ഷാബി അലോന്‍സോയെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കി ലാലിഗ ക്ലബ് റയല്‍ മഡ്രിഡ്. സ്പാനിഷ് സൂപ്പർ കപ്പിൽ ചിരവൈരികളായ ബാർസിലോനയോട് 3-2ന് തോറ്റതിനു പിന്നാലെയാണ് ഷാബിയുടെ പടിയിറക്കം. പരസ്പര ധാരണയോടെയാണ് പിരിഞ്ഞതെന്ന് ലാലിഗ ക്ലബ് വ്യക്തമാക്കി. അക്കാദമി പരിശീലകനും മുന്‍ താരവുമായ അൽവാരോ അർബലോവയെ പുതിയ കോച്ചായി ക്ലബ് നിയമിച്ചു.
സീസണിൽ ജര്‍മന്‍ ക്ലബ് ബയർ ലെവർകൂസനെ തോൽവിയറിയാതെ ബുന്ദസ്‌ലിഗ കിരീടത്തിലേക്കു നയിച്ച ചരിത്രനേട്ടമാണ് അലോൻസോയെ വീണ്ടും റയലിലെത്തിച്ചത്. കഴിഞ്ഞ മേയിൽ മൂന്നു വർഷത്തെ കരാറിൽ റയലിലെത്തിയ മുൻ മധ്യനിര താരം കൂടിയായ അലോൻസോയുടെ സാന്തിയാഗോ ബെർണബ്യൂവിലെ ദൗത്യം പെട്ടെന്ന് അവസാനിക്കുകയായിരുന്നു. ഫെഡറികോ വാൽവെർദെ, വിനീസ്യൂസ് ജൂനിയർ തുടങ്ങിയ സീനിയർ താരങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ക്ലബ്ബിനകത്തെ അസ്വാരസ്യങ്ങളും അലോൻസോയുടെ പരിശീലനകാലത്തിന് തിരിച്ചടിയായി. ക്ലബ് ലോകകപ്പിൽ പിഎസ്ജിയോടും ലാലിഗയിൽ അത്‌ലറ്റിക്കോ മഡ്രിഡിനോടും ചാംപ്യൻസ് ലീഗിൽ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവരോടും ഏറ്റ നാണംകെട്ട തോൽവികളും അലോൻസോയുടെ പുറത്താക്കലിന് വഴിതെളിച്ചു. അതേ സമയം അലോൻസോ ക്ലബ് വിട്ടതിൽ അമ്പരപ്പും നിരാശയും പ്രകടിപ്പിച്ച് റയൽ മഡ്രിഡ് ആരാധകര്‍ രംഗത്തെത്തി.
തന്റെ ആശയങ്ങൾ നടപ്പിലാക്കാൻ അദ്ദേഹത്തിന് മതിയായ സമയം ലഭിച്ചില്ലെന്ന് ആരാധകര്‍ പറയുന്നു. പുതിയ പരിശീലകനായ അര്‍ബലോവ നന്നായി പ്രവര്‍ത്തിക്കുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു. റയലിനായി 238 മത്സരങ്ങൾ കളിക്കുകയും രണ്ട് ചാംപ്യൻസ് ലീഗ് കിരീടങ്ങൾ നേടുകയും ചെയ്ത അർബലോവയുടെ മുഖ്യ പരിശീലകനായുള്ള അരങ്ങേറ്റം നാളെ അൽബസെറ്റെയ്‌ക്കെതിരായ കോപ്പ ഡെൽ റേ മത്സരത്തിലായിരിക്കും.