NewProject

പ്രതിസന്ധികളുടെ പരകോടിയില്‍ നിന്നാണ് ഇറാന്‍ ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടിയത്. കളിക്കളത്തിലേതിനേക്കാള്‍ വലിയ പോരാട്ടത്തിലാണ് ഇപ്പോള്‍ ഇറാന്‍ ടീം. യുദ്ധത്തിലെ പക കളിക്കളത്തില്‍ തീര്‍ക്കുന്നതുപോലെയാണ് അമേരിക്കയുടെ പെരുമാറ്റം. 2026ലെ ഫിഫ ലോകകപ്പിന് ആതിഥ്യമരുളുന്ന അമേരിക്ക ഇറാന്‍ ടീമിന് ഏര്‍പ്പെടുത്തിയിരിക്കുന്നത് കടുത്ത യാത്രാനിബന്ധനകളാണ്. മത്സരദിവസം രാവിലെ മാത്രമേ ടീമംഗങ്ങള്‍ക്കും പരിശീലകസംഘത്തിനും അമേരിക്കയില്‍ പ്രവേശനം അനുവദിക്കൂ. മത്സരം കഴിഞ്ഞാലുടന്‍ നാടുവിടുകയും വേണം. മെക്സിക്കോയിലെ ഇറാന്‍ അംബാസഡര്‍ അബ്ദുല്‍ ഫസലാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ ഇറാന്റെ മത്സരങ്ങള്‍ അമേരിക്കയിലാണ് നടക്കുന്നത്. എന്നാല്‍ ടീം തങ്ങളുടെ ബേസ് ക്യാംപ് മെക്സിക്കോയിലായിരിക്കും ഒരുക്കുക. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരങ്ങള്‍ അമേരിക്കയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ഇറാന്റെ ആവശ്യം ഫിഫ അംഗീകരിച്ചിട്ടില്ല. അമേരിക്കയിലെ അരിസോണയില്‍ പരിശീലന ക്യാംപ് സംഘടിപ്പിക്കാനായിരുന്നു ഇറാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആ തീരുമാനം മാറ്റുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ അമേരിക്കന്‍ അധികൃതരോ ഫിഫയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

മത്സരദിവസം തന്നെ ദീര്‍ഘദൂര വിമാനയാത്ര നടത്തി കളിക്കേണ്ട സാഹചര്യം താരങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. സാധാരണയായി ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ മത്സരങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ആതിഥേയ രാജ്യത്ത് എത്തി താമസിക്കുകയും പരിശീലനം നടത്തുകയും ചെയ്യാറുണ്ട്.

ഇറാനുള്ള നിയന്ത്രണങ്ങള്‍ അവിടെയും തീരുന്നില്ല. ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷനിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴും യാത്രാനുമതി ലഭിച്ചിട്ടില്ല. സെക്രട്ടറി ജനറല്‍ ഹെദായത്ത് മൊംബിനി, വൈസ് പ്രസിഡന്റ് മെഹ്ദി മുഹമ്മദ് നബി എന്നിവരുള്‍പ്പെടെ 14 പേര്‍ വിസയ്ക്കായികാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജിന് വിസ അനുവദിച്ചിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. അനുമതി ലഭിച്ച സംഘാംഗങ്ങള്‍ ശനിയാഴ്ച തുര്‍ക്കിയില്‍നിന്ന് സ്പെയിന്‍ വഴി യാത്ര തിരിച്ചു. യഥാര്‍ഥ കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും അമേരിക്കയില്‍ പ്രവേശനം അനുവദിക്കുമെന്നും, എന്നാല്‍ ഇറാന്റെ ഇസ്‌ലാമിക് റെവലൂഷനറി ഗാര്‍ഡ് കോര്‍പ്സുമായി ബന്ധമുള്ളവരെ രാജ്യത്തേക്ക് കടത്തിവിടില്ലെന്നും യു.എസ്. വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

Iran's World Cup qualification comes amidst significant challenges, with the team now facing major hurdles with USA travel restrictions for the 2026 FIFA World Cup. These stringent rules, including arrival on match day and immediate departure, highlight the political tensions affecting the team's preparation and performance.