iran-worldcup

ഫിഫ ലോകകപ്പ് മത്സരങ്ങൾക്കിടെ ഭരണകൂടത്തിനെതിരെ കാണികള്‍ പ്രതിഷേധിച്ചാല്‍ മല്‍സരം നിര്‍ത്തിവയ്ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ദേശീയ ടീമിനെതിരെ മുദ്രാവാക്യം വിളികളുയര്‍ന്നാലും കളംവിടാനാണ് കായികമന്ത്രി ടീം മാനേജ്മെന്റിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. 

ലോകകപ്പിൽ ഇറാൻ കളിക്കുന്ന സ്റ്റേഡിയങ്ങളിൽ ആരാധകര്‍ ഇസ്ലാമിക വിപ്ലവത്തിന് മുമ്പുളള ഇറാന്റെ പതാകകൾ കൊണ്ടുവരികയോ ദേശീയ ടീമിനെതിരെ മുദ്രാവാക്യം മുഴക്കുകയോ ചെയ്താൽ, മത്സരം നിർത്തിവയ്ക്കാൻ ടീം മാനേജർക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന് ഇറാന്‍ ഫിഫയെ അറിയിച്ചു.  

ടീമിന്റെ ലോകകപ്പ് പങ്കാളിത്തത്തിനെതിരെ അമേരിക്കയിലെ ഇറാന്‍ വംശജരുടെ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് നടപടി. ജൂൺ 15ന് ലൊസാഞ്ചലസില്‍ ന്യൂസീലൻഡിനെതിരെയാണ് ഇറാന്റെ ആദ്യ മത്സരം. സിയാറ്റിലിൽ നടക്കുന്ന മത്സരത്തിനിടെ പ്രൈഡ് മന്ത് ആഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾ തടയണമെന്ന് ഇറാൻ, ഈജിപ്ത് ഫുട്ബോൾ അസോസിയേഷനുകൾ നേരത്തെ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു. 

സിയാറ്റിലിലെ പ്രൈഡ് വാരാന്ത്യത്തോട് അനുബന്ധിച്ച്  പ്രാദേശിക സംഘാടകർ ഈ മത്സരത്തെ 'പ്രൈഡ് മാച്ച്' ആയി പ്രഖ്യാപിച്ചിരുന്നു. നിലവിൽ മെക്സിക്കോയിലെ ടിഹ്വാനയിൽ പരിശീലിക്കുന്ന ടീമിന്, ഓരോ മത്സരത്തിനും ഒരു ദിവസം മുൻപു മാത്രമേ യുഎസിൽ പ്രവേശിക്കാനാകൂ. 

ENGLISH SUMMARY:

Iran has warned that World Cup matches will be suspended if fans protest against the government during games. This directive also includes team management being prepared to leave the field if slogans are raised against the national team.