Image Credit: FirstPost

TAGS

ഭൂമി ഇന്നും അനേകം നിഗൂഢതകൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു ഗ്രഹമാണ്. ശാസ്ത്രത്തിന് ഇതുവരെ അജ്ഞാതമായിരുന്ന ജീവിവർഗങ്ങൾ ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തപ്പെടുന്നുണ്ട്. അത്തരത്തിലൊരു അപൂർവ കണ്ടെത്തലാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ നിന്നുള്ളത്. ഓറഞ്ച് നിറമുള്ള ചുണ്ടുകൾ, കറുത്ത ശരീരം, സഹജീവികളില്‍ നിന്ന്  തികച്ചും വ്യത്യസ്തമായ ശബ്ദം . ശാസ്ത്രലോകം കണ്ടെത്തിയത് പുതിയൊരു കുരുങ്ങ് വര്‍ഗത്തെയാണ്.  

ഈ പുതിയ ഇനത്തിന് കൊളോബസ് കോംഗൻസിസ് (Colobus congensis) എന്നാണ്   പേര് നൽകിയിരിക്കുന്നത്. എന്നാൽ പ്രദേശത്തെ ഗോത്രവർഗക്കാർക്ക് ഈ ജീവിയെ വർഷങ്ങളായി പരിചിതമായിരുന്നു. അവർ ഇതിനെ 'ഈക്‌വേലി' എന്നാണ് വിളിച്ചിരുന്നത്. മൂന്നടിയിലധികം ഉയരമുള്ള ഈ കുരങ്ങ് സമീപകാലത്ത് കണ്ടെത്തിയ ഏറ്റവും വലിയ പുതിയ സസ്തനികളിലൊന്നാണെന്നാണ് വിലയിരുത്തൽ. ഇത്രയും വലിപ്പമുള്ള ഒരു ജീവി ഇത്രയും കാലം ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിൽപ്പെടാതെ പോയത് ജീവശാസ്ത്രജ്ഞരെയും അത്ഭുതപ്പെടുത്തുകയാണ്.

2008-ലാണ് ഈ കുരങ്ങിന്റെ ആദ്യ ചിത്രം ലഭിക്കുന്നത്. എന്നാൽ ചിത്രം വ്യക്തമായിരുന്നില്ലാത്തതിനാൽ ഇത് പുതിയ ഇനമാണെന്ന് തിരിച്ചറിയാനായില്ല. പിന്നീട് 2018-ൽ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ ലഭിച്ചതോടെയാണ് ശാസ്ത്രജ്ഞർ വിശദമായ പഠനം ആരംഭിച്ചത്. പ്രദേശത്തെ അൻപതിലധികം ഗോത്രവിഭാഗങ്ങൾക്ക് ചിത്രം കാണിച്ചെങ്കിലും എട്ട് ഗോത്രങ്ങൾക്കു മാത്രമാണ് ഈ കുരങ്ങനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നത്. ഇവർ ഈ കുരങ്ങനെ സ്ഥിരമായി വേട്ടയാടാറുണ്ടെന്നും ഗവേഷകരോട് വെളിപ്പെടുത്തി.

2018 മുതൽ 2022 വരെ ശാസ്ത്രജ്ഞർക്ക് ഈ കുരങ്ങനെ 114 തവണ നിരീക്ഷിക്കാൻ സാധിച്ചു. ഒടുവിൽ ഗോത്രവർഗക്കാർ വേട്ടയാടി നൽകിയ കുരങ്ങിന്റെ മാംസസാമ്പിളുകളിൽ നടത്തിയ ജനിതക പരിശോധനയിലാണ് ഇത് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത പുതിയ കുരങ്ങ് വർഗമാണെന്ന് സ്ഥിരീകരിച്ചത്.

ഗവേഷണത്തിൽ മറ്റൊരു കൗതുകകരമായ കണ്ടെത്തലും പുറത്തുവന്നു. പുതിയ ഇനത്തിന്റെ ഏറ്റവും അടുത്ത ബന്ധു ഏകദേശം 1,200 കിലോമീറ്റർ അകലെ കാമറൂണിൽ കാണപ്പെടുന്ന ബ്ലാക്ക് കൊളോബസ് കുരങ്ങുകളാണെന്നാണ് കണ്ടെത്തിയത്. എന്നാൽ ഈ രണ്ട് ഇനങ്ങളും തമ്മിലുള്ള പരിണാമ വേർപാട് ഏകദേശം 5.5 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് സംഭവിച്ചതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

ഈ കുരങ്ങിന്റെ ശബ്ദവും ഏറെ വ്യത്യസ്തമാണ്. ചിലപ്പോൾ സിംഹത്തിന്റെ അലറലിനോട് സാമ്യമുള്ള ശബ്ദവും മറ്റുചില സന്ദർഭങ്ങളിൽ മനുഷ്യന്റെ കൂർക്കംവലിയെ ഓർമിപ്പിക്കുന്ന ശബ്ദവും ഇത് പുറപ്പെടുവിക്കുന്നതായാണ് ഗവേഷകർ പറയുന്നത്. ഈ അപൂർവ ശബ്ദസവിശേഷതയും പുതിയ ഇനത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.

ENGLISH SUMMARY:

A new monkey species, scientifically named Colobus congensis, has been discovered in the Democratic Republic of Congo, a finding that has surprised scientists due to the mammal's size and prolonged obscurity. This discovery highlights the planet's ongoing mysteries and the potential for uncovering previously unknown life forms in remote regions.