യുഎസ് സേനയിലെ മുഴുവൻ സൈനികർക്കും വാർഷിക ടെസ്റ്റോസ്റ്റിറോൺ (Testosterone) പരിശോധന നിർബന്ധമാക്കി യുഎസ് പ്രതിരോധ വകുപ്പ്. 30 വയസ്സും അതിനുമുകളിലും പ്രായമുള്ള സൈനികർക്കാണ് പരിശോധന നിർബന്ധമാക്കിയത്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് ആണ് വിവാദപരമായ പുതിയ നയം പ്രഖ്യാപിച്ചത്. സൈനികരുടെ കാര്യക്ഷമത കാത്തുസൂക്ഷിക്കാന്‍ ശരീരത്തിൽ ആരോഗ്യകരമായ ടെസ്റ്റോസ്റ്റിറോൺ അളവ് നിലനിർത്തേണ്ടത് ആവശ്യമാണെന്നാണ് പീറ്റ് ഹെഗ്‌സെത് പറയുന്നത്. പ്രായവുമായി ബന്ധപ്പെട്ട് പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ കുറയുന്ന അവസ്ഥ പരിഹരിക്കുന്നതിനുള്ള ചികിത്സാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നീക്കം.

ഇതിന്‍റെ ഭാഗമായി സൈനികരുടെ വാർഷിക ഹെല്‍ത്ത് ചെക്കപ്പുകളില്‍ ഇനി മുതൽ ടെസ്റ്റോസ്റ്റിറോൺ പരിശോധനയും ഉൾപ്പെടുത്തും. പരിശോധനയിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കുറവാണെന്ന് കണ്ടെത്തുന്നവർക്ക് കൂടുതൽ ക്ലിനിക്കൽ പരിശോധനകൾക്ക് വിധേയരാകാം. മാത്രമല്ല, ആവശ്യമെങ്കിൽ 'ടെസ്റ്റോസ്റ്റിറോൺ റീപ്ലേസ്‌മെന്റ് തെറാപ്പി' (TRT) സ്വീകരിക്കണോ വേണ്ടയോ എന്ന് സൈനികർക്ക് സ്വയം തീരുമാനിക്കാവുന്നതാണ്. അതേസമയം, 30 വയസ്സിന് താഴെയുള്ള സൈനികർക്ക് ആവശ്യമെങ്കിൽ സ്വമേധയാ ഈ പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്യാം.

വിവാദം

പെന്റഗണിന്റെ പുതിയ തീരുമാനം വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. ട്രാൻസ്‌ജെൻഡർ സൈനികരുടെ ഹോർമോൺ തെറാപ്പിയുമായി ബന്ധപ്പെട്ട സൈനിക നയങ്ങൾ നിലനിൽക്കെ, ഒരു വിഭാഗം സൈനികർക്ക് മാത്രം ടെസ്റ്റോസ്റ്റിറോൺ തെറാപ്പി നൽകാനുള്ള നീക്കം എങ്ങനെ നീതീകരിക്കാനാകുമെന്ന് ഡെമോക്രാറ്റുകള്‍ ചോദിക്കുന്നത്. എന്നാൽ, സൈന്യത്തിന്റെ ആരോഗ്യവും കാര്യക്ഷമതയും വർദ്ധിപ്പിക്കുക മാത്രമാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യമെന്നാണ് പ്രതിരോധ വകുപ്പിന്റെ വിശദീകരണം. 

സാധാരണയായി ലക്ഷണങ്ങളില്ലാത്തവരിൽ പോലും ഏതെങ്കിലും ഒരു രോഗസാധ്യത മുൻകൂട്ടി കണ്ടെത്താനാണ് 'സ്‌ക്രീനിങ്' നടത്തുന്നത്. എന്നാൽ ആരോഗ്യവാന്മാരായ പുരുഷന്മാരിൽ വ്യാപകമ ടെസ്റ്റോസ്റ്റിറോൺ സ്‌ക്രീനിങ് നടത്തുന്നത് മെഡിക്കൽ സംഘടനകളൊന്നും ശുപാർശ ചെയ്യുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരമൊരു നിർബന്ധിത പരിശോധന കൊണ്ടുവന്ന പെന്റഗണിന്റെ തീരുമാനം സാധാരണ മെഡിക്കൽ രീതികളിൽ നിന്നുള്ള വ്യതിചലനമാണ്. പരിശോധനയ്ക്കുള്ള പ്രായപരിധി എന്തുകൊണ്ടാണ് 30 വയസ്സായി നിശ്ചയിച്ചത് എന്നതിനും പ്രതിരോധ വകുപ്പ് വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. മാത്രമല്ല, ഈ പതിവ് പരിശോധനകൾ ദീർഘകാല ആരോഗ്യം മെച്ചപ്പെടുത്തും സൈനിക പ്രകടനം മെച്ചപ്പെടുത്തും എന്നതിനൊന്നും തെളിവുകളും പര്യാപ്തമല്ല.

