Italy's midfielder #05 Manuel Locatelli (L) reacts as French referee Clement Turpin (R) gives a red card to Italy's defender #21 Alessandro Bastoni (Bottom) during the FIFA World Cup 2026 European qualification final football match between Bosnia-Herzegovina and Italy at the Bilino-Polje stadium in Zenica on March 31, 2026. (Photo by ELVIS BARUKCIC / AFP)

ഫിഫ ലോകകപ്പ് കിക്കോഫിന് നാളുകളെണ്ണി ഇരിക്കുകയാണ് ഫുട്ബോള്‍ ആരാധകര്‍. 48 ടീമുകളെ ഉള്‍പ്പെടുത്തി വിപ്ലവം സൃഷ്ടിച്ചതിന് പിന്നാലെ കളിക്കാര്‍ക്കുള്ള നിയമങ്ങളും പരിഷ്കരിക്കുകയാണ് ഫിഫ. ചുവപ്പ് കാര്‍ഡില്‍ രണ്ട് പുതിയ നിയമങ്ങളാണ് ഫിഫ കൊണ്ടുവരുന്നത്. എതിരാളിയുമായി സംസാരിക്കുമ്പോള്‍ വസ്ത്രം കൊണ്ടോ കൈ കൊണ്ടോ വായ മറച്ച് പിടിച്ച് സംസാരിച്ചാല്‍ ചുവപ്പ് കാര്‍ഡ് കിട്ടും. വംശീയ അധിക്ഷേപത്തിനും അശ്ലീലം പറയുന്നതിനും കളിക്കാര്‍ ഈ മാര്‍ഗം സ്വീകരിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതോടെയാണ് പുതിയ നീക്കം. 

റയല്‍ മാഡ്രിഡ് താരം വിനീസ്യൂസിനെ പോര്‍ച്ചുഗീസ് ക്ലബായ ബെന്‍ഫിക്കയുടെ താരം ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി ഫെബ്രുവരിയില്‍ ഇത്തരത്തില്‍ അധിക്ഷേപിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ജഴ്സി കൊണ്ട് വായ മൂടിയ ശേഷമായിരുന്നു വിനീസ്യൂസിനെതിരെ പ്രെസ്റ്റിയാനി അധിക്ഷേപ പരാമര്‍ശം നടത്തിയത്. വിനീസ്യൂസ് ഉടന്‍ തന്നെ റഫറിക്ക ടുത്തേക്ക് ഓടിയെത്തി പരാതിപ്പെടുകയും മല്‍സരം പത്ത് മിനിറ്റോളം നിര്‍ത്തി വയ്ക്കുകയും ചെയ്തു. പ്രെസ്റ്റിയാനി ഇക്കാര്യം ആദ്യം നിഷേധിച്ചെങ്കിലും താന്‍ ആന്‍റി–ഗേ പരാമര്‍ശം നടത്തിയെന്ന് സമ്മതിച്ചു.  തുടര്‍ന്ന് ആറ് മല്‍സരങ്ങളില്‍ നിന്ന് അര്‍ജന്‍റീനക്കാരനായ പ്രെസ്റ്റിയാനിയെ യുവേഫ വിലക്കുകയും ചെയ്തിരുന്നു. ഈ സംഭവം കണക്കിലെടുത്താണ് ഫിഫയുടെ തീരുമാനം.  

റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കളിക്കാര്‍ പിച്ച് വിട്ടാലും ഇനി റെഡ് കാര്‍ഡ് ലഭിക്കും. കളി തടസപ്പെടുത്തുന്ന രീതിയില്‍ ടീം പെരുമാറിയാല്‍ അതിന്‍റെ പരിണിത ഫലങ്ങളും അനുഭവിക്കേണ്ടി വരുമെന്നും ഫിഫ വ്യക്തമാക്കി. ജനുവരിയില്‍ നിന്ന 2025ലെ ആഫ്രിക്കന്‍ നേഷന്‍സ് ഫൈനല്‍ മല്‍സരത്തിനിടെയുണ്ടായ സംഭവമാണ് ഈ നിയമത്തിലേക്ക് നയിച്ചത്. സെനഗലും മൊറോക്കോയുമായിരുന്നു ഫൈനലില്‍. കളിക്കിടെ മൊറോക്കോയ്ക്ക് പെനല്‍റ്റി അനുവദിച്ചതില്‍ പ്രതിഷേധിച്ച് സെനഗല്‍ താരങ്ങള്‍ കളം വിട്ടു. 17 മിനിറ്റോളം കളി തടസപ്പെട്ടു. പിന്നീടാണ് കളി പുനരാരംഭിച്ചത്. കളിക്കിടെ ഗ്രൗണ്ട് വിട്ട സെനഗലിന്‍റെ നടപടി ചട്ടലംഘനമാണെന്ന് വിലയിരുത്തിയ കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്ബോള്‍ 3–0 ത്തിന് മൊറോക്കോ ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. 

ലോകകപ്പില്‍ നടപ്പിലാക്കുമെങ്കിലും പുതിയ രണ്ട് ചുവപ്പ് കാര്‍ഡ് നിയമങ്ങളും സ്ഥിരമാക്കുമോയെന്നതില്‍ തീരുമാനമായിട്ടില്ല. ലോകകപ്പില്‍ നിയമം നടപ്പിലാക്കാന്‍ ഇന്‍റര്‍നാഷനല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.

ജൂലൈയില്‍ ആരംഭിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് യുഎസും കാനഡയും മെക്സിക്കോയുമാണ് ഇക്കുറി ആതിഥ്യമരുളുന്നത്. ആകെയുള്ള 104 മല്‍സരങ്ങളില്‍ 78 ഉം യുഎസില്‍ വച്ചാണ് നടക്കുക. 13 മല്‍സരങ്ങള്‍ വീതം കാനഡയിലും മെക്സിക്കോയിലും വച്ച് നടക്കും. 

ENGLISH SUMMARY:

FIFA introduces strict red card rules for the 2026 World Cup. Players covering their mouths during confrontations to hide abuse or walking off the pitch in protest against referee decisions will now face immediate expulsion. These rules follow high-profile controversies involving Vinícius Jr. and the 2025 AFCON final.