സൗദി അറേബ്യന്‍ അല്‍ നസ്സര്‍ ക്ലബ്ബിനെതിരെ ഭീഷണിയുമായി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്‍റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സൗദി ക്ലബ് വിടുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ലീഗിന്‍റെ ഫണ്ടിങ്ങിലും എതിരാളി ടീമായ അല്‍–ഹിലാല്‍ കരീം ബെന്‍സേമയുമായുണ്ടാക്കിയ കരാറുകളിലും താരത്തിന് അസംതൃപ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അല്‍ നസ്സറിലെത്തിയ ശേഷം റൊണാള്‍ഡോ ഇതുവരെ സുപ്രധാന കിരീടങ്ങളൊന്നും സ്വന്തമാക്കിയിട്ടില്ലെന്നത് ക്ലബ്ബിലും അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. 2027വരെയാണ്  നിലവിലെ കരാറെങ്കിലും റൊണാള്‍ഡോ അത്  പൂര്‍ത്തിയാക്കുമോയെന്ന കാര്യത്തില്‍ ക്ലബ്ബിന് സംശയമുണ്ടെന്നാണ് സൂചന.

പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മറ്റു ചില ക്ലബ്ബുകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിലും താരം അസംതൃപ്തനാണ്. ഈ അസംതൃപ്തിയുടെ പേരില്‍ സമീപകാലത്ത് ക്ലബ്ബിന്റെ രണ്ടു മത്സരങ്ങള്‍ താരം ഉപേക്ഷിച്ചിരുന്നു. റൊണാൾഡോ ഇല്ലാതിരുന്നിട്ടും അൽ-നസ്സർ കഴിഞ്ഞ വെള്ളിയാഴ്ച നിലവിലെ ചാമ്പ്യന്‍മാരായ അൽ-ഇത്തിഹാദിനെ 2-0 ന് പരാജയപ്പെടുത്തിയിരുന്നു. അടുത്തതായി തുർക്ക്മെനിസ്ഥാനിലെ അർകടാഗിനെതിരെ ഏഷ്യൻ ചാംപ്യൻസ് ലീഗ് ടൂവിന്റെ ക്വാർട്ടർ ഫൈനൽ പ്രവേശനത്തിനായാണ് അല്‍ നസ്സര്‍ കളിക്കുക. ഈ മത്സരത്തിലും റൊണാൾഡോ പങ്കെടുക്കുമോയെന്നതില്‍ വ്യക്തതയില്ലെന്നാണ് ടോക്ക് സ്പോര്‍ട്ട് റിപ്പോര്‍ട്ട് പറയുന്നത്.

അൽ-നസ്സർ, അൽ-ഹിലാൽ, അൽ-ഇത്തിഹാദ്, അൽ-അഹ്‌ലി എന്നീ ക്ലബ്ബുകള്‍ക്കെല്ലാം പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (PIF) ആണ് ഭൂരിപക്ഷ ഓഹരിയുടമകൾ. താരത്തിന്റെ നിലപാടില്‍ സൗദി പ്രോ ലീഗും ആശങ്കയിലാണെന്നാണ് വിവരം. ലളിതമായ നിയമത്തിലാണ് സൗദി പ്രോ ലീഗ് പ്രവര്‍ത്തിക്കുന്നതെന്നും റൊണാള്‍ഡോ എത്തിയതുമുതല്‍ ക്ലബ്ബിനായി പൂര്‍ണപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഒരു താരവും ക്ലബ്ബിന്റെ നിയമങ്ങള്‍ക്ക് അതീതരല്ലെന്ന് സൗദി പ്രോ ലീഗ് പ്രതികരിച്ചു. 

അല്‍ ഹിലാലിലെത്തിയ ശേഷമുള്ള അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഫ്രഞ്ച് സൂപ്പര്‍ താരമായ കരിം ബെന്‍സേമ നടത്തിയത്. ഫെബ്രുവരി അഞ്ചിന് അല്‍ അഖ്ദൂദിന് എതിരെയുള്ള മത്സരത്തിലായിരുന്നു താരം അല്‍ ഹിലാലിനായി ആദ്യമായി ബൂട്ടണിഞ്ഞത്. 2023ല്‍ സൗദി പ്രോ ലീഗിലെത്തിയ താരം  ആദ്യം അല്‍ ഇത്തിഹാദിനു വേണ്ടിയാണ് ബൂട്ട് കെട്ടിയത്. 

ENGLISH SUMMARY:

Cristiano Ronaldo has issued a threat to Saudi Arabian club Al Nassr, stating he will leave if his demands are not met. He is reportedly dissatisfied with the league's funding and the contract deals made by rival team Al-Hilal for Karim Benzema, and the club is also concerned about his lack of major titles since joining.