camp-nou-stadium-messi

പുതുക്കിപ്പണിത ക്യാംപ് നൗ സ്റ്റേഡിയത്തിന് ലയണല്‍ മെസിയുടെ പേരുനല്‍കാന്‍ ആലോചന. ക്യാംപ് നൗ ലയണല്‍ മെസി എന്ന് പുനര്‍നാമകരണം ചെയ്യാനാണ് ആലോചന. മെസിയും ക്ലബ്ബുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ പേരിടാനുള്ള നീക്കം. വോട്ടെടുപ്പിലൂടെയാകും പേരിടുന്നതില്‍ അന്തിമ തീരുമാനം എടുക്കുക. പുതുക്കിപ്പണിത സ്റ്റേഡിയത്തിന് പുറത്ത് ലയണൽ മെസ്സിയുടെ പ്രതിമ സ്ഥാപിക്കാൻ ക്ലബ്ബിന് പദ്ധതിയുണ്ടെന്ന് ബാർസിലോന പ്രസിഡന്റ് ജോൻ ലപോർട്ട വ്യക്തമാക്കിയിരുന്നു. ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ മെസ്സി കഴിഞ്ഞദിവസം സ്റ്റേഡിയം സന്ദർശിച്ചതിന് പിന്നാലെയാണ് ലപോർട്ടയുടെ പ്രഖ്യാപനം.

  "മെസ്സിക്ക് ബാർസയുമായി എക്കാലവും ബന്ധമുണ്ടാകും. ക്ലബ്ബിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് മെസ്സിക്കറിയാം. ഞങ്ങൾക്ക് അദ്ദേഹത്തോട് പൂർണ ബഹുമാനമുണ്ട്. ഏറ്റവും മികച്ച ആദരം അദ്ദേഹം അർഹിക്കുന്നു, എല്ലാ ബാർസ ആരാധകരും ഇത് ആഗ്രഹിക്കും,"  എന്നും ലപോർട്ട പറഞ്ഞു. 2021-ൽ ക്ലബ് വിട്ടശേഷം കഴിഞ്ഞ ഞായറാഴ്ച ആദ്യമായി നവീകരിച്ച സ്റ്റേഡിയം കാണാനെത്തി. 'കളിക്കാരനെന്ന നിലയിൽ എന്റെ ആത്മാവ് കുടികൊള്ളുന്നിടം, ഒരുനാൾ തിരിച്ചുവരുമെന്ന്  പ്രതീക്ഷിക്കുന്നു; നവീകരിച്ച സ്റ്റേഡിയം സന്ദര്‍ശിച്ചശേഷം മെസികുറിച്ച വരികളാണിത്.

നവീകരണത്തിനായി ഏകദേശം 900 ദിവസം ക്യാംപ് നൗ സ്റ്റേഡിയം അടച്ചിട്ടിരുന്നു.  20,000-ൽ അധികം ആരാധകർ പങ്കെടുത്ത ഓപ്പൺ ട്രെയ്നിങ് സെഷനോടെയാണ് സ്റ്റേഡിയം തുറന്നത്.

കഴിഞ്ഞ മാസം കരാർ നീട്ടിയ MLS ക്ലബ്ബായ ഇന്റർ മയാമിയുമായുള്ള താരത്തിന്റെ നിലവിലെ സാഹചര്യം പരിഗണിച്ച്, മെസ്സി ബാർസയിലേക്ക് കളിക്കാരനായി മടങ്ങിവരുമെന്ന അഭ്യൂഹങ്ങൾ 'അപ്രായോഗികം' എന്ന് വിശേഷിപ്പിച്ച് ലപോർട്ട തള്ളിക്കളഞ്ഞിരുന്നു. 13-ാം വയസ്സിൽ ബാർസയുടെ അക്കാദമിയിൽ ചേർന്ന മെസ്സി, ക്ലബ്ബിനൊപ്പമുണ്ടായിരുന്ന 21 വർഷത്തിനിടെ 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകൾ നേടി. 10 ലാലിഗ കിരീടങ്ങൾ, 4 ചാംപ്യൻസ് ലീഗ് ട്രോഫികൾ, 3 ക്ലബ് ലോകകപ്പുകൾ എന്നിവ നേടാനും ടീമിനെ നയിച്ചു.

ENGLISH SUMMARY:

There are discussions about naming the renovated Camp Nou Stadium after Lionel Messi. The plan is to rename it “Camp Nou Lionel Messi.” This move aims to strengthen the bond between Messi and the club. The final decision on the renaming will be taken through a vote. Barcelona President Joan Laporta had earlier announced that the club is also planning to install a statue of Lionel Messi outside the renovated stadium. Laporta’s announcement came shortly after Messi visited the stadium recently.