മാർപ്പാപ്പയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ സ്പെയിൻ സന്ദർശനത്തിനിടെ ഫുട്ബോൾ ക്ലബ് ഏതെന്ന് പരസ്യമാക്കി ലിയോ പതിനാലാമൻ മാർപ്പാപ്പ. വിമാനയാത്രയ്ക്കിടെ ഒരു മാധ്യമപ്രവർത്തകൻ ഉന്നയിച്ച ചോദ്യത്തിനാണ് പോപ്പ് ഉടന്‍ മറുപടി നൽകിയത്. 'ഏത് ടീമിനെയാണ് അങ്ങേയ്ക്ക് കൂടുതൽ ഇഷ്ടം? റയൽ മാഡ്രിഡോ അതോ ബാഴ്സലോണയോ?' എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.
ഒട്ടും ആലോചിക്കാതെ തന്നെ പോപ്പ് തന്റെ മറുപടി നൽകി: "ഉത്തരം വളരെ എളുപ്പമല്ലേ... പോപ്പ് എന്ന നിലയിൽ ഞാൻ എല്ലാ ടീമുകൾക്കുമൊപ്പമാണ്, എന്നാൽ റോബർട്ട് പ്രെവോസ്റ്റ് എന്ന വ്യക്തി എന്നും റയൽ മാഡ്രിഡിനൊപ്പമാണ്."
ഇറാനിൽ നടക്കുന്ന അമേരിക്കൻ-ഇസ്രായേൽ സൈനിക നീക്കങ്ങളിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടുകളോട് വിയോജിപ്പും കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയ പോപ്പ്, എന്നാൽ വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ താൻ അമേരിക്കൻ ടീമിനെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി. മുൻപ് അമേരിക്കയേക്കാൾ പെറു ടീമിനോടാണ് തനിക്ക് താല്പര്യമെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ ഇത്തവണ പെറുവിന് ലോകകപ്പ് യോഗ്യത നേടാനായില്ല. സൗത്ത് ചിക്കാഗോ സ്വദേശിയായ ലിയോ പതിനാലാമൻ മാർപ്പാപ്പ മുൻപ് പെറുവിൽ മിഷനറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.