കോംഗോയില്‍ എബോള പടരുന്നതിനിടെ ലോകകപ്പിനൊരുങ്ങുന്ന കോംഗോ ടീമിന് മുന്നറിയിപ്പുമായി ആതിഥേയരായ അമേരിക്ക. 21 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞില്ലെങ്കില്‍  ലോകകപ്പില്‍ മല്‍സരിക്കാന്‍ അനുവദിക്കില്ലെന്നാണ്  മുന്നറിയിപ്പ്.  

മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള വൈറസ് വ്യാപനം മാരകമായതിനെ തുടർന്നാണ് വൈറ്റ് ഹൗസ് ലോകകപ്പ് ടാസ്ക് ഫോഴ്സിന്‍റെ മുന്നറിയിപ്പ്. നിലവില്‍ ബെല്‍ജിയത്തിലാണ് കോംഗോ ടീമിന്‍റെ പരിശീലന ക്യാംപ്. ബെല്‍ജിയത്തില്‍ തന്നെ ക്വാറന്‍റീനില്‍ കഴിഞ്ഞശേഷം യുഎസിലേക്ക് വന്നാല്‍ മതിയെന്നും അല്ലെങ്കില്‍ രാജ്യത്ത് പ്രവേശനം നിഷേധിക്കുമെന്നുമാണ് മുന്നറിയിപ്പ്.  കോംഗോ സർക്കാരിനും യുഎസ് നിര്‍ദേശം കൈമാറി.  കോംഗോയുടെ ആദ്യ മത്സരം ക്രിസ്റ്റാനൊ റൊണാള്‍ഡോ ഉള്‍പ്പെടുന്ന പോർച്ചുഗലിനെതിരെയാണ്. അടുത്തയാഴ്ച്ച ഡെന്‍മാര്‍ക്കിനെതിരെയും  ചിലിക്കെതിരെയും കോംഗോയ്ക്ക് സൗഹൃദ മത്സരങ്ങളുണ്ട്. ക്വാറന്‍റീനില്‍ കഴിയണമെങ്കില്‍ ഈ മല്‍സരങ്ങള്‍ ഉപേക്ഷിക്കേണ്ടിവരും.  പരിശീലകൻ സെബാസ്റ്റ്യൻ ദെസാബറെ ഉൾപ്പെടെ ടീമിലെ കളിക്കാരെല്ലാം  യൂറോപ്പിലെ സ്ഥിരം താമസക്കാരാണ്. അതേസമയം, ടീമിലെ ഏതാനും ഭാരവാഹികൾ ഈ ആഴ്ച ആദ്യം കോംഗോയില്‍ നിന്ന് ബെൽജിയത്തിലെ പരിശീലന ക്യാംപിൽ എത്തിയിരുന്നു. 177 പേരാണ് എബോള ബാധിച്ച് ഇതിനോടകം കോംഗോയില്‍ മരിച്ചത്.

ENGLISH SUMMARY:

Ebola outbreak in Congo has led to a warning for the Congo national football team preparing for the World Cup. The United States has warned that the team will not be allowed to compete in the World Cup if they do not undergo a 21-day quarantine