ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാനെ ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്‍റെ മുഖ്യപരിശീലകനായി നിയമിച്ചു. 2030 ലോകകപ്പ് വരെ നാലുവർഷത്തെ കരാറിലാണ് നിയമനം. ലോകകപ്പ് സെമിഫൈനലിലെ തോൽവിക്കു പിന്നാലെ ദിദിയെ ദെഷാമിന്റെ പരിശീലക കാലാവധി അവസാനിച്ചതോടെയാണ് പുതിയ നിയമനം. റയൽ മഡ്രിഡിന്റെ മുൻ പരിശീലകനായ 54കാരനായ സിദാൻ 1994 മുതൽ 2006 വരെ ഫ്രാൻസിനായി 108 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.
1998 ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിൽ ദിദിയെ ദെഷാമിന്റെ സഹതാരമായിരുന്നു സിദാൻ. റയൽ മഡ്രിഡിനെ തുടർച്ചയായി മൂന്ന് യുവേഫ ചാംപ്യൻസ് ലീഗ് കിരീടങ്ങളിലേക്ക് നയിച്ച അപൂർവ നേട്ടവുമായാണ് അദ്ദേഹം ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് എത്തുന്നത്. 2021ൽ റയൽ മഡ്രിഡിന്‍റെ പരിശീലകസ്ഥാനമൊഴിഞ്ഞതിന് ശേഷം സിദാൻ ഒരു ടീമിന്റെയും ചുമതല ഏറ്റെടുത്തിരുന്നില്ല. ദേശീയ ടീമിന്‍റെ പരിശീലകസ്ഥാനവുമായി അദ്ദേഹത്തിന്‍റെ പേര് പലതവണ ഉയർന്നിരുന്നെങ്കിലും ഇപ്പോഴാണ് നിയമനം യാഥാർഥ്യമായത്.
1990-കളിലും 2000-ങ്ങളുടെ ആദ്യ പകുതിയിലും ലോകം കണ്ട ഏറ്റവും മികച്ച പ്ലേമേക്കർമാരിലൊരാളായിരുന്നു സിദാൻ. ഫ്രാൻസിനെ ലോകഫുട്ബോളിലെ ശക്തരായ രാജ്യങ്ങളുടെ നിരയിലേക്ക് ഉയർത്തുന്നതിൽ അദ്ദേഹത്തിന്‍റെ പങ്ക് നിർണായകമായിരുന്നു. കളിക്കാരനെന്ന നിലയിൽ കാട്ടിയ മികവ് പരിശീലകജീവിതത്തിലും അദ്ദേഹം ആവർത്തിച്ചു.
1972 ജൂൺ 23ന് ഫ്രാൻസിലെ മാഴ്സെയില്‍ തൊഴിലാളി കുടുംബങ്ങൾ കൂടുതലായി താമസിച്ചിരുന്ന ലാ കാസ്റ്റലാനെയിലായിരുന്നു സിനദിൻ യാസിദ് സിദാന്റെ ജനനം. അൾജീരിയൻ വംശജരായ മാതാപിതാക്കളുടെ അഞ്ച് മക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പിതാവ് ഒരു വെയർഹൗസ് ജീവനക്കാരനായിരുന്നു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരുന്ന കുടുംബത്തിൽ വളർന്ന സിദാൻ കഠിനാധ്വാനവും അസാധാരണമായ പ്രതിഭയും കൊണ്ടാണ് ലോകഫുട്ബോളിന്‍റെ നെറുകയിലെത്തിയത്.
കുട്ടിക്കാലത്ത് സഹോദരങ്ങൾക്കൊപ്പം തെരുവിൽ ഫുട്ബോൾ കളിച്ചാണ് സിദാന്‍റെ തുടക്കം. പഠനത്തിൽ അത്ര മികവില്ലായിരുന്നെങ്കിലും ഫുട്ബോളിനോടുള്ള അഭിനിവേശം തിരിച്ചറിഞ്ഞ മാതാപിതാക്കൾ സിദാനെ പ്രോത്സാഹിപ്പിച്ചു. 14-ാം വയസ്സിൽ ഫ്രഞ്ച് ക്ലബ്ബായ എഎസ് കാൻസിന്‍റ യൂത്ത് അക്കാദമിയിൽ ചേർന്ന സിദാൻ, 1989ൽ 17-ാം വയസ്സിൽ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചു.
1992ൽ ബോർഡോയിലേക്ക് മാറിയതോടെ ഫ്രഞ്ച് ഫുട്ബോളിൽ തന്‍റെ സാന്നിധ്യം ശക്തമാക്കി. 1996ൽ ഇറ്റാലിയൻ വമ്പൻ ക്ലബ്ബായ യുവന്റസിലെത്തിയതോടെയാണ് ലോകോത്തര താരമെന്ന നിലയിൽ സിദാൻ ഉയർന്നത്. യുവന്റസിനെ രണ്ട് സീരി എ കിരീടങ്ങളിലേക്ക് നയിക്കുന്നതിലും ചാംപ്യൻസ് ലീഗ് ഫൈനലിലെത്തിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു. 2001ൽ റയൽ മഡ്രിഡ് അന്നത്തെ റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് സിദാനെ സ്വന്തമാക്കി. 1998ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ബ്രസീലിനെ 3–0ന് തോൽപ്പിച്ച ഫൈനലിൽ രണ്ട് ഗോളുകൾ നേടി ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് കിരീടനേട്ടത്തിന് ചുക്കാൻ പിടിച്ചതും സിദാനായിരുന്നു. പിന്നീട് 2003ൽ ഫിഫ ലോക ഫുട്ബോളർ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
2002 ലോകകപ്പിൽ പരുക്ക് മൂലം സിദാന് പൂർണ മികവിൽ കളിക്കാനായില്ല. ഫ്രാൻസ് ആദ്യ റൗണ്ടിൽ തന്നെ പുറത്താവകയും ചെയ്തു. എന്നാൽ 2006 ലോകകപ്പിൽ ഫ്രാൻസിനെ വീണ്ടും ഫൈനലിലെത്തിച്ച സിദാൻ, ഇറ്റലിയുടെ മാർക്കോ മറ്റെരാസിയെ തലകൊണ്ട് ഇടിച്ചതിനെ തുടർന്ന് ചുവപ്പുകാർഡ് കണ്ട് പുറത്തായി. ഫ്രാൻസ് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതോടെ സിദാനും തന്‍റെ കളിജീവിതത്തിന് വിരാമമിട്ടു.
എന്നാൽ പരിശീലകവേഷത്തിൽ അദ്ദേഹം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. റയൽ മഡ്രിഡിനെ തുടർച്ചയായി മൂന്ന് യുവേഫ ചാംപ്യൻസ് ലീഗ് കിരീടങ്ങളിലേക്ക് നയിച്ച് ചരിത്രമെഴുതിയ സിദാൻ, ലോകത്തിലെ ഏറ്റവും വിജയകരമായ പരിശീലകരിലൊരാളായി മാറി. ഇനി ഫ്രാൻസ് ദേശീയ ടീമിനെ വീണ്ടും ലോകകിരീടത്തിലേക്ക് നയിക്കുകയെന്ന വെല്ലുവിളിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.