ronaldo-modric-neuer-2

യുവത്വമാണ് ഏറ്റവും വലിയ മുതൽക്കൂട്ട് എന്നു കരുതുന്നിടത്ത്, കഴിവുള്ളവര്‍ ഏത് പ്രായക്കാരാണെങ്കിലും അങ്ങനെയൊന്നും മാറ്റിനിർത്താനാവില്ലെന്നതിന്റെ തെളിവാണ് ഇത്തവണത്തെ ലോകകപ്പ്. നാൽപതോ അതിൽ കൂടുതലോ പ്രായമുള്ള എട്ട് താരങ്ങളാണ് ഇക്കുറി ലോകകപ്പിനെത്തുന്നത്.  കഴിഞ്ഞ 22 ലോകകപ്പുകളിലുമായി ആകെ പങ്കെടുത്ത നാല്‍പതുകാരേക്കാള്‍ കൂടുതല്‍. 

 

മുൻപ് ഈ അപൂർവ പട്ടികയിൽ ഇടംപിടിച്ചവരിൽ ആറ് ഗോൾകീപ്പർമാരും കാമറൂൺ സ്ട്രൈക്കർ റോജർ മില്ലയുമുണ്ട്. 1994 ലോകകപ്പില്‍ 42-ാം വയസ്സിൽ വലകുലുക്കിയ മില്ലയുടെ പേരിലാണ് ലോകകപ്പില്‍ ഗോൾ നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡ്. ഇത്തവണയും മില്ലയുടെ നേട്ടം മറികടക്കാൻ ആരുമില്ലെങ്കിലും, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്ക മോഡ്രിച്ച്, എഡിൻ സെക്കോ തുടങ്ങിയവർ നാൽപ്പതു കഴിഞ്ഞ ലോകകപ്പ് ഗോൾ സ്കോറർമാരുടെ ക്ലബ്ബിൽ ഇടം നേടാനുള്ള ശ്രമത്തിലാണ്.

 

2026 ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരം സ്കോട്‌ലൻഡ് ഗോൾകീപ്പർ ക്രെയ്ഗ് ഗോർഡനാണ്. 43 വയസ്. കളത്തിലിറങ്ങിയാൽ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാകും ഗോർഡൻ. 2018ൽ റഷ്യയില്‍ സൗദി അറേബ്യയ്ക്കെതിരെ ഈജിപ്തിനായി ഗോൾവല കാക്കുമ്പോൾ 45 വയസ്സുണ്ടായിരുന്ന എസ്സം അൽ ഹദാരിയാണ് പട്ടികയിൽ ഒന്നാമത്. നാൽപ്പത്തിയൊന്നുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് പ്ലെയർ.

 

ഈ ടൂർണമെന്റിലെ നാൽപ്പതു കഴിഞ്ഞ മറ്റു താരങ്ങളിൽ ലോകകപ്പിലെ പുതുമുഖങ്ങളായ കേപ് വെർദെയുടെ ഗോൾകീപ്പർ വോസിഞ്ഞ,  ജർമൻ ഗോള്‍കീപ്പര്‍ മാനുവൽ നോയർ എന്നിവരുൾപ്പെടുന്നു. യുറഗ്വായ് ഗോൾകീപ്പർ ഫെർണാണ്ടോ മുസ്‌ലേരയ്ക്ക് അടുത്ത ചൊവ്വാഴ്ച 40 വയസ്സ് തികയും. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ മയാമിയിൽ സൗദി അറേബ്യയ്ക്കെതിരെ യുറഗ്വായ് കളത്തിലിറങ്ങുന്നതിന്റെ പിറ്റേന്ന്. 

ENGLISH SUMMARY:

The 2026 FIFA World Cup will feature a record eight players aged 40 and above, highlighting the growing longevity of elite football careers. From Cristiano Ronaldo and Luka Modrić to Craig Gordon and Manuel Neuer, veteran stars are set to make history on football's biggest stage. The tournament will also see several players chase Roger Milla's iconic record as the oldest goalscorer in World Cup history.