ഫുട്ബോളില്‍ വീണ്ടും വിസ്മയമൊരുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. സൗദി പ്രോ ലീഗില്‍ റൊണാള്‍ഡോയുടെ ഓവര്‍ ഹെഡ് ഗോളും യുഎസിലെ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് കപ്പിലെ മെസിയുടെ ഹെഡര്‍ ഗോളും ആരാധകരെ ആവേശത്തിലാഴ്ത്തി. അല്‍നസര്‍ 4–1ന് അല്‍ ഖലീജിനെയും മയാമി എതിരില്ലാത്ത നാലുഗോളുകള്‍ക്ക് സിന്‍സിനാറ്റിയെയും തോല്‍പിച്ചു.
ആരാധകരെ ആഹ്ലാദിപ്പിന്‍...ഫുട്ബോള്‍ ലോകത്തെ എക്കാലത്തെയും മികച്ച രണ്ട് ഇതിഹാസ താരങ്ങളായ റൊണാള്‍ഡോയും മെസിയും കഴിഞ്ഞരാവില്‍ ആരാധകരെ ആനന്ദത്തിന്റെ കൊടുമുടി കയറ്റി. നാല്‍പതാം വയസിലും ഓവര്‍ ഹെഡ് ഗോളിലൂടെ റൊണാള്‍ഡോ അതിശയിപ്പിച്ചപ്പോള്‍ ഹെഡര്‍ഗോളിലിലൂടെ മെസി മനംനിറച്ചു.
റൊണാള്‍ഡോയുടെ 954ാം കരിയര്‍ ഗോളായിരുന്നു ഇത്. ഇഞ്ചുറി ടൈമിലായിരുന്നു ഗോള്‍. ജാവോ ഫെലിക്സും മാനെയും ബസ്ലിയുമാണ് മറ്റ് സ്കോറര്‍മാര്‍. അല്‍ ഖലീജിനെ തോല്‍പിച്ച അല്‍നസര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് കപ്പ് സെമിയില്‍ ഇന്റര്‍ മയാമിക്കായി ഗോള്‍വേട്ട തുടങ്ങിയത് മെസിയാണ്. ഗോളിന് പിന്നാലെ മൂന്ന് ഗോളുകള്‍ക്ക് മെസി വഴിയൊരുക്കി. മയാമിക്കായി അലന്‍ഡെ രണ്ട് ഗോള്‍ സ്കോര്‍ ചെയ്തു. സിന്‍സിനാറ്റിയെ തോല്‍പിച്ച മയാമി ഇതാദ്യമായി ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് കപ്പിന്റെ ഫൈനലിലുമെത്തി.