ലോകകപ്പ് ഫുട്ബോളിൻ്റെ ആവേശത്തിലാണ് നാട് മുഴുവൻ. ആ ആവേശം മുതലാക്കി ഒരു പോസ്റ്റിടാൻ ശ്രമിച്ചതാണ് കേരള പോലീസ്. പക്ഷെ കൈ പൊളളിയതോടെ പോസ്റ്റ് മുക്കിയിരിക്കുകയാണ് കേരള പൊലീസിൻ്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന പൊലീസ് മാമൻമാർ.
അർജൻ്റീനക്കെതിരായ വിമർശനവും പരിഹാസവും ഏറ്റെടുത്തതാണ് പണിയായത്. ലോകകപ്പിൽ ഈജിപ്തിനെ അർജൻറീന തോൽപ്പിച്ചതിന് പിന്നാലെ അർജൻറീനയെ ഫിഫ സഹായിക്കുന്നതായി ആക്ഷേപം ശക്തമായിരുന്നു. ഈജിപ്തും ആയിട്ടുള്ള മത്സരത്തിലെ റഫറിയുടെ ചില തീരുമാനങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു ഈ ആക്ഷേപം.
ഈ ആക്ഷേപം ഏറ്റുപിടിച്ചാണ് കേരള പോലീസ് ഇന്ന് പോസ്റ്റിട്ടത്. മെസിയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന റഫറിയുടെ ചിത്രമായിരുന്നു പോസ്റ്റ്. ഒപ്പമുണ്ട് എന്ന അടിക്കുറിപ്പും കൊടുത്തു. കേരളത്തിനൊപ്പം കേരള പോലീസ് ഉണ്ട് എന്ന് പറയുകയായിരുന്നു പോലീസിന്റെ ലക്ഷ്യം. പക്ഷേ ഫുട്ബോൾ പ്രേമികൾക്കിടയിലെ പരിഹാസം അതിനായി ആയുധം ആക്കിയതോടെ കേരള പോലീസിന്റെ കമന്റ് ബോക്സ് അർജൻറീന ആരാധകർ തൂക്കി. നിമിഷങ്ങൾക്കുള്ളിൽ നൂറുകണക്കിന് പരിഹാസവും വിമർശനവും ചീത്തവിളിയുമാണ് കേരള പോലീസിന് കേൾക്കേണ്ടിവന്നത്. ഇതോടെ പോസ്റ്റ് മുക്കുക അല്ലാതെ പോലീസിന് മറ്റൊരു വഴിയുണ്ടായിരുന്നില്ല.
സോഷ്യൽ മീഡിയ പേജിൽ നിന്ന് പോസ്റ്റു മുക്കിയെങ്കിലും അതിൻറെ സ്ക്രീൻഷോട്ട് ഉപയോഗിച്ച് ഇപ്പോഴും പോലീസിനെതിരെ വിവിധ ഫുട്ബോൾ സംഘടനകളും ഫുട്ബോൾ പ്രേമികളും കടുത്ത വിമർശനം തുടരുകയാണ്.