ബാര്‍സിലോനയുടെ പുതുക്കിപ്പണിത ക്യാംപ് നൗ സ്റ്റേഡിയത്തിനു മുന്നിൽ ലയണൽ മെസ്സിയുടെ പ്രതിമ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് പ്രസിഡന്റ് ജോവാന്‍ ലപോർട്ട. സ്റ്റേഡിയം സന്ദർശിച്ച മെസ്സിയുടെ വികാരനിർഭരമായ നിമിഷങ്ങൾക്കു പിന്നാലെയാണ് ഇതിഹാസത്തെ ആദരിക്കാനുള്ള നീക്കം.
2021ൽ ബാര്‍സിലോന വിട്ടശേഷം ആദ്യമായി, ക്യംപ് നൗവിലേക്ക് മെസി തിരിച്ചെത്തിയിരുന്നു. ‘ഒരു കളിക്കാരനെന്ന നിലയിൽ വിട പറയാൻ മാത്രമല്ല, ഒരുനാൾ ഇവിടേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നു’ എന്ന് പിന്നീട് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചിത്രത്തിന് റെക്കോര്‍ഡ് ലൈക്കാണ് ഇന്‍സ്റ്റഗ്രാമില്‍ കിട്ടിയത്. ബാര്‍സിലോനയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ്, മെസിക്ക് സ്ഥിരം ആദരവ് നൽകാനുള്ള പദ്ധതികൾ ബോർഡ് ചർച്ച ചെയ്തതായി ലപോർട്ട വെളിപ്പെടുത്തിയത്.
മെസ്സിക്ക് എപ്പോഴും ബാർസയുമായി ബന്ധമുണ്ടാകും, ക്ലബ്ബിന്റെ വാതിലുകൾ അദ്ദേഹത്തിനായി തുറന്നുകിടക്കുകയാണെന്ന് മെസ്സിക്കറിയാം ഏറ്റവും മികച്ച ആദരവ് അദ്ദേഹം അർഹിക്കുന്നുവെന്നും ലപോർട്ട. യോഹാൻ ക്രൈഫിന്റെയും ലസ്‍ലോ കുബാലയുടെയും പ്രതിമകള്‍ ബാര്‍സ സ്റ്റേഡിയത്തിലുണ്ട്. ഏകദേശം 900 ദിവസം നീണ്ട നവീകരണത്തിനായി അടച്ചിട്ടിരുന്ന ക്യാംപ് നൗ സ്റ്റേഡിയം വെള്ളിയാഴ്ച തുറന്നിരുന്നു. പിന്നാലെയാണ് രാത്രി ആരുമറിയാതെ മെസി സ്റ്റേഡിയം സന്ദര്‍ശിച്ചതും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും.