ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പല്‍ യുഎസ് സൈന്യം ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. വന്‍ സ്ഫോടനത്തെ തുടര്‍ന്ന് കപ്പലിന് തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ യുഎഇ നാവികസേന രക്ഷിച്ചു. ഇവരെല്ലാവരും ഇന്ത്യക്കാരാണെന്നാണ് സൂചന. കോസ്റ്റ് ഗാർഡിന് ലഭിച്ച അപകടസന്ദേശത്തെത്തുടർന്ന് ഉടൻ ഇടപെട്ട വിദഗ്ധ സംഘമാണ് ഇവരെ സുരക്ഷിതമായി കണ്ടെത്തിയത്. രക്ഷപ്പെടുത്തിയവർക്കെല്ലാം നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും യുഎഇ അധികൃതർ വ്യക്തമാക്കി.
അതേസമയം, നിര്‍ദേശം മറികടന്ന് നീങ്ങിയ ടാങ്കര്‍ മൈനില്‍ ഇടിച്ചാണ് തീ പിടിച്ചതെന്നാണ് ഇറാന്‍റെ പ്രതികരണം. എന്നാല്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ മറികടന്ന് മുന്നോട്ട് നീങ്ങിയ ഓഷന്‍ മൊലിസ എന്ന കപ്പലിനെ യുദ്ധവിമാനം ആക്രമിച്ചുവെന്ന് യുഎസ് സെന്‍റ്കോം എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. ഒമാന്‍ കടലിടുക്കില്‍ വച്ചാണ് പനാമ കൊടിയുള്ള കപ്പല്‍ ആക്രമിച്ചതെന്നും നിയന്ത്രിത ആക്രമണമാണ് നടത്തിയതെന്നും യുഎസ് സൈന്യം അവകാശപ്പെട്ടു. കപ്പലിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സെന്‍റ്കോം വ്യക്തമാക്കി. കപ്പല്‍ ആക്രമിച്ചതിന്‍റെ വിഡിയോയും സെന്‍റ്കോം പുറത്തുവിട്ടിട്ടുണ്ട്.
ഇറാന്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ ഉപരോധം മറികടന്ന് മുന്നോട്ട് നീങ്ങിയതിനാലാണ് ആക്രമിച്ചതെന്നും യുഎസ് സൈന്യം വിശദീകരിക്കുന്നു. ജൂലൈ 14 മുതലാണ് ഇറാന്‍ തീരത്ത് നിന്ന് പുറപ്പെടുന്ന കപ്പലുകള്‍ക്ക് മേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധം ലംഘിച്ച് മുന്നോട്ട് നീങ്ങിയ നാല് കപ്പലുകള്‍ ഇതുവരെ തകര്‍ത്തുവെന്നും 135 കപ്പലുകള്‍ മൂന്ന് മാസത്തിനിടെ മടക്കി വിട്ടുവെന്നും സെന്‍റ്കോം അവകാശപ്പെട്ടു. ഇതിന് പുറമെ ഐആര്‍ജിസിയുടെ 10 ടാങ്കറുകളും തങ്ങള്‍ തകര്‍ത്തുവെന്നും ട്വീറ്റില്‍ പറയുന്നു. സെന്‍റ്കോമിന്‍റെ മുന്നറിയിപ്പുകള്‍ ചരക്കുകപ്പലുകള്‍ പാലിക്കണമെന്നും നിയന്ത്രണം മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിക്കരുതെന്നും അത് ജീവന് ആപത്താണെന്നും യുഎസ് മുന്നിറിയിപ്പ് നല്‍കി.