ഫുട്ബോളില്‍ റഫറിയുടെ തീരുമാനം റിവ്യൂ ചെയ്യാന്‍ പരിശീലകന് അവസരം നല്‍കാന്‍ ഒരുങ്ങുകയാണ് ഫിഫ. വാര്‍ റിവ്യൂ സിസ്റ്റം പരീക്ഷണാടിസ്ഥാനത്തില്‍ അണ്ടര്‍ 20 ലോകകപ്പില്‍ നടപ്പാക്കി.
അംപയറുടെ തീരുമാനത്തെ ക്രിക്കറ്റ് താരങ്ങള്‍ ചോദ്യം ചെയ്യുന്നതുപോലെ ഫുട്ബോളിലും ഇനി റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാനാകും. താരങ്ങള്‍ക്കല്ല പരിശീലകര്‍ക്കാണ് റിവ്യൂ എടുക്കാന്‍ അവസരം. ഒരു മല്‍സരത്തില്‍ രണ്ടുവട്ടം തീരുമാനം പുനപരിശോധിക്കാം. ഇതിനായി പരിശീലകന് ഒരു ചലഞ്ച് കാര്‍ഡ് നല്‍കും. റഫറി മഞ്ഞക്കാര്‍ഡോ ചുവപ്പുകാര്‍ഡോ ഉയര്‍ത്തിക്കാണിക്കും പോലെ തീരുമാനം ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കിലും പരിശീലകന്‍ ഈ ചലഞ്ച് കാര്‍ഡ് ഉയര്‍ത്തിക്കാട്ടണം.
ക്രിക്കറ്റില്‍ തേഡ് അംപയര്‍ റീപ്ലേ നോക്കി തീരുമാനം എടുക്കും പോലെ ചലഞ്ച് കാര്‍ഡ് കണ്ടാല്‍ റഫറി വിഡിയോ പരിശോധിച്ച് അന്തിമതീരുമാനമെടുക്കും. ചിലെയില്‍ നടക്കുന്ന അണ്ടര്‍ 20 ലോകകപ്പിലാണ് വാര്‍ റിവ്യൂ ആദ്യമായി പരീക്ഷിച്ചത്. മൊറോക്കോ – ഫ്രാന്‍സ് സെമിഫൈനല്‍ മല്‍സരത്തില്‍ മൊറോക്കോ പരിശീലകന്‍ റിവ്യൂ ഉപയോഗിച്ചിരുന്നു.