ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ബ്രൈറ്റന്‍ – ലിവര്‍പൂള്‍ മല്‍സരവേദിയായ അമേക്സ് സ്റ്റേഡിയത്തിന് സമീപം വാഹനാപകടമുണ്ടായതോടെ ആരാധകര്‍ ഗതാഗത കുരുക്കില്‍പെട്ടു. ആരാധകര്‍ എത്താന്‍ കാത്തിരുന്നതോടെ മല്‍സരം പതിനഞ്ച് മിനിറ്റ് വൈകിയാണ് ആരംഭിച്ചത്. യുകെ സമയം 12:30-ന് ആരംഭിക്കേണ്ടിയിരുന്ന മല്‍സരം, എ 27 റോഡിലെ അപകടം കാരണം തുടങ്ങിയത് 12.45ന്
മല്‍സരം തുടങ്ങാൻ വൈകിയെങ്കിലും വേഗത്തിൽ താളം കണ്ടെത്തിയ ആതിഥേയരായ ബ്രൈറ്റൻ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം സ്വന്തമാക്കി. ഇരട്ട ഗോളുകൾ നേടിയ ഡാനി വെൽബെക്കാണ് ബ്രൈറ്റന് നിർണായക ജയം സമ്മാനിച്ചത്. 14ാം മിനിറ്റില്‍ വെല്‍ബെക്കിന്റെ ഗോളില്‍ ബ്രൈറ്റന്‍ ലീഡെടുത്തു. 30ാം മിനിറ്റില്‍ മിലോസ് കെർക്കെസിലൂടെ ലിവർപൂൾ സമനില പിടിച്ചു. എന്നാൽ, രണ്ടാം പകുതിയിൽ വെൽബെക്ക് നേടിയ ഗോൾ ബ്രൈറ്റന്റെ വിജയമുറപ്പിക്കുകയായിരുന്നു. ജയത്തോടെ യൂറോപ്യൻ മത്സരങ്ങൾക്കുള്ള യോഗ്യതാ സാധ്യത ബ്രൈറ്റൻ ശക്തമാക്കി. നാലുസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബ്രൈറ്റന്‍ 43 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
തോല്‍വിയോടെ, അടുത്ത സീസണിലെ ചാംപ്യൻസ് ലീഗിന് യോഗ്യത നേടാമെന്ന ലിവർപൂളിന്റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയേറ്റു. 49 പോയിന്റുമായി ലിവർപൂൾ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. സീസണിലെ പത്താമത്തെ തോൽവിയാണ് ചാംപ്യൻമാർ വഴങ്ങിയത്.