ടെസ്റ്റോസ്റ്റിറോൺ

യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പ്രകാരം, പുരുഷന്മാരിലെ പ്രധാന ലൈംഗിക ഹോർമോണാണ് ടെസ്റ്റോസ്റ്റിറോൺ. സ്ത്രീകളിലും ചെറിയ അളവിൽ ഇത് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പ്രധാനമായും വൃഷണങ്ങളിലാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. കൗമാരപ്രായം, പേശികളുടെയും അസ്ഥികളുടെയും വളർച്ച, ചുവന്ന രക്താണുക്കളുടെ ഉത്പാദനം, പ്രത്യുത്പാദന ക്ഷമത, ലൈംഗിക ശേഷി, മാനസികാവസ്ഥ എന്നിവയിലെല്ലാം ഈ ഹോർമോൺ നിർണ്ണായക പങ്ക് വഹിക്കുന്നു. കൗമാരത്തിന്റെ അവസാനത്തിലും യൗവനത്തിന്റെ തുടക്കത്തിലുമാണ് ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ അളവ് ഏറ്റവും ഉയർന്നു നിൽക്കുന്നത്. പ്രായമാകുന്നതിനനുസരിച്ച് ഇത് ക്രമേണ കുറയുന്നു. ഈ കുറവ് വാർദ്ധക്യത്തിന്റെ സ്വാഭാവിക പ്രക്രിയയാണ്.

ടെസ്റ്റോസ്റ്റിറോൺ കുറവ്

ശരീരത്തിന്റെ സാധാരണ ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്താൻ ആവശ്യമായ ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്ന അവസ്ഥയെയാണ് ടെസ്റ്റോസ്റ്റിറോൺ ഡെഫിഷ്യൻസി അല്ലെങ്കിൽ 'മെയിൽ ഹൈപോഗൊനാഡിസം' (Male hypogonadism) എന്ന് പറയുന്നത്. വൃഷണങ്ങൾ, പിറ്റ്യൂട്ടറി ഗ്രന്ഥി അല്ലെങ്കിൽ ഹൈപ്പോതലാമസ് എന്നിവയെ ബാധിക്കുന്ന തകരാറുകൾ, ജനിതക കാരണങ്ങൾ, കാൻസർ ചികിത്സ, അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, സ്ലീപ് അപ്നിയ (Sleep apnoea) തുടങ്ങിയവ ഇതിന് കാരണമാകാം. ലൈംഗിക താല്പര്യക്കുറവ്, ഉദ്ധാരണക്കുറവ്, വന്ധ്യത, വിട്ടുമാറാത്ത ക്ഷീണം, പേശിബലക്കുറവ്, ശരീരഭാരം കൂടുക, വിഷാദം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ ഈ ലക്ഷണങ്ങൾ മറ്റ് ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ഉണ്ടാകാമെന്നതിനാൽ രോഗനിർണ്ണയത്തിന് കൃത്യമായ പരിശോധന ആവശ്യമാണ്.

ടെസ്റ്റോസ്റ്റിറോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (TRT)

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചതനുസരിച്ച്, ചില പ്രത്യേക രോഗാവസ്ഥകൾ കാരണം ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം തടസ്സപ്പെടുന്ന ഹൈപോഗൊനാഡിസം ബാധിച്ച പുരുഷന്മാർക്കാണ് ഈ ചികിത്സ നൽകുന്നത്. ഇൻജക്ഷനുകൾ, സ്കിൻ ജെല്ലുകൾ, പാച്ചുകൾ, ഗുളികകൾ അല്ലെങ്കിൽ ഇംപ്ലാന്റുകൾ എന്നിവയിലൂടെ ഇത് നൽകാം. കൃത്യമായ രോഗനിർണ്ണയത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രോഗികളിൽ ടിആർടി (TRT) ചികിത്സ ലൈംഗിക ശേഷി, പേശികളുടെ അളവ്, അസ്ഥികളുടെ സാന്ദ്രത, മാനസികാവസ്ഥ, ഊർജ്ജസ്വലത എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കും. 

എന്നാൽ ഇത് വന്ധ്യതയ്ക്കും കാരണമാകാം, ചുവന്ന രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാം, കൂടാതെ പ്രോസ്റ്റേറ്റ് ആരോഗ്യത്തെയും ബാധിക്കാം. അതുകൊണ്ടു തന്നെ കൃത്യമായ മെഡിക്കൽ നിരീക്ഷണം ആവശ്യമാണെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. അമിതവണ്ണവും പ്രമേഹവും നിയന്ത്രിക്കുന്നതിലൂടെ ഒരു പരിധി വരെ ഹോർമോൺ റീപ്ലേസ്‌മെന്റ് ചികിത്സയില്ലാതെ തന്നെ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാൻ സാധിക്കും.

ENGLISH SUMMARY:

1. 4-Sentence English Summary The US Department of Defense, under Defense Secretary Pete Hegseth, has introduced a controversial policy mandating annual testosterone screenings for all military personnel aged 30 and older. Aimed at maintaining troop efficiency and combat readiness, the policy allows soldiers detected with low levels to optionally undergo Testosterone Replacement Therapy (TRT). However, the move has triggered significant backlash from Democrats, who question the exemption of transgender personnel under existing hormone policies, and medical experts who note that mass screenings for asymptomatic individuals contradict standard clinical practices. While TRT can improve muscle mass and energy, experts warn it carries health risks like infertility, emphasizing that lifestyle changes can often address hormonal declines naturally.