• 'ക്ഷേമപെന്‍ഷന്‍ നിര്‍ത്തലാക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് എന്‍റെ ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രം വച്ച് വ്യാജ കാര്‍ഡിറക്കി, വി.ഡി.സതീശന്‍ മാവേലി തമ്പുരാനാണ് എന്ന് കാര്‍ഡിറക്കി.., ചാണ്ടി ഉമ്മന്‍ പറഞ്ഞു, അപ്പയെ കണ്ണീര്‍ കുടിപ്പിച്ചവരില്‍ ഒന്നാമനാണ് സതീശന്‍'! മാധ്യമങ്ങളുടെ പേരിലാണ് വ്യാജകാര്‍ഡുകള്‍ ഇറക്കുന്നത്

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ കാര്‍ഡുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍. സമൂഹമാധ്യമങ്ങളിലൂടെ ആര്‍ക്കെതിരെയും ആക്രമണം പാടില്ലെന്നും ഫേക്ക് കാര്‍ഡുകള്‍ വ്യാപകമായി പ്രചരിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു കേന്ദ്രത്തില്‍ നിന്നാണ് ഇതെല്ലാം ഇറങ്ങുന്നത്. പ്രധാനപ്പെട്ട വ്യക്തിയുടെ നേതൃത്വത്തിലാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. പേര് വെളിപ്പെടുത്തണമെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവശ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. താന്‍ ഒരുപാട് വേട്ടയാടപ്പെട്ടയാളാണെന്നും സതീശന്‍ പറഞ്ഞു. 'തിരഞ്ഞെടുപ്പ് കാലത്ത് ഒരു വാര്‍ത്തയുണ്ടായിരുന്നു, ഒരാള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചുവെന്ന്. വലിയൊരു നേതാവ് രാജിവച്ച പോലെയാണ് പ്രാധാന്യം നല്‍കിയത്. അപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ഇല്ലല്ലോ'- മുഖ്യമന്ത്രി വിശദീകരിച്ചു. 

'ആദ്യമൊക്കെ എനിക്ക് വലിയ വിഷമമായിരുന്നു ഇതൊക്കെ കാണുമ്പോള്‍. രാവിലെ ഇതുതന്നെ ആണല്ലോ എന്ന്. ഇപ്പോള്‍ ഞാനത് ആസ്വദിക്കുകയാണ്. കാരണം, എന്‍റെ ക്രഡിബിളിറ്റി അല്ലല്ലോ പോയത്. ഇങ്ങനെ തെറ്റായ വാര്‍ത്ത കൊടുക്കുന്നവരുടെ ക്രഡിബിലിറ്റിയാണ് പോകുന്നത്. ഇന്നലെയുമുണ്ടായിരുന്നു. വൈകുന്നേരമാകുമ്പോള്‍ മാറ്റിയാല്‍ മതിയല്ലോ എന്ന രീതിയാണ്. സോഷ്യല്‍ മീഡിയയില്‍ ഓരോരുത്തന്‍മാരിടുന്നതിന്‍റെ മറുപടി ഞാനാണോ പറയേണ്ടത്?'- മുഖ്യമന്ത്രി തുറന്നടിച്ചു. 

'ക്ഷേമപെന്‍ഷന്‍ നിര്‍ത്തലാക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് എന്‍റെ ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രം വച്ച് വ്യാജ കാര്‍ഡിറക്കി, വി.ഡി.സതീശന്‍ മാവേലി തമ്പുരാനാണ് എന്ന് കാര്‍ഡിറക്കി.., ചാണ്ടി ഉമ്മന്‍ പറഞ്ഞു, അപ്പയെ കണ്ണീര്‍ കുടിപ്പിച്ചവരില്‍ ഒന്നാമനാണ് സതീശന്‍'! മാധ്യമങ്ങളുടെ പേരിലാണ് വ്യാജകാര്‍ഡുകള്‍ ഇറക്കുന്നത്. വ്യാജ കാര്‍ഡുകള്‍ (ലോഗോ ദുരുപയോഗം ചെയ്ത്) ഇറക്കുന്നവര്‍ക്കെതിരെ മാധ്യമങ്ങള്‍ നിയമനടപടി സ്വീകരിക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.