അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായി സ്പാനിഷ് ഇതിഹാസം ചാവി ഹെര്‍ണാണ്ടസ് എത്താന്‍ സാധ്യത. മാനേജ്മെന്‍റുമായി ഇടഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് റൂബന്‍ അമോറിമിന് യുണൈറ്റഡിന്റെ പരിശീലകസ്ഥാനം നഷ്ടമായത്. 13 വര്‍ഷത്തിനിടെ യുണൈറ്റഡ് പുറത്താക്കുന്ന പത്താം പരിശീലകനാണ് അമോറിം. ഡാരന്‍ ഫ്ലക്ച്ചറിനായിരിക്കും ക്ലബിന്റെ താല്‍ക്കാലിക ചുമതല.
ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ വേണ്ടത്ര പിന്തുണ ലഭിക്കാത്തതിലുള്ള അതൃപ്തിയായിരുന്നു റൂബന്‍ അമോറിം ലീഡ്സിനെതിരായ മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പ്രകടനമാക്കിയത്. തനിക്ക് ‘കോച്ചല്ല, മാനേജരാകാനാണ് താൽപര്യ’മെന്നും മാനേജ്മെന്റ് ‘അവരുടെ ജോലി ചെയ്യണ’മെന്നും അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടു. മണിക്കൂറുകള്‍ക്കകം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പടിക്ക് പുറത്തായി പോര്‍ച്ചുഗീസുകരാന്‍ അമോറിം. അമോറിമിന്റെ നേതൃത്വത്തിൽ ടീമിന് തന്ത്രപരമായ വളർച്ചയോ പുരോഗതിയോ ഇല്ലെന്നാണ് മാനേജ്മെന്റ് വിലയിരുത്തല്‍.
അണ്ടർ 18 ടീമിന്റെ പരിശീലകനായ ഡാരൻ ഫ്ലെച്ചര്‍ താല്‍ക്കാലിക ചുമതലേറ്റു. ബുധനാഴ്ച ബേൺലിക്കെതിരായ എവേ മത്സരമായിരിക്കും ഫ്ലെച്ചറിന് കീഴിൽ ടീമിന്റെ ആദ്യത്തേത്. പരിശീലക സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുൻ ബാർസിലോന പരിശീലകൻ ചാവി അറിയിച്ചതായാണ് റിപ്പോർട്ട്. നേരത്തെ ചെൽസിയുടെ വാഗ്ദാനം അദ്ദേഹം നിരസിച്ചിരുന്നു. 2024-ൽ ബാര്‍സ വിട്ടശേഷം ചാവി മറ്റൊരു ക്ലബ്ബിലും പ്രവർത്തിച്ചിട്ടില്ല. ഫ്രീ ഏജന്‍റായതിനാൽ നഷ്ടപരിഹാര തുക നൽകാതെ തന്നെ യുണൈറ്റഡിന് ചാവിയെ ടീമിലെത്തിക്കാനാകും.