ചുമുന്നേറിനേടിയ നൂറ്റാണ്ടിന്‍റെ ഗോളും നേടിയത്. അത് വെറുമൊരു വിജയമായിരുന്നില്ല, രാജ്യത്തിന്റെ അഭിമാനം വീണ്ടെടുക്കലായിരുന്നു എന്ന് മറഡോണ പിന്നീട് പറഞ്ഞിട്ടുണ്ട്. അര്‍ജന്‍റീനയോടുള്ള കടുത്ത ആരാധന അവിടെ തുടങ്ങിയതാണ്.

വർഷങ്ങളായി കടുത്ത രാഷ്ട്രീയ ശത്രുത തുടരുന്ന അമേരിക്കയും ഇറാനും 1998-ലെ ലോകകപ്പിൽ ഒരേ ഗ്രൂപ്പിൽ വന്നു.  കനത്ത സുരക്ഷാ ഭീഷണിയുണ്ടായിരുന്ന മത്സരത്തിന് മുന്നോടിയായി ഇറാൻ കളിക്കാർ അമേരിക്കൻ കളിക്കാർക്ക് സമാധാനത്തിന്റെ പ്രതീകമായി വെളുത്ത റോസാപ്പൂക്കൾ സമ്മാനിച്ചു. ഇരുടീമുകളും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തത് കായികരംഗത്തിന് രാഷ്ട്രീയ ഭിന്നതകളെ മറികടക്കാൻ കഴിയുമെന്നതിന്റെ വലിയൊരു തെളിവായി മാറി  ആ മത്സരത്തിൽ ഇറാൻ 2-1 ന് വിജയിക്കുകയും ചെയ്തു. ഇക്കുറി ഇരുടീമുകളുടെ ഗ്രൂപ് മല്‍സരങ്ങളില്‍ ഏറ്റുമുട്ടില്ല. തുടര്‍ന്ന്  എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.

2014-ൽ ക്രൈമിയ പിടിച്ചടക്കിയതിനെ തുടർന്ന് രാജ്യാന്തര തലത്തിൽ ഒറ്റപ്പെട്ട റഷ്യ,  പ്രതിച്ഛായ വീണ്ടെടുക്കാനുള്ള കായിക നയതന്ത്രമായി 2018 ലോകകപ്പിനെ ഉപയോഗിച്ചു. എൽ.ജി.ബി.ടി.ക്യു അവകാശങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, കുടിയേറ്റ തൊഴിലാളികളുടെ മരണങ്ങൾ തുടങ്ങിയ കടുത്ത രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് കൊടുംബിരിക്കൊള്ളുന്ന വേളയിലായിരുന്നു 2022 ലെ ഖത്തര്‍ ലോകകപ്പ് . ജർമ്മനി ഉൾപ്പെടെയുള്ള ടീമുകൾ ഫിഫയുടെ വിലക്കുകളെ മറികടന്ന് മൈതാനത്ത് വായ്പൊത്തിപ്പിടിച്ച് പ്രതിഷേധിച്ചത് വാർത്തയായിരുന്നു. യു.എസ്-ഇറാൻ യുദ്ധവും, അമേരിക്ക പിന്തുടരുന്ന കടുത്ത വീസ-കുടിയേറ്റ നയങ്ങളും ലോകംചര്‍ച്ചചെയ്യുന്ന വേളയിലാണ്  ഇത്തവണത്തെ ലോകകപ്പ്.  മല്‍സരം തുടങ്ങുന്നതിന് മുമ്പുതന്നെ രാഷ്ട്രീയ വിവാദങ്ങള്‍ വിസില്‍ മുഴക്കിക്കഴിഞ്ഞു.

ഫുട്ബോളിൽ രാഷ്ട്രീയം കലർത്തരുതെന്ന്  ഫിഫ നിഷ്കര്‍ഷിക്കാറുണ്ട്. അതൊന്നും വേണ്ടപോലെ വിലപ്പോകാറില്ലെന്ന് മാത്രം. യുദ്ധം, പ്രതിഷേധം, പ്രതിരോധം, നയതന്ത്രം ഇതൊക്കെ ഇത്തവണയും കളിമൈതാനങ്ങളില്‍ തെളിഞ്ഞുവരും. അത് എത്രത്തോളമെന്നേ അറിയേണ്ടൂ.

ENGLISH SUMMARY:

Football World Cup politics reflects not only team styles but also the geopolitical landscape of different eras. These matches often transform into political contests that extend beyond the specified time, sometimes even into penalty shootouts and sudden deaths.