lamine-yamal-mbappe-messi-ronaldo-1

ഈ ലോകകപ്പില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ തകര്‍ന്നുവീഴാം. അതില്‍ പ്രധാനപ്പെട്ട ചിലത് നോക്കാം. ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമാകാന്‍ ലയണല്‍ മെസിക്ക് ഇനി നാലുഗോള്‍ കൂടി മതി. 48 ടീമുകള്‍ പങ്കെടുക്കുന്ന ഈ ലോകകപ്പാവും ഏറ്റവും കൂടുതല്‍ ഗോളാഘോഷം കാണുക. ഗോള്‍ഡന്‍ ബൂട്ട് നേടുന്ന പ്രായം കുറഞ്ഞ താരമാകാന്‍ ലമീന്‍ യമാലിന് ഇത് സുവര്‍ണാവസരമാണ്. 

 

ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോള്‍ എന്ന റെക്കോര്‍ഡ് ലയണല്‍ മെസി തകര്‍ക്കുമോ എന്നാണ് കാത്തിരിക്കുന്നത്. 2014ലെ ലോകകപ്പിലാണ് ക്ലോെസ 16 ഗോള്‍ നേട്ടം കൈവരിച്ചത്. ബ്രസീലിന്റെ റൊണാള്‍ഡോയുടെ 15 ഗോള്‍ ആണ് ക്ലോസെ തകര്‍ത്തത്. 13 ഗോളുകള്‍ നേടിയ മെസി, 12 ഗോളുകള്‍ നേടിയ എംബപെ. ഇവരില്‍ ആരാകും റെക്കോര്‍ഡ് തകര്‍ക്കുക എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. 38കാരനായ മെസിക്ക് ഇനിയൊരു ലോകകപ്പില്‍ കളിക്കാന്‍ ആകുമെന്ന് ഉറപ്പില്ല. എന്നാല്‍ 28കാരനായ എംബാപെ അടുത്ത ലോകകപ്പും കളിക്കാന്‍ സാധ്യതയുണ്ട്. എട്ടുഗോള്‍ വീതം നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഹാരി കെയ്നും നെയ്മാറും മെസിക്കും എംബപക്കും പിന്നാലെയുണ്ട്. 

 

ഖത്തർ ലോകകപ്പിൽ 32 ടീമുകൾ പങ്കെടുത്ത 64 മത്സരങ്ങളിൽനിന്ന് പിറന്നത് 172 ഗോളുകളാണ്. 1998, 2014 ലോകകപ്പുകളിൽ സ്ഥാപിച്ച 171 ഗോളുകളാണ് ഖത്തറില്‍ തകര്‍ന്നത്.  2026ൽ ടീമുകളുടെ എണ്ണം 48 ആയും മത്സരങ്ങൾ 104 ആയും വർധിക്കുന്നതോടെ ഈ റെക്കോർഡ് തകരുമെന്ന് ഉറപ്പ്. ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്ന പ്രായംകുറഞ്ഞ താരം ഒരുപക്ഷെ ഈ ലോകകപ്പില്‍ കണ്ടേക്കാം. 2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പില്‍ ജര്‍മനിയുടെ 20കാരന്‍  തോമസ് മുള്ളർ ഗോൾഡൻ ബൂട്ട് നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനായി. 

 

പതിനാറ് വർഷങ്ങൾക്ക് ഇപ്പുറം, ആ റെക്കോർഡ് തകർക്കാൻ കരുത്തനായ ഒരു പിൻഗാമിയെത്തിയിരിക്കുന്നു. അത് സ്പെയിനിന്റെ ലമീൻ യമാലാണ്. 18കാരന്‍ ലമീന്‍ യമാല്‍, ലോകത്തെ ഏറ്റവും മികച്ച യുവതാരങ്ങളില്‍ കേമനാണ്. സ്പെയിന്‍ ലോകകപ്പില്‍ മുന്നേറുകയാണെങ്കില്‍ യമാലിന് മുള്ളറെ മറികടക്കാം. എന്നാൽ, ഈ നേട്ടം കൈവരിക്കാനാകുമോ എന്നതിൽ താരത്തിന്റെ ഫിറ്റ്നസ് നിർണായകമാകും. 

 

1930-ലെ പ്രഥമ ലോകകപ്പ് മുതൽ ഇന്നുവരെ, നാൽപ്പതോ അതിൽ കൂടുതലോ പ്രായമുള്ള ഏഴു താരങ്ങൾ മാത്രമാണ് ടൂർണമെന്റിൽ കളത്തിലിറങ്ങിയത്. എന്നാൽ, ഈ താരങ്ങളുടെയെല്ലാം പങ്കാളിത്തം വിവിധ ലോകകപ്പുകളില്‍ ആയിട്ടായിരുന്നു. 2026-ൽ ഈ ചരിത്രം വഴിമാറും. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ വെറ്ററൻ താരങ്ങളിൽ ഇറങ്ങുന്ന ലോകകപ്പാവും ഇത്. 41കാരന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നാല്‍പതില്‍ നില്‍ക്കുന്ന മാനുവല്‍ നോയറും ലൂക്കാ മോഡ്രിച്ചും ഉള്‍പ്പെടെ ഏഴുപേര്‍ 40 പിന്നിട്ടവരാണ്.

ENGLISH SUMMARY:

The FIFA World Cup 2026 could become a tournament of historic milestones and record-breaking achievements. Lionel Messi is just four goals away from surpassing Miroslav Klose’s all-time World Cup scoring record, while Kylian Mbappé continues his pursuit of football immortality. Spain’s teenage sensation Lamine Yamal is aiming to become the youngest-ever Golden Boot winner, and the expanded 48-team format is expected to shatter previous goal-scoring records. Veteran stars including Cristiano Ronaldo, Luka Modrić, and Manuel Neuer could also rewrite history as some of the oldest players to compete on football’s biggest stage.