ഈ ലോകകപ്പില്‍ ഇറ്റലിയില്ല. എന്നാല്‍ ഇറ്റാലിയന്‍ സംഘം പരിശീലിപ്പിക്കുന്ന ടീം ഈ ലോകകപ്പിനുണ്ട്. 'വെളുത്ത ചെന്നായ്ക്കൾ' എന്നറിയപ്പെടുന്ന ടീം, ഉസ്ബെക്കിസ്ഥാന്‍. 2006ല്‍ ഇറ്റലിക്ക് ലോകകപ്പ് നേടിക്കൊടുത്ത ഫാബിയോ കന്നവാരോ ആണ് ഉസ്ബെക്കിസ്ഥാന്റെ മുഖ്യപരിശീലകന്‍.
3.7 കോടി ജനങ്ങളുള്ള മധ്യേഷ്യൻ രാജ്യമായ ഉസ്ബക്കിസ്ഥാൻ ഇതാദ്യമായാണ് ലോകകപ്പ് ഫുട്ബോളിന് എത്തുന്നത്. ചരിത്രത്തിൽ ഇടംനേടും. 'വെളുത്ത ചെന്നായ്ക്കൾ' എന്നറിയപ്പെടുന്ന ടീം, ഈമാസം 17ന് മെക്സിക്കോ സിറ്റിയിൽ കൊളംബിയയെ നേരിട്ടുകൊണ്ട് ലോകകപ്പിന് തുടക്കമിടും. ഗ്രൂപ്പ് കെ-യിൽ പോർച്ചുഗൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവരാണ് മറ്റ് എതിരാളികൾ.
ലോകകപ്പിലെ ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആയി ഉയർത്തിയതാണ് ഉസ്ബക്കിസ്ഥാന്റെ യോഗ്യതയ്ക്ക് വഴിയൊരുക്കിയത്. ഫിഫ റാങ്കിങ്ങിൽ 50-ാം സ്ഥാനത്തുള്ള ഉസ്ബക്കിസ്ഥാന്റെ ഈ നേട്ടത്തിനുപിന്നിൽ യുവ ഫുട്ബോളിൽ നടത്തിയ ചിട്ടയായ നിക്ഷേപമാണ്. സമീപ വർഷങ്ങളിൽ അവരുടെ അണ്ടർ 23, അണ്ടർ 20, അണ്ടർ 17 ടീമുകൾ ഏഷ്യൻ കപ്പ് കിരീടങ്ങൾ നേടിയിരുന്നു. 2006ൽ ഇറ്റലിക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകൻ ഫാബിയോ കന്നവാരോ കഴിഞ്ഞ വർഷം ആണ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്.
"ഇത് ഞങ്ങളുടെ ആദ്യ ലോകകപ്പാണ്. അതിനാൽ കളിക്കാരിൽ അനാവശ്യ സമ്മർദം സൃഷ്ടിക്കാതെ, കളി ആസ്വദിക്കാനുള്ള അവസരം നൽകുകയാണ് പ്രധാനമെന്ന്," കന്നവാരോ പറഞ്ഞുകഴിഞ്ഞു. ഫാബിയോയുടെ സഹോദരന്‍ പൗലോ കന്നവാരോയാണ് അസിസ്റ്റന്റ് കോച്ച്. ഇറ്റലിക്കാരനായ ഫ്രാന്‍സ്കോ ട്രോയിസും പൗലോയ്ക്കൊപ്പം അസിസ്റ്റന്റ് കോച്ചായിട്ടുണ്ട്.
ഗോള്‍ കീപ്പര്‍ കോച്ച് അന്റോണിയോ കിമെന്റിയും ഫിറ്റ്നസ് കോച്ച് യുജിനിയോ ആബറെല്ലയും ഇറ്റലിക്കാര്‍തന്നെ. ടീമിലെ മൂന്നു പേർ ഉസ്ബെക്കിസ്ഥാനു പുറത്തുള്ള ക്ലബ്ബുകൾക്കായാണ് കളിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം അബ്ദു കോദിർ ഖുസനോവ്, മുന്നേറ്റനിരയിലെ എൽദോർ ഷോമുറോഡോവ്, അറ്റാക്കിങ് മിഡ്ഫീൽഡർ അബ്ബോസ് ബെക് ഫൈസുല്ലേവ് എന്നിവരാണിവരാണ് രാജ്യത്തിന് പുറത്ത് കളിക്കുന്നത്. ശേഷിക്കുന്ന കളിക്കാരെല്ലാം രാജ്യത്തെ ആഭ്യന്തര ലീഗിലാണ് മത്സരിക്കുന്നത്. കൊളംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, പോർച്ചുഗൽ എന്നീ ശക്തരായ എതിരാളികളുള്ള കടുപ്പമേറിയ ഗ്രൂപ്പിലാണ് ഉസ്ബെക്കിസ്ഥാന്റെ സ്ഥാനം. ഈമാസം 18ന് കൊളംബിയ്ക്ക് എതിരെയാണ് വെളുത്ത ചെന്നായ്ക്കളുടെ ആദ്യമല്‍സരം.